റബര്‍ വില: കുതിക്കാന്‍ പത്ത് വര്‍ഷം

Update:2018-11-19 09:26 IST

ഇന്ത്യയിലും വിദേശത്തുമുള്ള റബര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ ഇനിയും വരാനിരിക്കുന്നത് കഷ്ടത നിറഞ്ഞ ദിവസങ്ങളും വര്‍ഷങ്ങളും. തങ്ങളുടെ കാര്‍ഷികോല്‍പ്പന്നത്തിന് മാന്യമായ വില ലഭിക്കാനുള്ള അവരുടെ കാത്തിരിപ്പിന് സമീപഭാവിയില്‍ തന്നെ വിരാമമുണ്ടാകാന്‍ സാധ്യതയില്ല. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് സൂചനകള്‍.

അതേ സമയം, ടയര്‍ ഉല്‍പ്പാദകരടക്കം എല്ലാ നിര്‍മാതാക്കളും സന്തോഷത്തിലാണ്. മതിയായ സപ്ലൈയുള്ളതിനാല്‍ വര്‍ഷങ്ങളോളം പ്രകൃതിദത്ത റബര്‍ വില കുറഞ്ഞ തലത്തില്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 2030നു ശേഷം വിലയില്‍ കുതിപ്പ് പ്രകടമാകുമെന്നും ഇവര്‍ നിരീക്ഷിക്കുന്നു. റബറിന്റെ കുറഞ്ഞ വില മൂലം നിലനില്‍പ്പിനായി പോരാടുന്ന ദശലക്ഷക്കണക്കിന് റബര്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം വാര്‍ത്തയാണ്. വിലയില്‍ അല്‍പ്പം അനക്കം പ്രകടമാകുന്ന 2024 നു ശേഷമാകും അവര്‍ക്ക് ചെറിയൊരു ആശ്വാസം ലഭിക്കുക.

കുറഞ്ഞ വില, പുതിയ പ്ലാന്റിംഗിന്റെയും റീ പ്ലാന്റിംഗിന്റെയും നിരക്കിലെ ഇടിവ്, കുറഞ്ഞ ഉല്‍പ്പാദനക്ഷമത, മറ്റ് വിളകളിലേക്കുള്ള വൈവിധ്യവല്‍ക്കരണം എന്നിവ മൂലം 2030 ഓടെ ഡിമാന്റ്, സപ്ലൈയേക്കാള്‍ കൂടും. പ്രകൃതിദത്ത റബറിന് കടുത്ത ക്ഷാമവും വിലയില്‍ കുതിപ്പും അതിനുശേഷമാകും ഉണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നു.

''അടുത്ത ദശാബ്ദത്തില്‍ വിലയില്‍ നേരിയ പുരോഗതി ദൃശ്യമാകും. 2025 നു ശേഷം ഒരു ടേണ്‍ എറൗണ്ട് ഉണ്ടായേക്കാം. അത് ആ ദശാബ്ദത്തില്‍ തുടരും. 2030 ഓടെ വില രണ്ട് അമേരിക്കന്‍ ഡോളര്‍ എന്ന നിരക്കിലെത്തുകയും പിന്നീട് അതിനെ മറികടക്കുകയും ചെയ്‌തേക്കാം,'' ഇന്റര്‍നാഷണല്‍ റബര്‍ സ്റ്റഡി ഗ്രൂപ്പിന്റെ മുന്‍ സെക്രട്ടറി ജനറലും പ്രശസ്തനായ റബര്‍ വിപണി വിദഗ്ധനും മുന്‍കാലങ്ങളില്‍ റബര്‍ വിലയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ കൃത്യമായി പ്രവചിക്കുകയും ചെയ്തിരിക്കുന്ന ഡോ. ഹിഡെ പി. സ്മിത്ത് 'ധന'ത്തോട് പറഞ്ഞു. എന്നാല്‍, അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്റെ സീനിയര്‍ ഇക്കണോമിസ്റ്റ് ജോം ജേക്കബ് അല്‍പ്പം കൂടി ശുഭാപ്തി വിശ്വാസിയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിലയില്‍ 2022 ഓടെ കാര്യമായ വര്‍ധനവ് ഉണ്ടായേക്കാം.

