സ്കൂളുകൾ 'സോളാർ സ്മാർട്ട്‌' ആകുന്നു

തിരുവനന്തപുരം നഗരത്തിലെ എല്ലാ സ്‌കൂളുകളിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കും.

Update:2021-09-21 17:46 IST

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെല്ലാം സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത്, ഇതിന്റെ ശ്രമങ്ങള്‍ തുടങ്ങി. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തീരുമാനമായി.

സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാര്‍ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളിലും സര്‍ക്കാര്‍ സോളാര്‍ സ്ഥാപിക്കുന്നത്. കെ എസ് ഇ ബി അനര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പദ്ധതിക്ക് സര്‍ക്കാറിനോടൊപ്പമുണ്ട്.
സോളാര്‍ സ്ഥാപിക്കുന്നതിലൂടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വൈദ്യുതി ബില്ലുകളില്‍ ഗണ്യമായ കുറവ് ആണ് ഉണ്ടാകാന്‍ പോകുന്നത്.
നവംബറില്‍ സ്‌കൂള്‍ തുറക്കാനിരിക്കെ ഈ പദ്ധതി ആരംഭിക്കാനാണ് തീരുമാനം എന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
പദ്ധതിയുമായി സഹകരിക്കുന്ന കെ എസ് ഇ ബി അധികൃതരുമായി ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം നല്‍കാന്‍ കഴിയുന്ന സ്‌കൂളുകളെ ആണ് ആദ്യം തെരഞ്ഞെടുക്കുന്നത്. സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സ്‌കൂളുകളെയും അനുയോജ്യമായ ഇടങ്ങള്‍ തിരിച്ചറിയുവാനും ഓരോ സ്‌കൂളിലും ഇതിന്റെ സാധ്യത പരിശോധിക്കാനും ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സന്നദ്ധരായിട്ടുള്ള വ്യക്തികള്‍ക്കും സബ്‌സിഡി നല്‍കാന്‍ കോര്‍പ്പറേഷന്‍ ഫണ്ട് വിനിയോഗിക്കും.
കോര്‍പറേഷന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിയമസഭാ സമുച്ഛയം കഴിഞ്ഞ മാസത്തില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു പൂര്‍ത്തീകരിച്ചിരുന്നു.ഇതിന് പുറമെ വഴുതക്കാട് വിമന്‍സ് കോളേജ്, പബ്ലിക് ലൈബ്രറി, കേരള യൂണിവേഴ്‌സിറ്റി ലൈബ്രററി, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു.
ഈ 5 കെട്ടിടങ്ങളുടെയും വാര്‍ഷിക വൈദ്യൂതി ബില്ലില്‍ ഏകദേശം 50 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത ഘട്ടത്തില്‍ എം എല്‍ എ ഹോസ്റ്റലിലും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.


Tags:    

Similar News