റബര്‍ വിലയിടിവില്‍ കര്‍ഷകര്‍ക്ക് ദുരിതം, ടയര്‍ കമ്പനികള്‍ക്ക് നേട്ടം
2021 22 ല്‍ സ്വാഭാവിക റബര്‍ വില 38 % വരെ വര്‍ധിച്ചു.
റബർ ആർ എസ് എസ് 4 ഗ്രേഡിന് കിലോ 176 രൂപ വരെ ഉയർന്നെങ്കിലും നിലവിൽ 149 രൂപയിലേക്ക് താണിരിക്കുകയാണ്. ചൈനയിൽ കോവിഡ് വ്യാപനം മൂലം റബർ ഇറക്കുമതിയും ഡിമാൻഡും കുറഞ്ഞതിനാൽ സ്വാഭാവിക റബർ വില ഉയരാൻ സാധ്യതയില്ല. കർഷകർക്ക് ഇത് ദുരിത കാലമാണെങ്കിലും ടയർ കമ്പനികൾക്ക് ലാഭക്ഷമത വർധിപ്പിക്കാൻ സഹായകരമാകും.
2021 -22 ൽ ടയർ വിൽപ്പന കൂടിയെങ്കിലും, മാർജിൻ 7 % കുറഞ്ഞു. ഇതിന് പ്രധാന കാരണം സ്വാഭാവിക റബറിലും സിന്തറ്റിക് റബറിലും ഉണ്ടായ വിലവർധനവും ചാഞ്ചാട്ടവുമാണ്. മൊത്തം അസംസ്‌കൃത വസ്തുക്കളുടെ ചെലവിൻ റ്റെ സിംഹ ഭാഗവും സ്വാഭാവിക റബർ, കൂടാതെ ക്രൂഡ് ഓയിലിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന സിന്തറ്റിക് റബർ, കാർബൺ ബ്ലാക്ക് എന്നിവ വാങ്ങാനാണ് ടയർ കമ്പനികൾ ചെലവാക്കുന്നത്.
2021 -22 ൽ സ്വാഭാവിക റബർ വില 38 % വരെ വർധിച്ചു. സിന്തറ്റിക് റബർ സംയുക്തങ്ങളായ (compounds) ബ്യൂട്ടാഡീൻ (butadiene) , സ്റ്റൈറീൻ (styrene) എന്നിവയുടെ വില യഥാക്രമം 250 %, 100 % വർധിച്ചു. ഇത് ടയർ കമ്പനികൾക്ക് തിരിച്ചടിയായി.
ക്രൂഡ് ഓയിൽ വില വീപ്പക്ക് 90 ഡോളറായി കുറഞ്ഞതും, സ്വാഭാവിക റബർ വില കുത്തനെ (ടി എസ് ആർ 20 ഗ്രേഡ്) ഇടിഞ്ഞതും ടയർ കമ്പനികൾക്ക് നേട്ടമായി. ഈ സാഹചര്യത്തിൽ 2022 -23 മൂന്നാം പാദത്തിൽ ടയർ കമ്പനികളുടെ മാർജിൻ മെച്ചപ്പെടുമെന്ന് നിർമൽ ബാംഗ് റിസർച്ച് വിലയിരുത്തുന്നു. കഴിഞ്ഞ വർഷം എല്ലാ ടയർ കമ്പനികളും 3-4 % വില വർധിച്ചിട്ടും ലാഭം കുറയുകയാണ് ചെയ്‌തത്.
2022 -23 ജൂൺ പാദത്തിൽ എം ആർ എഫിൻറെ വരുമാനം 35.64 % വർധിച്ച് 559.8 കോടി രൂപ യായി ഉയർന്നെങ്കിലും, അറ്റാദായം 30 % ഇടിഞ്ഞ് 11.23 കോടി രൂപയായി കുറഞ്ഞു. അപ്പോളോ ടയർസ് വരുമാനം 37 .80 % വർധിച്ച് 443.6 കോടി രൂപയായി ഉയർന്നെങ്കിലും പ്രവർത്തന മാർജിൻ 11.51 ൽ നിന്ന് 10.32-ായി കുറഞ്ഞു.
ട്രക്ക്, ബസ് ടയറുകളിൽ ആധിപത്യം, മികച്ച ഗവേഷണം, പാസഞ്ചർ കാറുകളുടെ ടയർ വിപണിയിലും മെച്ചപ്പെട്ട പ്രകടനം, കയറ്റുമതി ഡിമാൻഡ് വർധനവ് എന്നിവയുടെ പിൻബലത്തിൽ അപ്പോളോ ടയർസ് മറ്റ് ടയർ കമ്പനികളെ ക്കാൾ മെച്ചപ്പെട്ട പ്രവർത്തനം നടത്തുമെന്ന് നിർമൽ ബാംഗ് റിസർച്ച് ചൂണ്ടിക്കാട്ടുന്നു.
2022-23 മുതൽ 2023 -24 കാലയളവിൽ ടയർ വിൽപ്പന ഇരട്ട സംഖ്യയിൽ വളർച്ച രേഖപ്പെടുത്തും. അസംസ്‌കൃത വസ്‌തുക്കളുടെ വില കുറവ് അങ്ങനെ ടയർ വ്യവസായത്തിന് വൻ നേട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.