8000 കോടിയുടെ ഡീലുമായി ടാറ്റ എയർപോർട്ട് ബിസിനസിലേക്ക്

Update: 2019-03-27 09:23 GMT

ടാറ്റ ഗ്രൂപ്പ് എയർപോർട്ട് ബിസിനസിലേക്ക് കടക്കുന്നു. ടാറ്റ നയിക്കുന്ന കൺസോർഷ്യം ജിഎംആർ എയർപോർട്സിന്റെ ഓഹരി വാങ്ങാൻ 8000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ടായ ഡൽഹി എയർപോർട്ടിന്റെ നടത്തിപ്പുകാരാണ് ജിഎംആർ. സിംഗപ്പൂരിലെ വെൽത്ത് ഫണ്ടായ ജിഐസി, എസ്‌എസ്‌ജി ക്യാപിറ്റൽ മാനേജ്മെന്റ് എന്നിവ കൺസോർഷ്യത്തിൽ ഉൾപ്പെടും.

കരാറിലൂടെ 1000 കോടി രൂപ ജിഎംആർ എയർപോർട്സിന് ലഭിക്കുക. പാരന്റ് കമ്പനിയായ ജിഎംആർ ഇൻഫ്രാസ്ട്രക്ചറിൽ നിന്നും എയർപോർട്സ് യൂണിറ്റിന്റെ 7000 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളാണ് വാങ്ങുക.

കരാർ നടപ്പായാൽ, കമ്പനിയിൽ ടാറ്റയ്ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ജിഐസിക്ക് 15 ശതമാനവും എസ്‌എസ്‌ജിക്ക് 10 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. ഡീലിന് ശേഷം ജിഎംആർ എയർപോർട്സിന്റെ മൂല്യം 18,000 കോടി രൂപയായി ഉയരും.

2018 ഡിസംബറിൽ 2.9 ബില്യൺ ഡോളറായിരുന്നു ജിഎംആർ ഇൻഫ്രാസ്ട്രക്ചറിന്റെ കടം. കടം ചുരുക്കുന്നതിന്റെ ഭാഗമായി ആസ്തികൾ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.

Similar News