ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് കള്ളക്കടത്ത് സാധനങ്ങള്‍! ആരോപണവുമായി ആഫ്രിക്കന്‍ രാജ്യം
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ മേധാവിത്വത്തിന് അവസാനം
ആപ്പിളിനെതിരെ ഗുരുതര ആരോപണവുമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. രാജ്യത്തിന്റെ കിഴക്കന്‍മേഖലയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ധാതുക്കള്‍ നിയമവിരുദ്ധമായി കടത്തി ആപ്പിള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനായി ഉപയോഗിക്കുന്നവെന്നാണ് കോംഗോ ആരോപിക്കുന്നത്.
അയല്‍ രാജ്യമായ റുവാന്‍ഡയിലേക്ക് കള്ളക്കടത്തു നടത്തുന്ന ധാതുക്കളും മറ്റു ആപ്പിള്‍ വാങ്ങുന്നുവെന്നാണ് ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ അഭിഭാഷകരുടെ വാദം. നേരത്തെയും ആപ്പിളിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. അന്ന് കോംഗോയുടെ പാരിസ് ആസ്ഥാനമായ അഭിഭാഷകര്‍ ആപ്പിളിനോട് ഇനി ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്.
ധാതുഖനി
മാക് ബുക്കും ഐഫോണുകളും ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ കോംഗോ ജനതയുടെ രക്തത്താല്‍ കളങ്കിതമാണെന്നാണ് രാജ്യത്തിന്റെ അഭിഭാഷകര്‍ ഇതേക്കുറിച്ചു പറഞ്ഞത്.
ടിന്‍, ടാന്റലം, ടങ്സ്റ്റണ്‍, സ്വർണം എന്നീ ധാതുക്കളുടെ ശേഖരത്താല്‍ സമ്പുഷ്ടമായ രാജ്യമാണ് കോംഗോ. സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരങ്ങളും നിര്‍മിക്കാനായി ഈ ധാതുക്കള്‍ ഉപയോഗിക്കാറുണ്ട്.
അതേ സമയം കോംഗോയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ആപ്പിള്‍. സപ്ലൈ ചെയ്‌നില്‍ നേരിട്ടോ അല്ലാതെയോ ഇത്തരം കള്ളക്കടത്ത് സാധനങ്ങള്‍ എത്തുന്നില്ലെന്ന് ആപ്പിള്‍ പറയുന്നു.
ചൈനയില്‍ കിരീടം നഷ്ടപ്പെട്ട് ആപ്പിള്‍
ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാരെന്ന നേട്ടം ആപ്പിളിന് 2024ന്റെ നാലാം പാദത്തില്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 6.6 ശതമാനം ഇടിഞ്ഞു. ഹോണറും ഹുവാവേയുമാണ് ആദ്യ സ്ഥാനങ്ങള്‍ നേടിയത്. ഹോണറിന്റെ വിപണി വിഹിതം 17.1 ശതമാനവും ഹുവാവേയുടേത് 17 ശതമാനവുമാണ്.
ചൈനയിലേക്കുള്ള മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 6.5 ശതമാനം ഉയര്‍ന്ന് 69.3 മില്യണ്‍ യൂണിറ്റാണ്.