എസ്.വി.ബി തകര്‍ച്ച: സി.ഇ.ഒയ്ക്ക് എതിരെ ഓഹരി ഉടമകള്‍ കോടതിയില്‍
നിയമനടപടിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയേക്കും
ആഗോളതലത്തില്‍ ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രതിസന്ധിയിലാക്കി പൂട്ടിപ്പോയ സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്.വി.ബി) മാതൃകമ്പനിയായ എസ്.വി.ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് ഓഹരി ഉടമകള്‍.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞ ഒരുവര്‍ഷമായി കുത്തനെ കൂട്ടുകയാണ്. എസ്.വി.ബിയുടെ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കുന്ന് ഉറപ്പായിട്ടും ഇക്കാര്യം മുന്‍കൂട്ടി ഓഹരി ഉടമകളെ അറിയിച്ചില്ലെന്നതാണ് മുഖ്യ ആരോപണം. ഇത് ചൂണ്ടിക്കാട്ടി സി.ഇ.ഒ ഗ്രെഗ് ബെക്കര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) ഡാനിയേല്‍ ബെക്ക് തുടങ്ങിയവര്‍ക്കെതിരെയാണ് നിയമനടപടി.
കാലിഫോര്‍ണിയിലെ സാന്‍ ഹോസെയിലുള്ള ഫെഡറല്‍ കോടതിയിലാണ് കേസ് സമര്‍പ്പിക്കപ്പെട്ടത്. ബാങ്കിലെ നിക്ഷേപകരടക്കമുള്ളവരും ടെക് സ്റ്റാര്‍ട്ടപ്പുകളും വൈകാതെ ബാങ്ക് മേധാവികള്‍ക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
ലോകത്തെ ഉലച്ച തകര്‍ച്ച
2008ല്‍ 'വാഷിംഗ്ടണ്‍ മ്യൂച്വല്‍' തകര്‍ന്നശേഷം അമേരിക്കയില്‍ പൂട്ടിപ്പോകുന്ന വലിയ ബാങ്കാണ് എസ്.വി.ബി. അമേരിക്കയിലെയും ഇന്ത്യയിലെയും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഒട്ടേറെ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപത്തിന് ആശ്രയിച്ചിരുന്നത് എസ്.വി.ബിയെ ആയിരുന്നു.
ഇത്തരത്തില്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ലഭിച്ച തുകയില്‍ മുന്തിയപങ്കും അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ് എസ്.വി.ബി ചെയ്തത്. എന്നാല്‍, പരിധിവിട്ടുയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയതോടെ ഈ ബോണ്ടുകളുടെ വില കൂപ്പുകുത്തി. ബോണ്ടുകള്‍ കുറഞ്ഞവിലയില്‍ വിറ്റഴിക്കേണ്ടി വന്നതിനാല്‍ കനത്ത നഷ്ടവും ബാങ്കിനുണ്ടായി.
ബാങ്കിന്റെ സമ്പദ്സ്ഥിതിയില്‍ ആശങ്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ച് തുടങ്ങിയതോടെ ബാങ്ക് തകരുകയായിരുന്നു. എസ്.വി.ബിയുടെ ചുവടുപിടിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായ സിഗ്നേചര്‍ ബാങ്കും കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സില്‍വര്‍ഗേറ്റ് കാപ്പിറ്റല്‍ ബാങ്കും പൂട്ടിപ്പോയിരുന്നു.
ധനകാര്യ കമ്പനികള്‍ക്ക് നഷ്ടം 46,500 കോടി ഡോളര്‍
എസ്.വി.ബിയുടെ വീഴ്ചയെ തുടര്‍ന്ന് ആഗോളതലത്തില്‍ ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികള്‍ നേരിട്ട നഷ്ടം 46,500 കോടി ഡോളര്‍ (ഏകദേശം 38 ലക്ഷം കോടി രൂപ). കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലെ മാത്രം നഷ്ടമാണിതെന്ന് ബ്‌ളൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എസ്.വി.ബി പ്രതിസന്ധി മറ്റ് ബാങ്കുകളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയാണ് തിരിച്ചടിയായത്.
അമേരിക്ക, യൂറോപ്പ് എന്നിവയ്ക്ക് പുറമേ ഏഷ്യയിലെ പ്രമുഖ ധനകാര്യസ്ഥാപനങ്ങളും കനത്ത നഷ്ടം രുചിച്ചു. ജപ്പാനിലെ മിറ്റ്‌സുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഓഹരിവില ഇന്ന് ഇടിഞ്ഞത് 8.3 ശതമാനമാണ്. ദക്ഷിണ കൊറിയയിലെ ഹാന ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഓഹരി 4.7 ശതമാനം ഇടിഞ്ഞു.