കോവിഡ് കാലത്ത് പലചരക്കു വാങ്ങലും ഡിജിറ്റലാക്കി മലയാളികള്‍

Update: 2020-03-17 09:39 GMT

കോവിഡ് ഭീതിയിലെ അടച്ചുപൂട്ടലുകള്‍ക്കിടയില്‍ പലചരക്ക് വ്യാപാര ശൃംഖല ഡിജിറ്റല്‍ വത്കരിച്ചവര്‍ക്ക് നല്ലകാലം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മിക്ക ഓണ്‍ലൈന്‍ പലചരക്ക് സൈറ്റുകളും മികച്ച ലാഭമാണ് നേടിയത്. കേരളത്തിലെ മാളുകളിലേക്കും ഹൈപ്പര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ആളുകള്‍ അകലം പാലിക്കാന്‍ തുടങ്ങിയെങ്കിലും ഇവരുടെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ പലചരക്ക് വാങ്ങല്‍ ഡിജിറ്റല്‍ വത്കരിച്ചിരിക്കുകയാണ് മലയാളികളും. ഹാന്‍ഡ് സാനിറ്റൈസര്‍, ഡയപ്പര്‍, ക്ലീനിംഗ് ഉപകരണങ്ങല്‍ തുടങ്ങിയവ കൂടാതെ അരി, മാവ്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ സാധനങ്ങളുടെ ഓണ്‍ലൈന്‍ പര്‍ച്ചേസാണ് കൂടിയിരിക്കുന്നത്.

ദേശീയ തലത്തില്‍ ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ആഴ്ച അവസാനം 80 മുതല്‍ 100 വരെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. നേരത്തെ തന്നെ മികച്ച പ്രതികരണം നേടിയിരുന്ന ലുലു വെബ്‌സ്റ്റോറില്‍ കോവിഡ് ഭീതി പടര്‍ന്നപ്പോള്‍ നിരവധി പുതിയ ഉപഭോക്താക്കളെത്തിയതായി ലുലു മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് പറയുന്നു. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മിക്ക മാളുകളും പൂട്ടുകയും കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തത് ഇവര്‍ക്ക് ഗുണകരമായി.

കൊച്ചിയിലാണ് ലുലു വെബ്‌സ്‌റ്റോര്‍ ഡെലിവറി സൗകര്യമൊരുക്കിയിരിക്കുന്നത്. ലുലു മാളിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ലുലു വെബ്സ്റ്റോറിലൂടെ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാനാകും. തെക്ക് പശ്ചിമ കൊച്ചി മുതല്‍ വടക്ക് നോര്‍ത്ത് പറവൂര്‍ വരെയും കിഴക്ക് കിഴക്കമ്പലം മുതല്‍ പടിഞ്ഞാറ് വൈപ്പിന്‍ , അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് ലുലുവിലെ ഇഷ്ട സാധനങ്ങള്‍ വാങ്ങാം. സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുന്നതെന്ന് എന്‍ബി സ്വരാജ് വ്യക്തമാക്കി.

www.luluwebstore.in എന്ന വെബ്സൈറ്റില്‍ കയറിയാല്‍ വില്‍പനക്കുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാകും. തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് , ഗൂഗിള്‍ പേ എന്നിവ വഴി പണമടച്ച് ഓര്‍ഡര്‍ ചെയ്യാം. കേരളത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ലുലു കണക്ടിലെ ഉല്‍പ്പന്നങ്ങള്‍ വെബ് സ്റ്റോറിലുടെ വാങ്ങാം. കൊറോണ പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News