റബ്ബറിന് വിലയിടിയുന്നു, ടയര്‍ കമ്പനി ഓഹരികള്‍ മുന്നേറുന്നു

ചൈനീസ് ടയര്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയ യുഎസ് നടപടികളും ഇന്ത്യന്‍ കമ്പനികള്‍ക്ക് തുണയായി

Update:2021-09-24 09:30 IST

രാജ്യാന്തര വിപണിയില്‍ സ്വാഭാവിക റബ്ബറിന്റെ വില കുറഞ്ഞത് ടയര്‍ കമ്പനികള്‍ക്ക് ഗുണമാകുന്നു. ടയര്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ കരുത്തോടെ മുന്നേറുകയാണ്. എംആര്‍എഫ്, സിയറ്റ്, അപ്പോളോ ടയര്‍, ജെകെ ടയര്‍, ടിവിഎസ് ശ്രീചക്ര, ഗുഡ് ഇയര്‍, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെയെല്ലാം ഓഹരി വില കഴിഞ്ഞ ദിവസം രണ്ട് മുതല്‍ 7 ശതമാനം വരെ കൂടി. ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറവായ സാഹചര്യത്തിലാണ് റബ്ബര്‍ വില രാജ്യാന്തര വിപണിയില്‍ കുറയുന്നത്.

യുഎസ് ചില ചൈനീസ് ടയര്‍ കമ്പനികള്‍ക്കു മേല്‍ ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതും ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ക്ക് തുണയായി. കമ്പനികളുടെ കയറ്റുമതി വരുമാനം കൂടാനും ഇത് ഇടയാക്കി. ഓട്ടോമൊബീല്‍ വിപണി കരുത്താര്‍ജിച്ചു തുടങ്ങിയാല്‍ ടയര്‍ കമ്പനികള്‍ക്ക് ഇനിയും മെച്ചപ്പെട്ട പ്രകടനം നടത്താനാകും.

അതേസമയം ക്രൂഡ് ഓയ്‌ലിന്റെ വില കൂടുന്നത് റബ്ബര്‍ വില ഉയര്‍ത്തിയേക്കും. ഇത് ടയര്‍ കമ്പനികളുടെ ഓഹരി വിലയെ ബാധിച്ചേക്കുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യാന്തര വിപണിയില്‍ റബ്ബറിന് 5-10 ശതമാനം വില കുറഞ്ഞിരുന്നു. ചൈന ആഭ്യന്തര വിപണിയില്‍ നിന്നുള്ള റബ്ബര്‍ ഉപയോഗപ്പെടുത്തിയതോടെ ഇറക്കുമതി കുറയുകയും രാജ്യാന്തര വിപണിയില്‍ റബ്ബറിന് വില കുറയുകയുമാണ് ഉണ്ടായത്.

ഓട്ടോമൊബീല്‍ വിപണി സജീവമാകുന്നതോടെ ചൈന വീണ്ടും റബ്ബര്‍ ഇറക്കുമതിയിലേക്ക് തിരിയും. ഇത് റബ്ബറിന്റെ വില ഉയര്‍ത്തും. റബ്ബറിന് വില ഉയര്‍ന്നാല്‍ ടയര്‍ കമ്പനികളുടെ ഓഹരി വിലയെ അത് ബാധിക്കും.

Tags:    

Similar News