ലാഭക്കൊയ്ത്ത് തുടര്‍ന്ന് റിലയന്‍സ്; മികവോടെ ജിയോയും റീട്ടെയിലും

Update: 2020-01-18 06:25 GMT

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 13.55 ശതമാനം വര്‍ദ്ധനയോടെ 11,640 കോടി രൂപയുടെ ലാഭം നേടി. റീട്ടെയില്‍, ടെലികോം വിഭാഗങ്ങളുടെ മികച്ച പ്രകടനമാണ് കമ്പനിക്ക് കരുത്തായത്.

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 10,251 കോടി രൂപയായിരുന്നു. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 1.71 ലക്ഷം കോടി രൂപയില്‍ നിന്ന് 1.4 ശതമാനം താഴ്ന്ന് 1.68 ലക്ഷം കോടി രൂപയായി. റീട്ടെയില്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 27 ശതമാനവും റിലയന്‍സ് ജിയോയില്‍ നിന്നുള്ളത് 28 ശതമാനവും ഉയര്‍ന്നു. ഓരോ ബാരല്‍ ക്രൂഡോയിലും സംസ്‌കരിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം (ജി.ആര്‍.എം) 8.8 ഡോളറില്‍ നിന്ന് 9.2 ഡോളറായി വര്‍ദ്ധിച്ചു.

റിലയന്‍സ് ജിയോയുടെ ലാഭം 62.45 ശതമാനം ഉയര്‍ന്ന് 1,350 കോടി രൂപയിലെത്തി. 2018ലെ സമാനപാദത്തില്‍ ലാഭം 831 കോടി രൂപയായിരുന്നു. എന്നാല്‍, ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (എ.ആര്‍.പി.യു) 130 രൂപയില്‍ നിന്ന് 128.40 രൂപയായി താഴ്ന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ നില നില്‍ക്കുന്ന പ്രതിസന്ധികള്‍ കമ്പനിയുടെ ഊര്‍ജ വ്യാപാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. റീട്ടെയിലില്‍ കമ്പനി മുന്‍ വര്‍ഷങ്ങളിലെ നേട്ടം നില നിര്‍ത്തി. രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ സാരഥി ആകാമെന്ന വാഗ്ദാനം തങ്ങള്‍ നിറവേറ്റുകയാണെന്ന് മുകേഷ് അംബാനി അവകാശപ്പെട്ടു.

ക്ലാസ് മൊബൈല്‍ കണക്റ്റിവിറ്റി സേവനങ്ങളില്‍ മികച്ച ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ വയര്‍ലൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹോം എന്റര്‍ടെയിന്‍മെന്റ്, എന്റര്‍പ്രൈസ് മാര്‍ക്കറ്റ് എന്നിവ പുനര്‍നിര്‍വചിക്കാനും ജിയോ തീരുമാനിച്ചിട്ടുണ്ടെന്ന് അംബാനി പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം തുടരുന്ന ജിയോ, 2019 ഡിസംബര്‍ 6 മുതല്‍ പരിധിയില്ലാത്ത വോയ്‌സ്, ഡാറ്റയ്ക്ക് പുതിയ ഓള്‍-ഇന്‍-വണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു.

ഈ പുതിയ പ്ലാനുകളില്‍ മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് വേണ്ട നിരക്കുകളും ഉള്‍പ്പെടുന്നതാണ്. ഫൈബര്‍, ടവര്‍ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ജിയോ ഡിജിറ്റല്‍ ഫൈബര്‍ പ്രൈവറ്റ് ലിമിറ്റഡിലേക്കും റിലയന്‍സ് ജിയോ ഇന്‍ഫ്രാടെല്‍ പ്രൈവറ്റ് ലിമിറ്റഡിലേക്കും മാറ്റിയിരുന്നു. ബ്രൂക്ക്ഫീല്‍ഡും അനുബന്ധ സ്ഥാപനങ്ങളും ടവര്‍ ഇന്‍വിറ്റില്‍ 25,215 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News