കൊക്ക കോളയ്ക്കും പെപ്‌സിക്കും ഭീഷണിയാകാന്‍ സൗദി നീക്കം, ഈന്തപ്പഴം കൊണ്ടുളള ശീതളപാനീയം പുറത്തിറക്കി, ലോകത്തില്‍ ആദ്യം
ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട്‌സ് ആണ് ഈന്തപ്പഴം
കോള പാനീയങ്ങളുടെ ആരാധകര്‍ക്ക് സൗദി അറേബ്യയിൽ നിന്ന് ഒരു സന്തോഷ വാര്‍ത്ത. ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയം പുറത്തിരിക്കിയിരിക്കുകയാണ് സൗദി അറേബ്യയിൽ. സാധാരണ കോൺ സിറപ്പിൽ നിന്നോ കരിമ്പ് പഞ്ചസാരയിൽ നിന്നോ ആണ് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്നത്. പക്ഷെ ഇവിടെ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങളില്‍ ഒന്നായ ഈന്തപ്പഴത്തിൽ നിന്നാണ് കോള നിര്‍മ്മിച്ചിരിക്കുന്നത്.
മിലാഫ് കോള എന്ന് പേരിട്ടിരിക്കുന്ന പാനീയം സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് വികസിപ്പിച്ചിരിക്കുന്നത്. ഈന്തപ്പഴത്തെ ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട്‌സ് ആയാണ് കണക്കാക്കുന്നത്. വിവിധതരം പലഹാരങ്ങൾക്കും പാനീയങ്ങൾക്കും പ്രകൃതിദത്തമായ മധുരം ചേര്‍ക്കുന്നതിന് ഇത് സാധാരണ ഉപയോഗിക്കുന്നുണ്ട്.
ഫൈബറുകളും മിനറലുകളും ധാരാളമുളള പഴവര്‍ഗമാണ് ഈന്തപ്പഴം. പ്രാദേശികമായി ലഭ്യമായ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഈന്തപ്പഴം ഉപയോഗിച്ചാണ് മിലാഫ് കോള നിർമ്മിക്കുന്നതെന്ന് കമ്പനി പറയുന്നു.
വളരെയധികം പഞ്ചസാര അടങ്ങിയിട്ടുള്ള പോഷകമൂല്യങ്ങളൊന്നുമില്ലാത്ത ഭൂരിഭാഗം ശീതളപാനീയങ്ങളേക്കാളും ഇത് വളരെ ആരോഗ്യകരമായ ഒരു ബദലാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കോള വിപണയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത് കൊക്ക കോളയും പെപ്‌സിയുമാണ്. മായങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവും മിലാഫ് കോളയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രാദേശിക, അന്തർദേശീയ വിപണികളിൽ കോള അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് അൽ മദീന. ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുളള ഈന്തപ്പഴങ്ങളാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ.