ഉല്‍പ്പാദനം ഉയരില്ല, ലക്ഷ്യം തിരുത്തി മാരുതി സുസുക്കി
ഇന്ത്യയിലെ ആകെ കാര്‍ വില്‍പ്പന 2030ഓടെ 10 ദശലക്ഷം കടക്കുമെന്ന കണക്കുകൂട്ടലില്‍ 50 ശതമാനം വിപണി വിഹിതമായിരുന്നു സുസൂക്കി ലക്ഷ്യമിട്ടത്
സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ വില്‍പ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കി സുസൂക്കി മോട്ടോര്‍ കോര്‍പറേഷന്‍. മാരുതി സുസുക്കി, സുസുക്കി മോട്ടോര്‍ ഗുജറാത്ത് എന്നീ കമ്പനികള്‍ ചേര്‍ന്ന് 2030ഓടെ 5 ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കുമെന്നാണ് നേരത്തെ കമ്പനി പറഞ്ഞിരുന്നത്. ഇത് 3.5 ദശലക്ഷം വാഹനങ്ങളായി സുസൂക്കി ചുരുക്കി. 30 ശതമാനത്തിന്റെ ഇടിവാണിത്.
2021-22 കാലയളവില്‍ ഇന്ത്യന്‍ വിപണിയില്‍ സുസുക്കി 1.65 ദശലക്ഷം വാഹനങ്ങള്‍ വിറ്റിരുന്നു. ഇക്കാലയളവില്‍ ആഗോളതലത്തില്‍ സുസൂക്കി വിറ്റ 2.8 ദശലക്ഷം വാഹനങ്ങളില്‍ 60 ശതമാനവും ഇന്ത്യയുടെ സംഭാവന ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില്‍പ്പന 2 ദശലക്ഷം ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ ആകെ കാര്‍ വില്‍പ്പന 2030ഓടെ 10 ദശലക്ഷം കടക്കുമെന്ന കണക്കുകൂട്ടലില്‍ 50 ശതമാനം വിപണി വിഹിതം നേടുമെന്നായിരുന്നു സുസൂക്കിയുടെ കണക്കൂകൂട്ടല്‍. 2030ല്‍ ഇന്ത്യന്‍ വിപണിയുടെ വലുപ്പം 7-8 ദശലക്ഷം യൂണീറ്റുകളുടേതാവും എന്നാണ് സൂസൂക്കി ഇപ്പോള്‍ പറയുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ മാരുതി സുസുക്കിയുടെ വിപണി വിഹിതം 49.4ല്‍ നിന്ന് 41.4 ശതമാനമായി ഇടിഞ്ഞിരുന്നു. എസ്‌യുവി മോഡലുകളുടെ അഭാവം, കടുത്ത മത്സരം, ചിപ്പ് ക്ഷാമം തുടങ്ങിയവ മാരുതിക്ക് തിരിച്ചടിയായി.
നിലവില്‍ ഉല്‍പ്പാദനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് മാരുതി. 388,000 വാഹനങ്ങളാണ് മാരുതി കൊടുത്ത് തീര്‍ക്കാനുള്ളത്. 2021-22ല്‍ ഇന്ത്യയില്‍ ആകെ 3.06 പാസഞ്ചര്‍ കാറുകളാണ് വിറ്റത്. നടപ്പ് സാമ്പത്തി വര്‍ഷം ഒക്ടോബര്‍വരെ രാജ്യത്ത് വിറ്റത് 2.22 ദശലക്ഷം യൂണീറ്റ് കാറുകളാണ്.