ലക്ഷ്യത്തിനരികെ ടാറ്റ, എയര്‍ ഏഷ്യയെ പൂര്‍ണമായും ഏറ്റെടുക്കാന്‍ അനുമതി

ടാറ്റ സണ്‍സിന് എയര്‍ഏഷ്യ ഇന്ത്യയില്‍ 83.67 ശതമാനം ഓഹരികളാണുള്ളത്

Update:2022-06-15 11:45 IST

ടാറ്റ സണ്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയര്‍ ഇന്ത്യയ്ക്ക്, എയര്‍ഏഷ്യ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളുടെ സ്വന്തമാക്കാന്‍ സിസിഐ (കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) യുടെ അനുമതി. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നിക്ഷേപ-ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് എയര്‍ ഏഷ്യ ഇന്ത്യയില്‍ 83.67 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 16.33 ശതമാനം ഓഹരികള്‍ സംയുക്ത സംരംഭ പങ്കാളിയായ മലേഷ്യയുടെ എയര്‍ഏഷ്യ ഗ്രൂപ്പിന്റെ കൈവശമാണ്. ഇത് ഏറ്റെടുക്കാനുള്ള പദ്ധതികള്‍ക്കാണ് സിസിഐ അംഗീകാരം നല്‍കിയത്.

ഈ വര്‍ഷം ഏപ്രിലിലാണ് എയര്‍ ഏഷ്യയുടെ ഓഹരികള്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതിന് എയര്‍ ഇന്ത്യ സിസിഐയുടെ അനുമതി തേടിയത്. എയര്‍ ഇന്ത്യ, അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയ്ക്കൊപ്പം ഇന്ത്യയില്‍ ആഭ്യന്തര, അന്തര്‍ദേശീയ പാസഞ്ചര്‍ സര്‍വീസുകള്‍, എയര്‍ കാര്‍ഗോ, ചാര്‍ട്ടര്‍ സേവനങ്ങള്‍ എന്നിവയാണ് നടത്തുന്നത്.
'എയര്‍ ഏഷ്യ' എന്ന ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഏഷ്യ ഇന്ത്യ, രാജ്യത്ത് ആഭ്യന്തര ഷെഡ്യൂള്‍ഡ് പാസഞ്ചര്‍ സര്‍വീസുകളും എയര്‍ കാര്‍ഗോ സര്‍വീസുകളും ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് സര്‍വീസുകളുമാണ് നല്‍കുന്നത്. എയര്‍ഏഷ്യ ഇന്ത്യ അന്താരാഷ്ട്ര റൂട്ടുകളില്‍ ഷെഡ്യൂള്‍ ചെയ്ത പാസഞ്ചര്‍ സേവനങ്ങള്‍ നല്‍കുന്നില്ല. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസിന് ആഭ്യന്തര സര്‍വീസുകളുണ്ട്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ഏഷ്യ ഇന്ത്യ, എഐ സാറ്റ്സ് (ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്ഥാപനം) എന്നീ എയര്‍ലൈന്‍ സംരംഭങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ സണ്‍സിന് വിസ്താരയില്‍ ടാറ്റയ്ക്ക് 51 ശതമാനം പങ്കാളിത്തമാണുള്ളത്. ബാക്കി 49 ശതമാനം സംയുക്ത സംരംഭമായ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതുമാണ്. സര്‍ക്കാരിന്റെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ടാറ്റ സണ്‍സ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.



Tags:    

Similar News