വി ഗാര്‍ഡിനെ ഞെട്ടിച്ച അവാര്‍ഡ്!
ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി തെരഞ്ഞെടുക്കപ്പെടാന്‍ കമ്പനിയെ സഹായിച്ച ഘടകങ്ങള്‍ ഏതൊക്കെ?
'ഇത് വളരെ യാദൃഷ്ചികമായി കമ്പനിയെ തേടിയെത്തിയ അംഗീകാരം. അവാര്‍ഡ് പ്രഖ്യാപനമുണ്ടായപ്പോള്‍ മാത്രമാണ് മാനേജ്‌മെന്റ് ഇത്തരത്തിലൊരു അവാര്‍ഡിന്റെ സര്‍വേ പോലും നടന്നതായി അറിയുന്നത്.'' അംബീഷന്‍ ബോക്സിന്റെ ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് എന്ന ദേശീയ പുരസ്‌കാരത്തില്‍ ഒന്നാമതെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി. രാജ്യത്തെ 1000 മുതല്‍ 10,000 വരെ ജീവനക്കാരുള്ള ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായിട്ട് ഇക്കഴിഞ്ഞ ദിവസമാണ് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടത്.
ജീവനക്കാര്‍ക്കിടയില്‍ നേരിട്ട് നടത്തുന്ന സര്‍വെ, അഭിമുഖം, റേറ്റിംഗ് എന്നിവയിലൂടെയാണ് മികച്ച തൊഴിലിടമായി അംബീഷന്‍ ബോക്സ് കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ നടന്ന സര്‍വേയില്‍ വി - ഗാര്‍ഡ് ഒന്നാമതെത്തുകയായിരുന്നു. മത്സരത്തിനെന്നോ അവാര്‍ഡിനെന്നോ അറിയാതെ ജീവനക്കാര്‍ രേഖപ്പെടുത്തിയ അവരുടെ സത്യസന്ധമായ ഉത്തരങ്ങള്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന കമ്പനിക്ക് നല്‍കിയത് അഭിമാനകരമായ നേട്ടം തന്നെ. ജീവനക്കാര്‍ക്ക് ഏറെ കരുതല്‍ ഉറപ്പാക്കുന്നതോടൊപ്പം മികച്ച ഒരു തൊഴില്‍ദാതാവായ ബ്രാന്‍ഡ് എന്ന നേട്ടം കൂടി ഈ പുരസ്‌കാരത്തിലൂടെ വി-ഗാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് കമ്പനി നേതൃത്വം പ്രതികരിച്ചത്.
''2008 ല്‍ 350 ഓളം ജീവനക്കാര്‍ മാത്രമുള്ളിടത്തു നിന്ന് ഇന്ത്യയിലാകമാനം അയ്യായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയായി വി-ഗാര്‍ഡ് വളര്‍ന്നു. 2000 സ്ഥിര നിയമനങ്ങളും അല്ലാതെയുള്ളവരുമെല്ലാം ചേര്‍ന്നാണ് ഇത്. കമ്പനിയിലെ വിവിധ വിഭാഗങ്ങള്‍ ഇതിനോടകം ഓട്ടോമേറ്റഡ് ആക്കി. ഒരാള്‍ ജോലിക്കായി പ്രവേശിക്കുമ്പോള്‍ തന്നെ യാതൊരു പേപ്പര്‍ വര്‍ക്കുമില്ലാതെയാണ് അയാള്‍ നിയമിക്കപ്പെടുന്നത്. കൂടാതെ 12 വ്യത്യസ്ത വിഭാഗങ്ങളിലായി ട്രെയ്‌നിംഗുകളും നിരന്തരം പുതിയത് പഠിക്കാനുള്ള അവസരങ്ങളും കമ്പനി നിരന്തരം നല്‍കുന്നു. മാനേജിംഗ് ഡയറക്റ്റര്‍ പോസ്റ്റിലുള്ള ഞാനും പലപ്പോഴും നിര്‍ബന്ധിത ട്രെയ്‌നിംഗുകളില്‍ പങ്കെടുക്കാറുണ്ട്. എല്ലാ വിഭാഗങ്ങളിലും ഈ തുല്യത വിഭജിക്കപ്പെടുന്നു. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ പ്രൊഫഷണല്‍ കൗണ്‍സിലിംഗുകള്‍ നല്‍കാനും കോവിഡ് പ്രതിസന്ധിയില്‍ 24 മണിക്കൂറും സേവനങ്ങള്‍ നല്‍കാന്‍ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. ജീവനക്കാര്‍ക്കായി വെല്‍ഫെയര്‍ പ്രോഗ്രാമുള്‍പ്പെടെ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ കമ്പനി സദാ ശ്രദ്ധ നല്‍കുന്നു.'' മിഥുന്‍ ചിറ്റിലപ്പിള്ളി വിശദമാക്കി.
'വി-ഗാര്‍ഡിന്റെ ഏറ്റവും മികച്ച 100 ജീവനക്കാര്‍ക്ക് നല്ലൊരു ശതമാനം ഓഹരികള്‍ കമ്പനിയിലുണ്ട്. പെര്‍ഫോമന്‍സ് അനുസരിച്ച് പാരിതോഷികമായും അല്ലാതെയും ഓഹരികള്‍ നല്‍കുന്ന രീതി വി-ഗാര്‍ഡ് നിലനിര്‍ത്തി പോരുന്നു. വി ഗാര്‍ഡിന്റെ നേതൃനിരയിലേക്ക് ഐഐഎം അഹമ്മദാബാദിലെ എച്ച് ആര്‍ ഫാക്കല്‍റ്റിയായ പ്രൊഫസര്‍ ബിജു വര്‍ക്കിയും സമീപകാലത്ത് എത്തിയിരുന്നു. ഇന്ത്യയിലെ ലീഡിംഗ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കണ്‍സള്‍ട്ടിംഗ്, ടീച്ചിംഗ് എന്നിവയില്‍ സജീവ സാന്നിധ്യമായ, പ്രമുഖ സംഘടനകളുമായി വിവിധ കണ്‍സള്‍ട്ടിംഗ് അസൈന്‍മെന്റുകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പോലെയുള്ളവരുടെ നേതൃത്വം കമ്പനിയെ ഈ മേഖലയില്‍ ഇനിയും ഉയരങ്ങളിലെത്താന്‍ സഹായകമാകുമെന്നാണ് കരുതുന്നത്.' അദ്ദേഹം പറഞ്ഞു.
