സ്വിഗ്ഗിയും സൊമാറ്റോയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത ഹോട്ടലുകളെ ഒഴിവാക്കിത്തുടങ്ങി

Update: 2018-09-05 06:38 GMT

പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സേവന ദാതാക്കളായ സ്വിഗ്ഗിയും സൊമാറ്റോയും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ലൈസൻസ് (FSSAI licence) ഇല്ലാത്ത ഹോട്ടലുകളെ തങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്.

ഭക്ഷ്യ സുരക്ഷാ അതോറിറ്റി ജൂലൈയിൽ ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കമ്പനികൾ FSSAI ലൈസൻസ് ഇല്ലാത്ത ഹോട്ടലുകളെ തങ്ങളുടെ പ്ലാറ്റ് ഫോമിൽ നിന്ന് ഡി-ലിസ്റ്റ് ചെയ്യാൻ ആരംഭിച്ചത്.

സൊമാറ്റോ ഇപ്പോൾത്തന്നെ നൂറുകണക്കിന് റസ്റ്റോറന്റുകളെ ഇത്തരത്തിൽ ഒഴിവാക്കിയിട്ടുണ്ടെന്ന് സിഇഒ ദീപീന്തർ ഗോയൽ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

എഫ്എസ്എസ്എഐ ചട്ടങ്ങൾ പറയുന്നത്

ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചട്ടങ്ങൾ അനുസരിച്ച് ഇ-കോമേഴ്‌സ് ഫുഡ് സേവന ദാതാക്കൾ തങ്ങളുടെ പ്ലാറ്റ് ഫോമുകളിൽ ഹോട്ടലുകളുടെ എഫ്എസ്എസ്എഐ ലൈസൻസും രജിസ്ട്രേഷൻ നമ്പറും കാണിച്ചിരിക്കണം. ഓഗസ്റ്റ് ആദ്യം നടത്തിയ പരിശോധനയിൽ ഇത്തരം പ്ലാറ്റ് ഫോമുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹോട്ടലുകളിൽ 30-40 ശതമാനത്തോളം ലൈസൻസൊ രജിസ്ട്രേഷനോ ഇല്ലാത്തവയാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി കണ്ടെത്തിയിരുന്നു.

Similar News