ജുന്‍ജുന്‍വാലയുടെ 'ആകാശ'യ്ക്ക് ഉയര്‍ന്നുപറക്കാം, പക്ഷെ ടാറ്റയുടെ സ്വന്തം എയര്‍ഇന്ത്യയോളം എത്തുമോ?
രാകേഷ് ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന എയര്‍ലൈന്‍സ് കമ്പനിക്ക് അടുത്തവര്‍ഷം പകുതിയോടെ പ്രവര്‍ത്തിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ ഓ സി.
രാകേഷ് ജുന്‍ജുന്‍വാല പ്രൊമോട്ട് ചെയ്യുന്ന വിമാനക്കമ്പനി ആകാശയ്ക്ക് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടാറ്റ ഗ്രൂപ്പിന്റെ വിസ്താരയും എയര്‍ഇന്ത്യയും പാറിപ്പറക്കുന്ന വ്‌യോമപഥങ്ങളില്‍ ആകാശ അല്‍പ്പം ആഞ്ഞു പറക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. കാരണം മേഖലയില്‍ ഈ ബജറ്റ് എയര്‍ലൈന്‍സിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ തന്നെ.
എസ്എന്‍വി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് എന്ന ആകാശ എയര്‍ ബ്രാന്‍ഡിന്റെ കമ്പനി ലോ കോസ്റ്റ് കാരിയര്‍ (LCC), അള്‍ട്രാ ലോ കോസ്റ്റ് കാരിയര്‍(ULCC) എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 18000 ഡോളര്‍ ചെലവില്‍ ടാറ്റ ഈ രംഗത്തേക്ക് വരുന്നത് ലോ കോസ്റ്റ് കാരിയറുകളുടെ കാറ്റഗറി തന്നെ പ്രധാനലക്ഷ്യമാക്കിയാണെന്നാണ് വാര്‍ത്തകള്‍.
സഞ്ചാരത്തിന് പെര്‍മിറ്റ്
നോ ഒബ്ജക്ഷന്‍ ലഭിച്ചാല്‍ ആകാശയ്ക്ക് എയര്‍ ഓപ്പറേറ്റേഴ്‌സ് പെര്‍മിറ്റ് അല്ലെങ്കില്‍ എഒപിക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് അപേക്ഷിക്കാനാകും. എഓപി ലഭിച്ചതിന് ശേഷം എയര്‍ലൈനിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെങ്കിലും ഇതിന് മൂന്ന് മുതല്‍ ആറ് മാസം വരെ എടുത്തേക്കാം. ഈ സമയത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സ് വ്യവസായത്തിലെ മുന്‍നിരക്കാരായ ടാറ്റ പൂര്‍ണസജ്ജമായ നിരക്ക് കുറഞ്ഞ വിമാന സര്‍വീസ് സജീവമാക്കിയാല്‍ ആകാശയ്ക്ക് വലിയ വെല്ലുവിളിയായേക്കും.
അതേസമയം വെല്ലുവിളികളെ വകവയ്ക്കാതെ വന്‍ പദ്ധതികളും പാക്കേജുകളുമായിരിക്കും ജുന്‍ജുന്‍വാല പിന്തുണയ്ക്കുന്ന ആകാശ അവതരിപ്പിക്കുകയെന്നും സംസാരമുണ്ട്. ജുന്‍ജുന്‍വാലയുടെ ബ്രാന്‍ഡ് നാമം കമ്പനിയുടെ പ്രൊമോഷനെ സഹായിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏതായാലും ക്ലീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന, താങ്ങാവുന്ന എയര്‍ലൈനാകാനുള്ള പരിശ്രമമാണ് തങ്ങളുടേതെന്നും 2022 സമ്മര്‍ സീസണില്‍ ഇന്ത്യയിലുടനീളം വിമാനങ്ങള്‍ നല്‍കാന്‍ ആകാശ എയര്‍ പദ്ധതിയിടുന്നതായുമാണ് കമ്പനിയുടെ ഏറ്റവുമൊടുവില്‍ ഇറങ്ങിയ പ്രസ്താവന പറയുന്നത്. വ്യോമയാന വ്യവസായത്തില്‍ ഇന്ത്യയില്‍ മത്സരം മുറുകുമെന്നതില്‍ സംശയമില്ല.