'വര്‍ഷങ്ങളായി തൊഴിലാളി സൗഹാര്‍ദമായ ഒരു വര്‍ക്ക് കള്‍ച്ചര്‍ സൃഷ്ടിക്കാന്‍ വി-ഗാര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. അത് പിന്തുടര്‍ന്നു പോരുന്നു എന്നതാണ് അതിയായ സന്തോഷമുള്ള കാര്യം.'' നേട്ടത്തെക്കുറിച്ച് വി ഗാര്‍ഡ് ചെയര്‍മാന്‍ എമറിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു. 'കൃത്യമായി ജോലികള്‍ വിഭജിച്ച് നല്‍കുകയും മാനേജ്‌മെന്റിന്റെ ഇടപെടലുകള്‍ കുറച്ച് സിസ്റ്റമാറ്റിക് ആയി അവയെ മോണിറ്റര്‍ ചെയ്യുകയുമാണ് ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ജീവനക്കാരെ എല്ലാവരെയും വിളിച്ച് അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കാനും, റിമോട്ട് ആയി ജോലി ചെയ്യുമ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കാനും ഓരോ തസ്തികയിലുമുള്ളവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവരത് തുടര്‍ച്ചയായി ചെയ്യുകും ചെയ്തു. ജോലി ചെയ്യുന്നത് ഏത് വിഭാഗത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ ശ്രദ്ധിക്കുന്നു. ദിവസത്തില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ അവര്‍ തൊഴിലിടത്തിലായിരിക്കുമ്പോള്‍ അവര്‍ പരിഗണിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ ഓഫീസില്‍ പോകുന്നത് ബുദ്ധിമുട്ടായി തോന്നുന്നതിനു പകരം ഓഫീസിലേക്ക് പോകാന്‍ താല്‍പര്യത്തോടെ വീട്ടില്‍ നിന്നിറങ്ങണം. അതിലാണ് വി-ഗാര്‍ഡ് വിജയിച്ചതും''. അദ്ദേഹം വ്യക്തമാക്കി.
വി ഗാര്‍ഡിന്റെ എച്ച് ആര്‍ വിഭാഗം തലവനായ പി.ടി ജോര്‍ജ് പറയുന്നത് ഒരു ' എംപ്ലോയി എക്‌സ്പീരിയന്‍സ്' സൃഷ്ടിക്കാന്‍ കമ്പനിക്ക് നിരന്തരം കഴിയുന്നതിനെക്കുറിച്ചാണ്. 'ജീവനക്കാര്‍ക്ക് നല്‍കുന്ന എന്‍ഡ് ടു എന്‍ഡ് സൗകര്യങ്ങളാണ് ഈ അവാര്‍ഡിലേക്ക് കമ്പനിയെ നയിച്ചത്. കമ്പനി കള്‍ച്ചര്‍, സ്‌കില്‍ ഡെവലപ്‌മെന്റ്, ജോബ് സെക്യൂരിറ്റി, വര്‍ക്ക് ലൈഫ് ബാലന്‍സ്,സാലറി ആന്‍ഡ് ബെനഫിറ്റ്‌സ്, വര്‍ക്ക് സാറ്റിസ്ഫാക്ഷന്‍, കരിയര്‍ ഗ്രോത്ത് എന്നിങ്ങനെ ഏഴ് മേഖലകളിലെ വിശദാംശങ്ങള്‍ ജീവനക്കാരോട് ചോദിച്ച് വിശദമായ പഠനം നടത്തിയാണ് അവാര്‍ഡ് നിര്‍ണയം നടന്നിട്ടുള്ളത്. എച്ച് ആര്‍ വിഭാഗത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ദേശീയ അംഗീകാരങ്ങള്‍ കമ്പനി നേടിയിട്ടുണ്ടെങ്കിലും മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ ജീവനക്കാര്‍ തന്നെ കമ്പനിയെ നേരിട്ട് നോമിനേറ്റ് ചെയ്തുള്ള ഒരു അവാര്‍ഡ് ഇതാദ്യമാണ്. അതും ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തുന്നതും അഭിമാനകരമായ നേട്ടം തന്നെ.' അദ്ദേഹം വ്യക്തമാക്കി.
കമ്പനിയിലേക്ക് ചേരുമ്പോള്‍ തന്നെ ഒരു ജീവനക്കാരന് ഡിജിറ്റൈസേഷനിലൂടെ പ്രോസസുകള്‍ സിംപിള്‍ ആകുന്നത് ബോധ്യപ്പെടും. ഡോക്യുമെന്റ്‌സ് പോലും മൊബൈലില്‍ സ്‌കാന്‍ ചെയ്ത് ലളിതമായാണ് ഓണ്‍ ബോര്‍ഡിംഗ് പ്രോസസ് പോലും. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇത്തരത്തിലാണ് കമ്പനിയില്‍ ഡിജിറ്റൈസേഷന്‍ എല്ലാ വിഭാഗത്തിലും നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.