അനില്‍ അംബാനി: കുതിപ്പും കിതപ്പും

Update:2019-05-25 08:25 IST

2019 ഫെബ്രുവരി 21ന് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു വാര്‍ത്ത വന്നു. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ കീഴിലെ 120 ലേറെ കമ്പനികള്‍ക്ക് ഒരേ മേല്‍വിലാസമെന്ന്. നരേന്ദ്ര മോദി സര്‍ക്കാര്‍ കടലാസ് കമ്പനികളെ ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് ലോകത്ത് ശുദ്ധികലശം നടത്തുന്നതിനിടെയാണ് ഈ കണ്ടെത്തല്‍.

റിലയന്‍സ് ഏയ്‌റോ സ്ട്രക്ചര്‍, റിലയന്‍സ് ഹെലികോപ്‌റ്റേഴ്‌സ്, റിലയന്‍സ് ഡിഫന്‍സ് സിറ്റംസ് ആന്‍ഡ് ടെക്, റിലയന്‍സ് ഡിഫന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് നേവല്‍ സിസ്റ്റംസ്, റിലയന്‍സ് അണ്‍മാന്‍ഡ് സിസ്റ്റംസ് എന്നിങ്ങനെ നീളുന്നു ആ കമ്പനികളുടെ പേരുകള്‍. ഇവയില്‍ പലതും വെറും കടലാസ് കമ്പനികള്‍ തന്നെ. വിലാസവും ഒന്നു തന്നെ.

ഫോബ്‌സിന്റെ വാര്‍ഷിക ലിസ്റ്റ് പ്രകാരം 2006 മാര്‍ച്ചില്‍ ഇന്ത്യയിലെ മൂന്നാമത്തെ അതിസമ്പന്നനായിരുന്ന അനില്‍ അംബാനി ഇന്ന് അതിഭീകരമായ കടം വീട്ടാന്‍ ഗ്രൂപ്പ് കമ്പനികള്‍ ഒന്നൊന്നായി വിറ്റുകൊണ്ടിരിക്കുകയാണ്. 2018 സെപ്റ്റംബറിലെ കണക്ക് പ്രകാരം അനില്‍ അംബാനി ഗ്രൂപ്പിന്റെ മൊത്തം കടം 1.72 ലക്ഷം കോടി രൂപയാണ്.

വില്ലനായി 4 കമ്പനികള്‍

റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ നാല് കമ്പനികളാണ് ഈ കടഭാരത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്തിരിക്കുന്നത്. 2000ത്തിന്റെ ആദ്യ നാളുകളില്‍ ലഭിച്ചിരുന്ന ചെലവ് കുറഞ്ഞ ഫണ്ടുകള്‍ യഥേഷ്ടം സമാഹരിച്ച് മോഹം തോന്നിയ മേഖലകളിലെല്ലാം പതിനായിരക്കണക്കിന് കോടികള്‍ നിക്ഷേപിച്ച് നടത്തിയ യാത്രയുടെ സ്വാഭാവികമായ അന്ത്യം കൂടിയാണ് ഇപ്പോള്‍ കാണുന്നത്.

അനില്‍ അംബാനി കഥ ഇതുവരെ

2002 ജൂലൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുഭായ് അംബാനി ചരമമടയുന്നു. മക്കളില്‍ മൂത്തയാളായ മുകേഷ് ചെയര്‍മാനാകുന്നു.അനില്‍ മാനേജിംഗ് ഡയറക്റ്ററും

2004 നവംബര്‍: മുകേഷ് - അനില്‍ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരുന്നു.

2005 ജൂലൈ: മാതാവ് കോകില ബെന്നിന്റെ മധ്യസ്ഥതയില്‍ റിലയന്‍സ് സാമ്രാജ്യം വിഭജിക്കപ്പെടുന്നു. ആര്‍ഐഎല്ലും ഐപിസിഎല്ലും മുകേഷിനും മുകേഷ് ഏറെ പരിപാലിച്ചുകൊണ്ടുവന്ന റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് എനര്‍ജി, റിലയന്‍സ് കാപ്പിറ്റല്‍ എന്നിവ അനിലിനും നല്‍കുന്നു.

2006 മാര്‍ച്ച്: 14.8 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അനില്‍ ഫോബ്‌സ് ലിസ്റ്റ് പ്രകാരം രാജ്യത്തെ മൂന്നാമത്തെ അതിസമ്പന്നന്‍.

