അംബാനിയും അദാനിയും കളം നിറയും മുമ്പ് നേട്ടമുണ്ടാക്കാന്‍ ടാറ്റയുടെ സൂപ്പര്‍ ആപ്പ്

അദാനി ഗ്രൂപ്പിന്റെ സൂപ്പര്‍ ആപ്പ് ഈ വര്‍ഷം എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ രീതികള്‍ മാറ്റാന്‍ ഒരുങ്ങുകയാണ് ടാറ്റ

Update:2023-01-12 16:06 IST

ടാറ്റ ഗ്രൂപ്പിന്റെ സ്വപ്‌ന പദ്ധതിയാണ് ടാറ്റ ന്യൂ (Tata Neu) എന്ന സൂപ്പര്‍ ആപ്പ് (Super App). വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നവയാണ് സൂപ്പര്‍ ആപ്പുകള്‍. 2022 ഐപിഎല്‍ സീസണില്‍ പുറത്തിറങ്ങിയ ടാറ്റ ന്യൂവിനായി വലിയ പ്രചാരണങ്ങളാണ് കമ്പനി നടത്തിയത്. 5 കോടി ഉപഭോക്താക്കളെ നേടിയെങ്കിലും വരുമാനം ഉയര്‍ന്നില്ല.

നടപ്പ് സാമ്പത്തിക വര്‍ഷം 8 ബില്യണ്‍ ഡോളറിന്റെ (64,000 കോടി രൂപ) വരുമാനം ആണ് ടാറ്റ ന്യൂ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് 4 ബില്യണ്‍ ഡോളറോളം മാത്രമായിരിക്കുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ച്ച മുന്നില്‍ കണ്ട് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഡിജിറ്റല്‍ ബിസിനസുകളെയെല്ലാം സൂപ്പര്‍ ആപ്പിന്റെ നടത്തിപ്പുകാരായ ടാറ്റ ഡിജിറ്റലില്‍ ലയിപ്പിച്ചിരുന്നു.

ധന സമാഹരണം, വരുമാനം കൂട്ടൽ  തുടങ്ങിയ ലക്ഷ്യമിട്ടുള്ള നയമാറ്റങ്ങള്‍ ടാറ്റ നടത്തുമെന്നാണ് വിവരം. ബിഗ്ബാസ്‌കറ്റ്, ഇ-ഫാര്‍മസി 1എംജി ഉള്‍പ്പടെയുള്ളവയെ ഏറ്റെടുത്ത ടാറ്റ ഈ മേഖലയില്‍ 2 ബില്യണ്‍ ഡോളറോളം ആണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവരും സൂപ്പര്‍ ആപ്പുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ അംബാനി- അദാനിയും മത്സരം തുടങ്ങും  മുമ്പ് തന്നെ വിപണി ഉറപ്പിക്കേണ്ടതും ടാറ്റയുടെ ആവശ്യമാണ്.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങി മീഷോ വരെയുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോടാണ് ടാറ്റ ന്യൂ മത്സരിക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ശതമാനവും എത്തുന്നത് നിലവില്‍ ഇലക്ട്രോണിക്‌സ് വിഭാഗമായ ക്രോമ, ബിഗ്ബാസ്‌കറ്റ് എന്നിവയിലൂടെയാണ്. ടാറ്റ ഡിജിറ്റലിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണവും പരിഗണിക്കുന്നുണ്ട്. 2025ഓടെ ബിഗ് ബാസ്‌കറ്റ് ഐപിഒ നടത്തിയേക്കും. കഴിഞ്ഞ ഡിസംബറില്‍ 20 കോടി ഡോളര്‍ ബിഗ്ബാസ്‌കറ്റ് സമാഹരിച്ചിരുന്നു.

2021-22 സാമ്പത്തിക വര്‍ഷം ടാറ്റ ഡിജിറ്റലിന്റെ (Tata Digital) നഷ്ടം 3,051 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം ഉയര്‍ന്നത് ആറിരട്ടിയോളം ആണ്. 536 കോടി രൂപയായിരുന്നു 2020-21ലെ നഷ്ടം. ഐഎന്‍സി42ന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2022ലെ ഫെസ്റ്റിവല്‍ സീസണില്‍ ടാറ്റന്യൂ 5.2 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. ടാറ്റ യുണിസ്റ്റോര്‍ (ടാറ്റ ക്ലിക്ക്), ക്രോമ, ബിഗ്ബാസ്‌കറ്റ്, ക്യുവര്‍ ഫിറ്റ്, ഗ്രാമീണ്‍ ഇസ്റ്റോര്‍, 1എംജി, ആക്സെസ്ബെല്‍, ഉര്‍ജ തുടങ്ങിയ സ്ഥാപനങ്ങളൊക്കെ ടാറ്റ ഡിജിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

Tags:    

Similar News