ആക്ടിവിഷനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്; നഷ്ടം സോണിക്ക്

ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതോടെ സോണിക്ക് ഓഹരി വിപണിയില്‍ ഒറ്റ ദിവസം നഷ്ടമായത് 1.49 ലക്ഷം കോടി രൂപ!

Update:2022-01-20 13:24 IST

വീഡിയോ ഗെയിം പ്ലാറ്റ്‌ഫോമായ ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെ മൈക്രോസോഫ്റ്റ് എറ്റെടുക്കുമെന്ന വാര്‍ത്ത ഏറ്റവും വലിയ തിരിച്ചടി നല്‍കിയത് ഈ രംഗത്തെ വമ്പന്മാരായ സോണി ഗ്രൂപ്പിന്. ഒറ്റ ദിവസം ഓഹരി വിപണിയില്‍ സോണിയുടെ മൂല്യം 20 ശതകോടി ഡോളര്‍ (ഏകദേശം 1.49 ലക്ഷം കോടി രൂപ) ആണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ഓഹരി വിലയില്‍ 13 ശതമാനം ഇടിവുണ്ടായതോടെ 2008 ഒക്ടോബറിന് ശേഷമുള്ള കമ്പനി ഓഹരികളുടെ ഏറ്റവും വലിയ ഇടിവായി ഇത്.

ഗെയിംസ്, നെറ്റ് വര്‍ക്ക് സര്‍വീസ് എന്നിവയില്‍ നിന്നാണ് സോണിയുടെ 30 ശതമാനം വരുമാനം ലഭിക്കുന്നത് എന്നിരിക്കെയാണ് ഈ മേഖലയിലെ പുതിയ സംഭവവികാസം സോണിക്ക് തിരിച്ചടിയായത്. എക്‌സക്ലൂസിവ് ഗെയ്മുകളുടെയുടെ വില്‍പ്പനയില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്ന സോണിക്ക് ഇനി മൈക്രോസോഫ്റ്റിന്റെ ഗെയിംമിംഗ് വിഭാഗമായ എക്‌സ്‌ബോക്‌സ് വലിയ വെല്ലുവിളിയാകും സോണിക്ക് ഉയര്‍ത്തുക.
കഴിഞ്ഞ ദിവസമാണ് ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെ ഏകദേശം 512362 കോടി രൂപയ്ക്ക് (68.7 ശതകോടി ഡോളര്‍) നല്‍കി ഏറ്റെടുക്കുന്നതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയത്. ഇതോടെ ഗെയ്മിംഗ്, വിനോദം എന്നീ മേഖലയില്‍ വരുമാനത്തില്‍ ടെന്‍സെന്റിനും സോണിക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായി മൈക്രോസോഫ്റ്റ് മാറും. ഏറ്റെടുക്കല്‍ മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വികസനത്തില്‍ പ്രധാന പങ്കു വഹിക്കുമെന്നും മൈക്രോസോഫ്റ്റ് കണക്കുകൂട്ടുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണും മറ്റും വീഡിയോ ഗെയിം വ്യവസായത്തിന് വലിയ ഗുണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ആക്ടിവിഷന്‍ നിര്‍മിച്ച കോള്‍ ഓഫ് ഡ്യൂട്ടി, ഓവര്‍വാച്ച് തുടങ്ങിയ ലോകപ്രശസ്ത ഗെയിമുകള്‍ മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സിന് വലിയ നേട്ടമുണ്ടാക്കും.


Tags:    

Similar News