ഐറ്റിസിയുടെ 'ജോൺ പ്ലേയേർസ്' റിലയൻസ് ഏറ്റെടുത്തു

Update:2019-03-26 16:20 IST

ഐറ്റിസിയുടെ മെൻസ് വെയർ ബ്രാൻഡായ ജോൺ പ്ലേയേർസ് റിലയൻസ് റീറ്റെയ്ൽ ഏറ്റെടുത്തു. 150 കോടി രൂപയുടെ ഏറ്റെടുക്കലിലൂടെ റിലയൻസിന്റെ റെഡിമെയ്‌ഡ്‌ ഗാർമെൻറ് ബിസിനസ് കൂടുതൽ ശക്തിപ്പെടും.

ജോൺ പ്ലേയേർസ് ബ്രാൻഡും അതിന്റെ 750 സ്റ്റോറുകളിലൂടെയുള്ള വിതരണാവകാശവും റിലയൻസ് സ്വന്തമാക്കി. ഇതിൽ 65 എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളും ഉൾപ്പെടും.

മാത്രമല്ല, റിലയൻസിന്റെ ഫാഷൻ ബിസിനസിന്റെ മൂല്യം 350 കോടി രൂപ ഉയരാനും ഈ ഏറ്റെടുക്കൽ കാരണമാകും. നിലവിൽ റിലയൻസ് ട്രെൻഡ്‌സ്, അജിയോ ഡോട്ട് കോം എന്നിവയാണ് കമ്പനിയുടെ ഫാഷൻ ബിസിനസിനെ നയിക്കുന്നത്.

തങ്ങളുടെ അപ്പാരൽ ബിസിനസ് ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐറ്റിസി ജോൺ പ്ലേയേർസിനെ കൈവിട്ടത്. കമ്പനിയുടെ പ്രീമിയം ഫാഷൻ ബിസിനസായ WLS ന് (മുൻപ് വിൽസ് ലൈഫ്സ്റ്റൈൽ) കൂടുതൽ ഫോക്കസ് നൽകാനും പദ്ധതിയുണ്ട്.

ഫാഷൻ റീറ്റെയ്ൽ രംഗത്തെ കടുത്ത മത്സരം ഐറ്റിസിയെ ബാധിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. റിലയൻസ് ട്രെൻഡ്‌സ്, ഫ്യൂച്വർ ഗ്രൂപ്പിന്റെ എഫ്ബിബി, ലൈഫ്‌സ്‌റ്റൈലിന്റെ മാക്സ് എന്നിവയാണ് പ്രധാന എതിരാളികൾ. ഓൺലെൻ സ്റ്റോറുകളുടെ ഡിസ്‌കൗണ്ട് സെയിലും ഐറ്റിസിയുടെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു.

Similar News