ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാന്‍ സിനര്‍ജി ഗ്രൂപ്പ്

Update: 2020-01-21 05:40 GMT

ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ കമ്പനിയായ സിനര്‍ജി ഗ്രൂപ്പും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രുഡന്റ് അസറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനിയും കൈ കോര്‍ക്കുന്നു. അതേസമയം, കമ്പനി സ്വന്തമാക്കാനുള്ള താല്‍പ്പര്യത്തില്‍ നിന്ന് ഹിന്ദുജ ഗ്രൂപ്പ് പിന്നോക്കം പോയതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ജെറ്റ് എയര്‍വേസ് പാപ്പരത്ത പരിഹാര പ്രക്രിയയെ നേരിടുകയാണിപ്പോള്‍. നേരത്തെ തന്നെ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് സിനര്‍ജി ഗ്രൂപ്പ് പറഞ്ഞിരുന്നെങ്കിലും കൂടുതല്‍ സമയം തേടിയിരുന്നു. ഇതോടെ എയര്‍വേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കേണ്ട അവസാന തീയതി ഒരു മാസത്തേക്ക് നീട്ടി. എന്നാല്‍ ഈ തിയതിക്കകം സന്നദ്ധത അറിയിക്കാന്‍ സിനര്‍ജി ഗ്രൂപ്പിന് സാധിച്ചില്ല.

ജനുവരി ആറിന് തങ്ങള്‍ക്ക് എയര്‍വേസ് ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്നും വളരെ ഗൗരവത്തോടെയാണ് ഇതിനെ സമീപിക്കുന്നതെന്നും സിനര്‍ജി ഗ്രൂപ്പ് അറിയിക്കുകയായിരുന്നു. എയര്‍വേസിന്റെ ക്രെഡിറ്റര്‍മാരോടും ബാങ്കുകളോടും ഉപദേശകരോടും ചോദിച്ച ശേഷമാണ് സിനര്‍ജി ഗ്രൂപ്പ് താത്പര്യപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ എത്ര രൂപയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

എയര്‍വേസില്‍ 49 ശതമാനം ഓഹരികള്‍ വാങ്ങാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് വിവരം.പ്രൂഡന്റ് അസറ്റ്‌സുമായി ചേര്‍ന്ന് എയര്‍വേസ് പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. എന്നാല്‍, ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജെറ്റ് എയര്‍വേയ്സ്  നെതര്‍ലാന്‍ഡ്സിലെ ബിസിനസ്സ് കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന് വില്‍ക്കാന്‍ പദ്ധതിയിടുന്നതാടുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.എന്നാല്‍ സിനര്‍ജി ഗ്രൂപ്പിന്റെ രംഗപ്രവേശം സജീവമായതോടെ ഈ നീക്കം അനിശ്ചിചത്വത്തിലായി.

ബ്രസീലിലെ റിയോ ഡി ജനീറോ ആസ്ഥാനമായുള്ള സിനര്‍ജി ഗ്രൂപ്പ് തെക്കേ അമേരിക്കയില്‍ വിമാനക്കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു പുറമേ എണ്ണ, പ്രകൃതിവാതകം പര്യവേക്ഷണ ബസിനസിലും സജീവമാണ്. ജലവൈദ്യുത നിലയങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, കപ്പല്‍ നിര്‍മ്മാണം, സാങ്കേതിക പരിശോധന, റേഡിയോ കെമിസ്ട്രി, റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രികള്‍ച്ചര്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലും വേരു പടര്‍ത്തിയിട്ടുണ്ട്.

സ്റ്റീല്‍, വൈദ്യുതി, റിയല്‍ എസ്റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രദീപ് ഗോയല്‍ ആണ് പ്രുഡന്റ് അസറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മുഖ്യ പ്രൊമോട്ടറും സിഎംഡിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News