പത്ത് കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൂര്‍ അനുമതികള്‍ ഒഴിവാക്കി വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കൊച്ചിയില്‍ വ്യവസായ സംരംഭകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ''സംരംഭകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി കഷ്ടപ്പെട്ട് സംരംഭം തുടങ്ങാന്‍ അലയുന്ന സംവിധാനത്തിന് അറുതി വരുത്തും,'' മന്ത്രി അവകാശപ്പെട്ടു.
10 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് അനുമതികള്‍ നല്‍കാനും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി പ്രത്യേക സെല്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്യങ്ങള്‍ മുഖാമുഖം പരിപാടിയില്‍ മന്ത്രി വിശദീകരിച്ചു.
- ഇന്‍വെസ്റ്റ്‌മെന്റ് കേരള വെബ് പോര്‍ട്ടല്‍: കേരള സര്‍ക്കാരിന്റെ വ്യവസായവികസന, പ്രോത്സാഹന ഏജന്‍സികളുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാര്‍ക്കുകളിലെ ഭൂമി ലഭ്യതയും സ്ഥല സൗകര്യങ്ങളും സംരംഭകരിലേക്കെത്തിക്കാനുള്ള വെബ് പോര്‍ട്ടലാകുമിത്. പെട്രോകെമിക്കല്‍, ലൈഫ് സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ലൈറ്റ് എന്‍ജിനീയറിംഗ്, ഫുഡ്പ്രോസസിംഗ്, ഡിഫന്‍സ് തുടങ്ങിയ മേഖലയില്‍ സംരംഭം തുടങ്ങാന്‍ നിലവില്‍ കേരളത്തില്‍ അതിനായി മാത്രമുള്ള സൗകര്യങ്ങളുണ്ട്. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ സമഗ്രമായി സംരംഭകരിലേക്കെത്തിക്കാനാകും ഈ പോര്‍ട്ടല്‍ ആരംഭിക്കുക.
- കണ്ണൂര്‍ വിമാനത്താവളത്തിന്റെ 40 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 5000 ഏക്കര്‍ സ്ഥലം കണ്ടെത്തി അവിടെ അനുയോജ്യമായ സംരംഭങ്ങള്‍ ആരംഭിക്കും. സ്ഥലം കണ്ടെത്താനും ഏറ്റെടുക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- വ്യവസായങ്ങള്‍ക്ക് സ്ഥല ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ബഹുനിലവ്യവസായ പാര്‍ക്കുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കും. ഇത്തരത്തിലുള്ള ആദ്യത്തെ ബഹുനില വ്യവസായ മന്ദിരത്തിന്റെ നിര്‍മാണം തൃശൂരിലെ വടക്കാഞ്ചേരിയില്‍ പുരോഗമിക്കുന്നു.
- ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം എടുക്കുന്ന ലൈസന്‍സുകള്‍ ഓരോ വര്‍ഷവും പുതുക്കുന്ന രീതി മാറ്റും. ഒരിക്കല്‍ ലൈസന്‍സ്എടുത്താല്‍ വീണ്ടും പുതുക്കേണ്ടതില്ലെന്ന തീരുമാനമുണ്ടാകും.
- വാണിജ്യ, വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വാണിജ്യ കോടതികള്‍ കേരളത്തില്‍ സ്ഥാപിക്കും. ഇതിനായി ഹൈക്കോടതിയുടെ അനുമതി ആരായുന്നുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വാണിജ്യ കോടതി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
- സംരംഭകരെ കട ബാധ്യതയില്‍ നിന്ന് മോചിപ്പിക്കാന്‍ വായ്പകള്‍ പുനഃക്രമീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മികച്ച രീതിയില്‍ തന്നെ നടപ്പാക്കും. വ്യവസായ വികസനത്തിന് വേണ്ട പ്രോത്സാഹനം നല്‍കാനായി കെ എസ് ഐ ഡി സിയെ ഇനിയും ശാക്തീകരിക്കും.
- പ്രവാസി മലയാളികള്‍ക്ക് സംരംഭം തുടങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്ന എല്ലാവിധസഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.