ബംഗ്ലാദേശിന് വൈദ്യുതി കൊടുത്തു മുടിഞ്ഞു! കല്‍ക്കരിക്കും വൈദ്യുതിക്കും നികുതിയിളവ് തേടി അദാനി പവര്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍

പ്രത്യേക സാമ്പത്തിക മേഖലയിലാണ് പ്ലാന്റ് എന്നതിനാല്‍ കമ്പനിക്ക് ആഭ്യന്തര വിൽപ്പന നടത്താന്‍ തടസങ്ങള്‍

Update:2024-12-11 13:03 IST
ജാർഖണ്ഡില്‍ 2 ബില്യൺ ഡോളറിൻ്റെ പവർ പ്ലാൻ്റാണ് അദാനി പവര്‍ സ്ഥാപിച്ചിട്ടുളളത്. ബംഗ്ലാദേശിലേക്കാണ് ഇവിടെ നിന്ന് വൈദ്യുതി പ്രധാനമായും വിതരണം ചെയ്യുന്നത്. എന്നാല്‍ ഏകദേശം 6703 കോടി രൂപയുടെ കുടിശിക ബംഗ്ലാദേശ് നല്‍കാനുളളതായി കമ്പനി പറയുന്നു. ബംഗ്ലാദേശിലെ ഭരണമാറ്റത്തെ തുടര്‍ന്നാണ് ഭീമമായ കുടിശിക വരുന്ന സാഹചര്യം സംജാതമായത്.
കുടിശിക കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലാക്കുകയാണെന്ന് അദാനി പവര്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കമ്പനി. കേന്ദ്ര ഊർജ മന്ത്രാലയം ഓഗസ്റ്റിൽ കമ്പനിയെ ഇന്ത്യയില്‍ വൈദ്യുതി വിൽക്കാൻ അനുവദിച്ചിരുന്നു. അതേസമയം പ്രത്യേക സാമ്പത്തിക മേഖലയിലാണ് പ്ലാന്റ് ഉളളത് എന്നതിനാല്‍ കമ്പനിക്ക് ആഭ്യന്തര വിൽപ്പന നടത്താന്‍ തടസങ്ങളുണ്ട്.
ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഇറക്കുമതി ചെയ്തതായി കണക്കാക്കുന്നതും നികുതിക്ക് വിധേയമാണെന്നതും കമ്പനി നേരിടുന്ന പ്രതിസന്ധിയാണ്. ഇതില്‍ ഇളവ് വേണമെന്നാണ് കമ്പനി ഇപ്പോള്‍ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറക്കുമതി ചെയ്ത കൽക്കരിക്ക് ബാധകമായ കസ്റ്റംസ് തീരുവയിൽ ഇളവ് വേണമെന്നും കമ്പനി ആവശ്യപ്പെടുന്നു.  ഇക്കാരണങ്ങളാല്‍ വില അധികമാകുന്നത് ഇന്ത്യയില്‍ വൈദ്യുതി വൈദ്യുതി വിൽക്കുന്നത് കമ്പനിക്ക് അസാധ്യമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ തേടി കമ്പനി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
1.6 ഗിഗാവാട്ട് ശേഷിയാണ് ജാർഖണ്ഡിലെ പവര്‍ പ്ലാന്റുകള്‍ക്ക് ഉളളത്. 800 മെഗാവാട്ട് ശേഷിയുളള രണ്ട് പ്ലാന്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശിൻ്റെ വൈദ്യുതി ഉപഭോഗത്തിൻ്റെ പത്തിലൊന്ന് അദാനി പ്ലാൻ്റില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. ഗഡുക്കളായി ലഭിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും കുടിശിക ഇനി വര്‍ധിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം ശൈത്യകാല ആവശ്യകത കുറവാണെന്ന് ചൂണ്ടിക്കാട്ടി കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് ബംഗ്ലാദേശ് രണ്ടാഴ്ച മുമ്പ് കുറച്ചിരുന്നു.
Tags:    

Similar News