ഹൊസൂരിലെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുടെ ശേഷി രണ്ട് ഇരട്ടിയാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഇലക്ട്രോണിക്‌സ്. അടുത്തിടെ ഐഫോണ്‍ നിര്‍മാതാക്കളായ വിസ്‌ട്രോണിന്റെ കര്‍ണാടകയിലെ നരസാപുരയിലെ ഫാക്ടറി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ നീക്കം. മുന്തിയ ഇലക്ട്രോണിക് ഐറ്റംസും ആക്‌സസറികളും കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍മിച്ചു നല്‍കുന്നത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിപുലീകരണം.
500 ഏക്കറില്‍ 5,000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ഫാക്ടറിയില്‍ നിലവില്‍ 15,000 പേര്‍ ജോലി ചെയ്യുന്നു. ഫാക്ടറിയുടെ ശേഷി വര്‍ധിപ്പിക്കുന്നതോടെ 25,000-28,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സൗകര്യങ്ങള്‍ പൂര്‍ണമായും ആപ്പിള്‍ ഐഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കാനായിട്ടായിരിക്കുമെന്നാണ് സൂചനകള്‍. ഇന്ത്യയില്‍ നിന്ന് വന്‍ കയറ്റുമതിയാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. അതേസമയം, മറ്റ് കമ്പനികള്‍ക്ക് വേണ്ടിയും സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിച്ചേക്കാമെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കയറ്റുമതിയിൽ കുതിപ്പ്
ചൈനയ്ക്ക് പുറത്ത് മാനുഫാക്ചറിംഗ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ള ഏക കമ്പനിയാണ് ടാറ്റ ഇലക്ട്രോണിക്‌സ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ സാംസംഗിനെ പിന്തള്ളി ആപ്പിള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ജൂണ്‍ പാദത്തില്‍ 1.2 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയച്ച് മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 49 ശതമാനമാണ് ആപ്പിള്‍ സ്വന്തമാക്കിയത്. ഇക്കാലയളവില്‍ സാംസംഗിന് നേടാനായത് 45 ശതമാനം വിഹിതം മാത്രം. 2024-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ 500 കോടി ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) കയറ്റുമതി ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നടത്തിയിട്ടുണ്ട്.