ഉല്‍പ്പാദന രംഗത്തുണ്ടായ വന്‍ വളര്‍ച്ചയാണ് റബറിന്റെ അധിക ഉല്‍പ്പാദനത്തിനും വിലയിടിവിനും കാരണമായത്. ''2004 2014 കാലയളവില്‍ ലോകത്തിലെ 11 റബര്‍ ഉല്‍പ്പാദക രാജ്യങ്ങളിലെ പ്ലാന്റേഷന്‍ വ്യാപ്തി 45 ശതമാനം കണ്ടാണ് വര്‍ധിച്ചത്. ഏകദേശം 40 ലക്ഷം ഹെക്ടറോളം വരുമിത്. അതിനുശേഷമുള്ള പത്തു വര്‍ഷത്തിനു ശേഷം റബര്‍ സപ്ലൈയില്‍ വന്‍തോതില്‍ വര്‍ധന പ്രകടമായി,'' ഡോ. സ്മിത്ത് പറഞ്ഞു. സപ്ലൈ വര്‍ധിച്ചെങ്കിലും ഉപഭോഗം പ്രതീക്ഷതുപോലെ ഉയര്‍ന്നുമില്ല. ഇത് വിപണിയില്‍ വില തളര്‍ച്ചയ്ക്ക് ഇടയാക്കി.

പല കാരണങ്ങള്‍ കൊണ്ടാണ് റബര്‍ വില താഴ്ന്ന നിലയില്‍ തുടരുന്നത്. അധികമായുള്ള സ്റ്റോക്ക്, അനുകൂല കാലാവസ്ഥയെ തുടര്‍ന്നുള്ള അധികമായ ഉല്‍പ്പാദനം, പ്രകൃതിദത്ത റബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയില്‍ ഡിമാന്റ് കുറയുന്നത്; മൊത്തം ഉല്‍പ്പാദനത്തിന്റെ 40 ശതമാനത്തോളമാണ് ചൈനയുടെ ഉപഭോഗം, ഡോളറിന്റെ മൂല്യവര്‍ധന, പ്രകൃതിദത്ത റബര്‍ കയറ്റുമതി രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവ്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തളര്‍ച്ച എന്നിവ അതില്‍ ഉള്‍പ്പെടും.

നിലവില്‍ റബര്‍ കര്‍ഷകര്‍ ആകെ തകര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് റബര്‍ കൃഷിയില്‍ തുടരാനും പിടിച്ചു നില്‍ക്കാനുള്ള ക്ഷമയുണ്ടാകുമോ? ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ റബര്‍ കര്‍ഷകര്‍ മറ്റു വിളകളിലേക്ക് മാറുകയാണ്. നിരവധി പേര്‍ റബര്‍ ടാപ്പിംഗ് നടത്തുന്നേയില്ല. ഇന്ത്യയിലെ റബര്‍ ഉല്‍പ്പാദനം ഈ വര്‍ഷം, മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ആവശ്യത്തേക്കാള്‍ കൂടുതല്‍ ലഭ്യത ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ മുഖ്യ റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലന്റും വിയറ്റ്‌നാമും ബോധപൂര്‍വ്വം ഉല്‍പ്പാദനം കുറയ്ക്കുകയാണ്.

അപകടകരമായ പ്രവണതകള്‍

റബര്‍ വിലയില്‍ കുത്തനെ ഇടിവ് ദൃശ്യമായ 19952001 കാലയളവില്‍ ശരാശരി ഉല്‍പ്പാദനം മെച്ചപ്പെടുകയാണുണ്ടായത്. 1995ല്‍ ഒരു ഹെക്ടറില്‍ നിന്നുള്ള ഉല്‍പ്പാദനം 1402 കിലോഗ്രാം ആയിരുന്നുവെങ്കില്‍ 2001ല്‍ അത് 1570 കിലോഗ്രാമായി. ഒരു ഹെക്ടറില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ 162 കിലോഗ്രാം വര്‍ധന. വിലയിടിവിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഇത് ആശ്വാസമാകാന്‍ ഈ ഉല്‍പ്പാദന വര്‍ധന കര്‍ഷകരെ സഹായിക്കുകയും ചെയ്തു.

പക്ഷേ ഇന്ന് സ്ഥിതി നേരെ തിരിച്ചാണ്. 20112017 കാലയളവില്‍ ശരാശരി വിളവ് കുറയുകയാണുണ്ടായത്. 2011 ല്‍ പ്രതിഹെക്ടറിന് 1733 കിലോഗ്രാമാണ് ഉല്‍പ്പാദനമെങ്കില്‍ 2017ല്‍ അത് 1311 കിലോഗ്രാമായി. പ്രതി ഹെക്ടറിലെ ഉല്‍പ്പാദന നഷ്ടം 522 കിലോഗ്രാം! ഇത് കര്‍ഷകരുടെ നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.

''മറ്റൊരു വഴിയില്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ റബര്‍ കൃഷിയില്‍ തന്നെ പിടിച്ചു നില്‍ക്കുന്നുണ്ട്. പക്ഷേ അവര്‍ തോട്ടത്തില്‍ പണം നിക്ഷേപിക്കുന്നില്ല.

