ബിഎസ്എന്‍എല്‍ രക്ഷാ പദ്ധതിക്ക് അംഗീകാരം

Update: 2019-10-23 12:27 GMT

പൊതുമേഖലയിലെ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
സാമ്പത്തിക പ്രതിസന്ധിയില്‍ മുടന്തി നീങ്ങുന്ന ഇരു കമ്പനികളിലെയും ജീവനക്കാര്‍ക്കായുള്ള വി. ആര്‍.എസ് പദ്ധതി, ധനസമാഹരണത്തിനായി ആസ്തി വില്‍പ്പന, ബോണ്ട് തുടങ്ങിയ നിര്‍ദ്ദേശങ്ങളുള്‍ക്കൊള്ളുന്നതാണ് പുനരുജ്ജീവന പാക്കേജ്.

ഇരു കമ്പനികളും തമ്മില്‍ ലയിപ്പിക്കും. പക്ഷേ, ഇതില്‍ ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.ബിഎസ്എന്‍എല്ലിലെ അന്‍പത്തി മൂന്നര (53 വര്‍ഷവും ആറ് മാസവും ) വയസ് പൂര്‍ത്തിയായ ജീവനക്കാര്‍ക്കായാണ് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

നിര്‍ദിഷ്ട പ്രായപരിധി കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും 60 വയസ് വരെയുള്ള ശമ്പളവും പെന്‍ഷനും ഗ്രാറ്റുവിറ്റിയും കൂടി സര്‍ക്കാര്‍ നല്‍കും. വിരമിക്കുന്ന ജീവനക്കാര്‍ക്ക്  ശമ്പളത്തിന്റെ 125 ശതമാനം തുകയും, പെന്‍ഷനും ഗ്രാറ്റുവിറ്റിയും അറുപത് വയസ് വരെ ലഭിക്കും.  ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ബോണ്ടുകളിലൂടെ 15000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

2009-10 മുതല്‍ തുടര്‍ച്ചയായി ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ്. പ്രതിമാസം 1600 കോടി രൂപയോളം വരുമാന ഇനത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും നടത്തിപ്പു ചെലവുകള്‍ക്കായി മാറ്റേണ്ടി വരുന്നതാണ് പ്രതിസന്ധിക്കു കാരണം. പ്രതിമാസം 750-850 കോടി രൂപയാണു ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രം വേണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,804 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ബിഎസ്എന്‍എല്ലില്‍ 1.63 ലക്ഷം ജീവനക്കാരുണ്ട്. ഇതില്‍ നല്ലൊരു ശതമാനം അധികമാണെന്നാണ് കണക്കാക്കുന്നത്. 22,000 ആണ് എംടിഎന്‍എല്‍ ജീവനക്കാരുടെ എണ്ണം.

Similar News