ടാറ്റാ പ്ലേയിലെ 'ഡിസ്‌നി' ഓഹരി ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ്; ചര്‍ച്ചകള്‍ക്ക് തുടക്കം
ഇതോടെ ടാറ്റാ പ്ലേയുടെ മൂല്യം ഏകദേശം 100 കോടി ഡോളര്‍ കടന്നേക്കും
വാള്‍ട്ട് ഡിസ്നിയുടെ ഓഹരി ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് ടാറ്റാ ഗ്രൂപ്പ്. സബ്സ്‌ക്രിപ്ഷന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ടാറ്റാ പ്ലേയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഓഹരി വാങ്ങാനാണ് ടാറ്റാ ഗ്രൂപ്പ് ആലോചിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ടാറ്റാ പ്ലേയുടെ മൂല്യം ഏകദേശം 100 കോടി ഡോളര്‍ കടന്നേക്കും (8200 കോടി രൂപ). ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകളിലാണെന്ന് സൂചനയുണ്ട്.
ടാറ്റാ സണ്‍സും നെറ്റ്വര്‍ക്ക് ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസസ് എഫ്.ഇസഡ്-എല്‍.എല്‍.സി (എന്‍.ഡി.ഡി.എസ്) എന്ന ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്സിന്റെ സ്ഥാപനവും തമ്മിലുള്ള 80:20 സംയുക്ത സംരംഭമായി ആരംഭിച്ച കമ്പനിയാണ് ടാറ്റാ പ്ലേ (മുമ്പ് ടാറ്റാ സ്‌കൈ). എഫ്.ഡി.ഐ ചട്ടപ്രകാരം ഫോക്സിന് ടാറ്റാ പ്ലേയില്‍ 20 ശതമാനം ഓഹരി മാത്രമേ കൈവശം വയ്ക്കാനാകൂ. പിന്നീട് ഫോക്‌സുമായി കരാര്‍ ഉണ്ടാക്കിയ ഡിസ്‌നി ടാറ്റാ പ്ലേയുടെ ഓഹരി ഉടമയായി.
നിലവില്‍ ടാറ്റാ പ്ലേയില്‍ ടാറ്റ സണ്‍സിന് 50.2 ശതമാനം ഓഹരിയുണ്ട്. അതേസമയം ഡിസ്നിയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക്കും ബാക്കി ഓഹരികള്‍ കൈവശം വച്ചിരിക്കുകയാണ്. എന്നാല്‍ ടാറ്റാ പ്ലേയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഓഹരി മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാള്‍ട്ട് ഡിസ്നിയും അംബാനിയും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ വിഭാഗമായ വയാകോം 18 മീഡിയയുമായി വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ യൂണിറ്റ് ലയിപ്പിക്കാന്‍ ഫെബ്രുവരി അവസാനത്തോടെ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഡിസ്‌നിയുമായി ടാറ്റാ ഗ്രൂപ്പ് ചര്‍ച്ച നടത്തുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ഈ സംയുക്ത സംരംഭത്തില്‍ റിലയന്‍സ് 11,500 കോടി രൂപ നിക്ഷേപിക്കും. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയായിരിക്കും കമ്പനിയെ നയിക്കുക.