2006 നവംബര്‍: കെ - ജി ബേസിനില്‍ നിന്നുള്ള വാതകത്തിന്റെ പേരില്‍ കോടതിയില്‍ യുദ്ധം ആരംഭിക്കുന്നു. ആര്‍ഐഎല്‍ നാച്വറല്‍ ഗ്യാസില്‍ നിന്ന് തന്റെ ദാദ്രി പവര്‍ പ്രോജക്റ്റിലേക്ക് കുടുംബത്തിലെ ധാരണ പ്രകാരം സൗജന്യ നിരക്കില്‍ വാതകം വേണമെന്നായിരുന്നു അനിലിന്റെ ആവശ്യം.

2009 ഒക്‌റ്റോബര്‍: ഇതിന്റെ പേരില്‍ അംബാനി സഹോദരന്മാര്‍ സുപ്രീം കോടതിയിലേക്ക്

2010 മെയ്: മുകേഷ് അംബാനിക്ക് അനുകൂലമായി വിധി. നോണ്‍ കോംപീറ്റ് ക്ലോസ് എടുത്തുമാറ്റി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ മുകേഷിന് വാതകം വില്‍ക്കാന്‍ അനുമതി.

2010 ജൂണ്‍: ഒരേ മേഖലയില്‍ പരസ്പരം മത്സരിക്കരുതെന്ന ധാരണയുടെ കാലാവധി അവസാനിച്ചതോടെ ടെലികോം രംഗത്തേക്ക് മുകേഷ് കടന്നുവരുന്നു. ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡിനെ 4,800 കോടിക്ക് വാങ്ങിയായിരുന്നു ആ വരവ്.

2014 സെപ്റ്റംബര്‍: സ്ഥലത്തിന്റെയും വാതകത്തിന്റെയും ലഭ്യതയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ദാദ്രി പ്രോജക്റ്റില്‍ നിന്ന് അനില്‍ പിന്മാറുന്നു.

2014 ഡിസംബര്‍: റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിന്റെ അഭിമാനമായ ബിഗ് സിനിമാസ് മലയാളിയായ ശ്രീകാന്ത് ഭാസി സാരഥ്യം നല്‍കുന്ന കാര്‍ണിവല്‍ ഗ്രൂപ്പിന് വില്‍ക്കുന്നു.

2016 ഒക്ടോബര്‍: കുറഞ്ഞ നിരക്കും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി ഇന്ത്യന്‍ മൊബീല്‍ ടെലിഫോണ്‍ വിപണിയെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് മുകേഷ് റിലയന്‍സ് ജിയോ അവതരിപ്പിക്കുന്നു.

2018 ഓഗസ്റ്റ്: മുംബൈ സിറ്റി പവര്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് റിലയന്‍സ് ഇന്‍ഫ്രാ 18,800 കോടി രൂപയ്ക്ക് അദാനി ട്രാന്‍സ്മിഷന് വില്‍ക്കുന്നു.

2018 ഡിസംബര്‍: ആര്‍കോമിന്റെ കടബാധ്യത ഏറ്റെടുക്കാന്‍ മുകേഷ് വിസമ്മതിച്ചതോടെ ആര്‍കോമിന്റെ സ്‌പെക്ട്രം 18,000 കോടി രൂപയ്ക്ക് വാങ്ങാന്‍ മുകേഷും അനിലും തമ്മിലുണ്ടാക്കിയ ധാരണ പൊളിയുന്നു.

2019 ഫെബ്രുവരി: കടം പുനഃക്രമീകരിക്കാന്‍ എന്‍സിഎല്‍ടിയെ ആര്‍കോം സമീപിക്കുന്നു. കമ്പനിയുടെ ഓഹരി വില കൂപ്പുകുത്താന്‍ ആര്‍കോമിന്റെ ഫണ്ട് ദാതാക്കള്‍ ഇടയാക്കിയെന്ന് അനില്‍ ആരോപിക്കുന്നു. എറിക്‌സണിന് 453 കോടി നല്‍കാന്‍ കോടതി വിധി.

പണം നല്‍കിയില്ലെങ്കില്‍ നാലുമാസം ജയില്‍ശിക്ഷയും വിധിച്ചിരുന്നു. അവസാന നിമിഷം മുകേഷ് രക്ഷകനായെത്തി പണം നല്‍കി അനിലിനെ ജയില്‍ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നു.

Similar News