ലാഭമില്ലാത്ത വയസന്‍ മരങ്ങള്‍ തന്നെ അവര്‍ തോട്ടത്തില്‍ നിലനിര്‍ത്തുന്നു. വളരെ കുറഞ്ഞ തോതിലാണ് റീ പ്ലാന്റിംഗ്‌നടക്കുന്നത്. ഇതോടൊപ്പം ശാസ്ത്രീയ രീതികള്‍ സ്വീകരിക്കുന്നതിലുള്ള അലംഭാവം കൂടി ചേര്‍ന്നതോടെ ഉല്‍പ്പാദനം ക്രമമായി താഴ്ന്നുകൊണ്ടേയിരുന്നു. ഇത് ശരാശരി ഉല്‍പ്പാദനം കുത്തനെ താഴ്ത്തി എന്നുമാത്രമല്ല ഒരു കിലോഗ്രാം റബറിന്റെ ഉല്‍പ്പാദന ചെലവ് കുത്തനെ ഉയര്‍ത്തുകയും ചെയ്തു,'' ജോം ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ഇത് പ്ലാന്റേഷനുകളുടെ ലാഭക്ഷമതയെ വീണ്ടും കുറച്ചു എന്നു മാത്രമല്ല റബര്‍ പ്ലാന്റേഷനോടുള്ള ആകര്‍ഷണീയത വന്‍തോതില്‍ കുറയ്ക്കുകയും ചെയ്തു.

വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, 2030ല്‍ റബര്‍ ദൗര്‍ലഭ്യത്തിനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് പ്ലാന്റിംഗിലുള്ള കുറവായിരിക്കും. ഇത് വില വര്‍ധനയ്ക്കിടയാക്കും. ഡോ. സ്മിത്തിന്റെ അഭിപ്രായത്തില്‍, 2019 മുതല്‍

പുതിയ റബര്‍ നടുന്നത് നേട്ടത്തിന് വഴിതെളിക്കും.

പ്രകൃതിദത്ത റബറിനുള്ള ബദല്‍

രീതികള്‍ ഫലം കാണുമോ?

നിലവില്‍ പ്രകൃതിദത്ത റബറിന്റെ ഉല്‍പ്പാദനം ഡിമാന്റിനേക്കാള്‍ കൂടുതല്‍ ആണെങ്കിലും ഒരു ദശാബ്ദത്തിന് ശേഷം ഈ സാഹചര്യം മാറും. പ്രകൃതിദത്ത റബറിന് അപ്പോള്‍ ദൗര്‍ലഭ്യം നേരിടാനാണ് സാധ്യത. ആ സാഹചര്യത്തില്‍ പ്രകൃതിദത്ത റബറിന് ബദലായുള്ള വയൂളി, റഷ്യന്‍ ഡാന്‍ഡിലോണ്‍, മറ്റ് സിന്തറ്റിക് റബറുകള്‍ എന്നിവയ്ക്ക് എത്രമാത്രം പ്രസക്തിയുണ്ടാകും? റബര്‍ ഒരു തന്ത്രപരമായ മെറ്റീരിയല്‍ ആയതിനാല്‍ ലോകമെമ്പാടുമുള്ള ടയര്‍ കമ്പനികളും സര്‍ക്കാരുകളും അതിന് ബദല്‍ തിരയുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വന്‍തോതില്‍ ദൗര്‍ലഭ്യത്തിനുള്ള സാധ്യതയുള്ളപ്പോള്‍.

ഡോ. ഹിഡെ പി സ്മിത്തിന്റെ അഭിപ്രായത്തില്‍ ബദല്‍ മാര്‍ഗങ്ങളില്‍ നിന്ന് വന്‍തോതിലുള്ള ഒരു ഭീഷണി അടുത്ത കാലത്തൊന്നും പ്രകൃതിദത്ത റബ

റിനുണ്ടാകാന്‍ സാധ്യതയില്ല. ഇതിന് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ പലതാണ്. വലിയ ഉല്‍പ്പാദന ചെലവ്, ഉല്‍പ്പന്നത്തിന്റെ സ്വഭാവം, ലഭ്യത, സാങ്കേതികവിദ്യ എന്നിവയെല്ലാം അവയില്‍ ചിലതാണ്. '' മൊത്തം ഉപഭോഗത്തില്‍ പ്രകൃതിദത്ത റബറിന്റെ വിഹിതം ചിലപ്പോള്‍ അല്‍പ്പം കുറഞ്ഞേക്കാം. പക്ഷേ ടെക്‌നോളജി, ഉല്‍പ്പന്നത്തിന്റെ സ്വഭാവം, മാനുഫാക്ചറര്‍ എന്നിവയാണ് നിര്‍ണായക ഘടകങ്ങള്‍,' ഡോ. സ്മിത്ത് പറയുന്നു.

Similar News