റഷ്യ-യുക്രൈന്‍ യുദ്ധം; ചിപ്പ് ക്ഷാമം രൂക്ഷമാക്കും
ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ വില വര്‍ധനവിലേക്കാകും ഇത് നയിക്കുക
കടുത്ത ക്ഷാമം നേരിടുന്ന സെമികണ്ടക്ടറുടെ ലഭ്യത റഷ്യ-.യുക്രൈന്‍ യുദ്ധം മൂലം വീണ്ടും കുറയുമെന്ന് ആശങ്ക. ഓട്ടോ മൊബീല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഡിമാന്‍ഡിന് അനുസരിച്ച് ചിപ്പുകള്‍ വിതരണം ചെയ്യാനാവാതെ കുഴങ്ങുകയായിരുന്നു ചിപ്പ് നിര്‍മാതാക്കള്‍. അതിനിടയിലാണ് പ്രശ്‌നം രൂക്ഷമാക്കി യുദ്ധം തുടങ്ങിയത്.
കോവിഡ് 19 പടര്‍ന്നു പിടിക്കുകയും ലോക്ക് ഡൗണ്‍ വ്യാപകമാകുകയും ചെയ്തതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ഉല്‍പ്പാദനം തടസ്സപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് സാധനങ്ങളുടെ വിലക്കയറ്റത്തിനും ഓട്ടോ മൊബീല്‍ മേഖലയില്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനും കാരണമായിരുന്നു. പല കമ്പനികള്‍ക്കും പ്ലാന്റുകള്‍ തന്നെ അടച്ചുപൂട്ടേണ്ടതായും വന്നു.
ട്രെഡ്‌ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിപ്പ് ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന നിയോണ്‍ ഗ്യാസിന്റെ ഏറ്റവും വലിയ വിതരണക്കാരിലൊന്നാണ് യുക്രൈന്‍.
ലോക വിപണിയില്‍ ഈ ഗ്യാസിന്റെ വിതരണത്തിന്റെ 70 ശതമാനത്തോളം യുക്രൈനില്‍ നിന്നാണ്.
വിതരണം തടസ്സപ്പെടുന്നതോടെ ചിപ്പുകളുടെ ഉല്‍പ്പാദനത്തില്‍ വീണ്ടും കുറവുണ്ടാകും. എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലും അത്യാവശ്യമായ ചിപ്പുകളുടെ ക്ഷാമം വലിയ വിലവര്‍ധനവിലേക്കാകും നയിക്കുക. മാത്രമല്ല, നിയോണിന്റെയും പല്ലേഡിയത്തിന്റെയും വലിയ വിതരണ രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയും ഉണ്ട്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ അത്യാവശ്യമായ ലോഹമാണ് പല്ലേഡിയം.