വിദേശ വ്യാപാരത്തില്‍ ശ്രദ്ധിക്കാന്‍ ചില തിയതി കാര്യങ്ങള്‍

കാലാവധി തീയതികളില്‍ അങ്ങേയറ്റം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പണം ചോരും

Update:2021-04-15 13:00 IST

വിദേശ വ്യാപാര ചട്ടങ്ങളും നടപടിക്രമങ്ങളും സമയബന്ധിതമാണ്. പലതിലും തീയതി ഒരു വില്ലനാണ്. സാമ്പത്തിക വര്‍ഷാവസാനത്തില്‍ തീയതി പ്രശ്‌നങ്ങള്‍ കൂടുതലാണ്. സാമ്പത്തിക വര്‍ഷാവസാനത്തിന്റെ അവസാന ദിവസങ്ങളില്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുപോകുന്ന ചരക്കുകളുടെ ബില്ലിലെ തീയതി ആകില്ല ഷിപ്പിംഗ് ബില്ലിലെ തീയതി. ഉദാഹരണത്തിന്, മാര്‍ച്ച് 27ന് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ചരക്ക് പോര്‍ട്ടില്‍ എത്തുന്നത് 28ന് ആകും. അന്നുതന്നെ ഷിപ്പിംഗ് ബില്‍ ഉണ്ടായാല്‍ പോലും പരിശോധനയും ചെക്കിംഗും പിന്നെയും വൈകും. മാര്‍ച്ച് 31കഴിഞ്ഞാല്‍ വര്‍ഷം മാറി. അപ്പോള്‍ കയറ്റുമതി ടേണ്‍ ഓവര്‍ ആ വര്‍ഷത്തെ ആവില്ല.

നാം status certificate വേണ്ടി അപേക്ഷിക്കുമ്പോള്‍ ഓരോ സാമ്പത്തികവര്‍ഷത്തിലേയും ആകെത്തുകയാണ് കണക്കാക്കുക. വര്‍ഷാന്ത്യത്തിലെ കയറ്റുമതിയുടെ വര്‍ഷം മാറിപ്പോകാന്‍ സാധ്യതയുണ്ടെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം പോയ മൂന്നുവര്‍ഷങ്ങളിലെയും, നടപ്പുവര്‍ഷത്തെയും ആകെത്തുകയാണ് കണക്കിലെടുക്കുക. അതൊരു തുടര്‍ച്ച ആയതുകൊണ്ട് അടുത്ത വര്‍ഷത്തെ കണക്കില്‍ കൊള്ളിക്കാം. എന്നാല്‍ ഒരു അഡ്വാന്‍സ് ഓതറൈസേഷന്റെ കാര്യത്തില്‍ വ്യത്യാസം വരാം.
ഇവിടെ അവസാന തീയതി വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രത്യേക കാലഘട്ടത്തില്‍ മാസത്തിന്റെ ഏതു തിയ്യതിയാണെങ്കിലും അതിന്റെ അവസാന തീയതി ആ മാസത്തിന്റെ അവസാന തീയതി ആയിരുന്നു. അതായത് 03.01.2009ന് കാലം തികയുന്നെങ്കില്‍ അത് ആ മാസത്തിന്റെ അവസാന ദിവസം വരെ അതായത് 31.03.2009 വരെ കയറ്റുമതി ചെയ്യാം. ഇറക്കുമതിയ്ക്കും അങ്ങനെത്തന്നെ. എന്നാല്‍ ഇപ്പോള്‍ ആ ദിവസം തന്നെ അതവസാനിക്കുന്നു. അതുകൊണ്ട് കയറ്റുമതി ചെയ്യാനുള്ള ചരക്കുകളും ഡോക്യുമെന്‍സും കാലേകൂട്ടി കസ്റ്റംസ് അധികൃതരുടെ പക്കല്‍ എത്തിക്കാന്‍ ശ്രമിക്കണം. കയറ്റുമതിയുടെ തീയതി മാറിപ്പോയാല്‍ വീണ്ടും ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരും. അതില്‍ വിജയിക്കാം പരാജയപ്പെടം. എന്തിനാ ഒരു ഭാഗ്യപരീക്ഷണം!
അതുപോലെ തന്നെ LC പേമെന്റാണെങ്കില്‍ അവിടെയും തീയതി ശ്രദ്ധിക്കണം. കയറ്റുമതി ചെയ്തിരിക്കണം എന്ന് പറയുന്ന തീയതിയില്‍ അത് നടന്നിരിക്കണം. ഇല്ലെങ്കില്‍ LC സമ്പ്രദായത്തില്‍ നിന്ന് പുറത്ത് പോകും, പിന്നെ സാധാരണ രീതിയില്‍ ചെയ്യേണ്ടി വരും. വാങ്ങുന്ന ആള്‍ പണം തരാന്‍ മടികാണിച്ചാല്‍ അല്ലെങ്കില്‍ പിന്‍തിരിഞ്ഞാല്‍ സംഗതി മൊത്തം വഷളാകും. അതുകൊണ്ട് തീയതിയുടെ പ്രാധാന്യം മനസിലാക്കിയിരിക്കണം, അതനുസരിച്ച് എല്ലാം കാലേകൂട്ടി ചെയ്തിരിക്കണം.
മറ്റൊരു ഉദാഹരണം കൂടി പറയാം. എംഇഐഎസ് 31.12.2020 നിര്‍ത്തലാക്കി. കയറ്റുമതിയുടെ ഷിപ്പിംഗ് ബില്ലിന്റെ യഥാര്‍ത്ഥ തീയതിയും കയറ്റുമതിയുടെ യഥാര്‍ത്ഥ തീയതിയും എന്തെങ്കിലും കാരണവശാല്‍ 01.01.2021ലേക്ക് മാറിപ്പോയാല്‍ എംഇഐഎസിന്റെ അര്‍ഹത നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കണം. ഇത്‌പോലെത്തന്നെയാണ് എംഇഐഎസ്സിന്റെ അര്‍ഹതക്കു വന്ന മാറ്റങ്ങള്‍. 31.03.2020 എന്ന തീയതി എന്തെങ്കിലും കാരണവശാല്‍ 1.04.2020ലേക്കായിപ്പോയാല്‍ അര്‍ഹത സാമ്പത്തികവര്‍ഷം 2020- 2021 ലെ നിയമമനുസരിച്ചായിരിക്കും.
ഇറക്കുമതിയുടെ കാര്യത്തില്‍ ചിലപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാം. പലപ്പോഴും ചില കാര്യങ്ങള്‍ക്ക് കാലാവധി നീട്ടിതരാറുണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ അത്തരം ഓര്‍ഡറുകള്‍ പിന്‍വലിക്കപ്പെടാറുണ്ട്. കമ്പനികള്‍ ഇക്കാര്യത്തില്‍ ജാഗരൂകരായിരുന്നില്ലെങ്കില്‍ കസ്റ്റംസ് തീരുവയായി വന്‍ തുക അടക്കേണ്ടി വരും. ബിസിനസില്‍ നിന്നുണ്ടായേക്കാവുന്ന ലാഭമാകാം ഇങ്ങനെ അധിക തീരുവ അടച്ച് പോകുന്നത്.
അപ്പോള്‍ ശ്രദ്ധ വേണം, എന്തിലും ഏതിലും. കയറ്റുമതി രംഗത്തെ വിജയത്തിനും നിരീക്ഷണപാടവം അനിവാര്യമാണ്.


Tags:    

Similar News