ലക്ഷദ്വീപില്‍ മദ്യം എത്തിച്ച് ബവ്‌റിജസ് കോര്‍പറേഷന്‍; കണ്ണ് ടൂറിസത്തില്‍

സംസ്ഥാന സർക്കാർ അനുമതി ലഭിച്ച ശേഷമാണ് ബവ്‌റിജസ് കോര്‍പറേഷന്‍ ദ്വീപിലേക്ക് മദ്യം എത്തിച്ചിരിക്കുന്നത്

Update:2024-12-10 11:35 IST

Image Courtesy: lakshadweep.gov.in

ലക്ഷദ്വീപിൽ സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷന്റെ ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറും ഇനി ലഭ്യമാകും. കൊച്ചിയിൽ നിന്ന് കപ്പൽമാർഗം ബംഗാരം ദ്വീപിലാണ് മദ്യമെത്തിച്ചിരിക്കുന്നത്. ലക്ഷദ്വീപിലേക്ക് ആദ്യമായാണ് ഇത്രയും വലിയ അളവിൽ മദ്യമെത്തിക്കുന്നത്. ലക്ഷദ്വീപില്‍ മദ്യം ലഭ്യമല്ലാത്തത് ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലെത്തി അവിടെ നിന്നുളള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകള്‍ മാലദ്വീപിന് പകരം ലക്ഷദ്വീപിനെ പരിഗണിക്കണമെന്നാണ് ശക്തമായ ആവശ്യങ്ങളുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുകയും ചെയ്തിരുന്നു.
പുതിയ നടപടി കൂടുതല്‍ ടൂറിസ്റ്റുകളെ ദ്വീപിലേക്ക് ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും ഹോട്ടല്‍, ടാക്സി, ഷോപ്പ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ ജനങ്ങള്‍ക്കും ടൂറിസം വര്‍‌ധിക്കുന്നതിലൂടെ വലിയ വരുമാന സാധ്യതകളാണ് ഉളളത്.
215 കെയ്‌സ് ബിയറും 39 കെയ്‌സ് വിദേശമദ്യവും 13 കെയ്‌സ് ഇന്ത്യൻനിർമിത വിദേശമദ്യവുമാണ് എത്തിച്ചിരിക്കുന്നത്. . 21 ലക്ഷം രൂപയാണ് ബെവറജസ് കോർപ്പറേഷന് ലഭിച്ചത്. സംസ്ഥാന സർക്കാർ അനുമതി ലഭിച്ച ശേഷമാണ് ബെവറജസ് കോർപ്പറേഷന്‍ ദ്വീപിലേക്ക് മദ്യം എത്തിച്ചിരിക്കുന്നത്.

ബംഗാരം ദ്വീപ്

വലിയ തോതില്‍ വിനോദ സഞ്ചാരം നടക്കുന്ന ബംഗാരം ദ്വീപിലാണ് ആദ്യ ഘട്ടത്തില്‍ മദ്യം ലഭ്യമാക്കിയിരിക്കുന്നത്. മറ്റു ദ്വീപുകളില്‍ നിലവില്‍ മദ്യം ലഭ്യമല്ല. 20 ഏക്കറാണ് ബംഗാരം ദ്വീപിന്റെ വിസ്തൃതി. അഗത്തി ദ്വീപിനോടു ചേര്‍ന്നാണ് ഈ ദ്വീപ്. ഇവിടെ ടൂറിസ്റ്റുകള്‍ക്കായി കോട്ടേജുകളും ഹട്ടുകളും ഒരുക്കിയിട്ടുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിനോദ സഞ്ചാര വകുപ്പായ സ്‌പോർട്‌സാണ് ദ്വീപില്‍ മദ്യം ലഭ്യമാക്കാനുളള അപേക്ഷ സമര്‍പ്പിച്ചത്. കൺസ്യൂമർ ഫെഡിനും ബാറുകൾക്കും നല്‍കുന്ന 20 ശതമാനം ഇളവോടെയാണ് സ്‌പോർട്‌സിന് ബവ്‌റിജസ് കോര്‍പറേഷന്‍ മദ്യം നല്‍കിയിരിക്കുന്നത്.
Tags:    

Similar News