വിദേശ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ ഈ രേഖകളെ പറ്റി അറിയണം; ഇളവുകളെയും
കര, കടല്‍, വ്യോമമാര്‍ഗമെല്ലാം രാജ്യാതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുന്ന ചരക്കുകള്‍ എല്ലാം പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാകാറുണ്ട്. എന്നാല്‍ പലപ്പോഴും പലരും മറന്നു പോകുന്ന അഥവാ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. അതാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍. ഇതില്ലാതെ ഒരു കയറ്റുമതിയും ഇറക്കുമതിയും പൂര്‍ണ്ണമാവുന്നില്ല. വിശദാംശങ്ങള്‍ വായിക്കാം.
ഒറിജിന്‍ അഥവാ ഉല്‍ഭവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്്. നമ്മളൊക്കെ പല ആവശ്യത്തിനും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാറില്ലേ? വിദേശ വ്യാപാരത്തിന്റെ കാര്യത്തില്‍ ചരക്കുകളും ഉല്‍പ്പന്നങ്ങളും ഏത് രാജ്യത്തുനിന്ന് വരുന്നു എന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു കണ്ണട ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോഴുള്ള തീരുവ നിരക്ക് ആകില്ല ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍. ജപ്പാനില്‍ നിന്നാണാണെങ്കില്‍ മറ്റൊരു തീരുവ നിരക്ക് ആകും. സാങ്കേതിക വിദ്യയൊക്കെ വളര്‍ന്നപ്പോള്‍ ലോകം ഇപ്പോള്‍ പണ്ടെത്തേക്കാള്‍ ചുരുങ്ങിയെന്നൊക്കെ പറയുമെങ്കിലും രാജ്യങ്ങള്‍ക്കെല്ലാം അതിര്‍ത്തിയുണ്ട്. കര, കടല്‍, വ്യോമമാര്‍ഗമെല്ലാം രാജ്യാതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുന്ന ചരക്കുകള്‍ എല്ലാം പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാകാറുണ്ട്.
എന്നാല്‍ പലപ്പോഴും പലരും മറന്നു പോകുന്ന അഥവാ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. അതാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍. ഇതില്ലാതെ ഒരു കയറ്റുമതിയും ഇറക്കുമതിയും പൂര്‍ണ്ണമാവുന്നില്ല. വന്നിറങ്ങിയ ആ വസ്തുവിന്റെ ഉത്ഭവസ്ഥാനം അറിഞ്ഞിരിക്കണം.
കയറ്റുമതി - ഇറക്കുമതി വ്യാപാരത്തില്‍ പില്‍കാലത്ത് അഗ്രഗണ്യ സ്ഥാനം കൈക്കലാക്കിയ ഒരു പ്രമാണപത്രമാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍. ഇതിന് ഒരു കാലഘട്ടത്തില്‍ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍ വ്യാപാരം അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നപ്പോള്‍ പല രാഷ്ട്രങ്ങളും തമ്മില്‍ കരാറുകളില്‍ ഏര്‍പ്പെട്ടു. അയല്‍രാജ്യങ്ങള്‍ തമ്മില്‍, ഒരു ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ തമ്മില്‍, പ്രാദേശിക അടിസ്ഥാനത്തില്‍, അങ്ങനെ പല വിധത്തിലുള്ള യോജിപ്പുകളോടെ പലവിധ കരാറുകള്‍ നിലവില്‍ വന്നു.
ഈ കരാറുകള്‍ രാജ്യങ്ങളെ തമ്മില്‍ അടുപ്പിക്കുകയും അംഗരാജ്യങ്ങള്‍ തമ്മില്‍ വ്യാപാര ഒരുമ ഉണ്ടാവുകയും ചെയ്തു. ഒരു രാജ്യത്തിന്റെ തനതുല്‍പ്പാദനങ്ങള്‍ മറ്റൊരു രാജ്യത്തിനുപകരിക്കുന്ന രീതിയിലേക്കാണ് കരാറുകള്‍ എഴുതപ്പെട്ടിരിക്കുന്നത്. സഹകരണാടിസ്ഥാനത്തില്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്ന രാജ്യങ്ങളുടെ വളര്‍ച്ചയില്‍ അന്യോന്യ പങ്കാളിത്തം കാംക്ഷിക്കുന്നവര്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കുന്നു.
കസ്റ്റംസ് തീരുവ നിര്‍ണ്ണയത്തിന് ആവശ്യം വേണ്ടതായ ഒരു പ്രമാണമാണ് ഉല്‍പ്പന്നത്തിന്റെ ഉത്ഭവതെളിവ്. ഇംഗ്ലീഷില്‍ പ്രൂഫ് ഓഫ് ഒറിജിന്‍ എന്ന് പറയും. ഫ്രീ ട്രേഡ് എഗ്രിമെന്റ്, റീജിയണല്‍ , പ്രീഫെറെന്‍ഷ്യല്‍ ട്രേഡ് എഗ്രിമെന്റ്ട്രേഡ് എഗ്രിമെന്റ ്എന്നിവ പ്രാദേശിക അടിസ്ഥാനത്തിലും ഗ്രൂപ്പടിസ്ഥാനത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതിന്‍ പ്രകാരം ഇളവുകളും ലഭിക്കുന്നുണ്ട്.
റീജിയണല്‍ എഗ്രിമെന്റുകളില്‍ രണ്ടിലധികം രാജ്യങ്ങളുണ്ടാകും. വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഇളവുകളാണ ്പ്രിഫെറെന്‍ഷ്യല്‍ എഗ്രിമെന്റുകളില്‍. ഫ്രീ ട്രേഡ് എഗ്രിമെന്റുകളില്‍ പങ്കാളി രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരവേലിക്കെട്ടുകളില്ലാതെയോ, ആവശ്യാനുസരണം ഇളവ് നല്‍കിയോ വ്യാപാരം ചെയ്യുന്ന നിബന്ധനകളാവും ഉണ്ടാവുക.
ചിലതില്‍ കസ്റ്റംസ് തീരുവ മുഴുവനായും, പകുതിയായും ശതമാനതോതിലും ഇളവ് ചെയ്തിട്ടുണ്ടാവും. കസ്റ്റംസ് തീരുവ അന്തിമയായി തീരുമാനിക്കപ്പെടുമ്പോള്‍ കരാറുകള്‍ പരിഗണിക്കപ്പെടുന്നു. അതിലെ നിബന്ധനകള്‍ക്കനുസരിച്ചുള്ള വ്യാപാരമാണെന്നു ഉറപ്പു വരുത്തുന്ന പ്രമാണമാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍. കയറ്റുമതിക്കുള്ള രേഖകളില്‍ പ്രഥമ സ്ഥാനമാണ് ഈ സര്‍ട്ടിഫിക്കറ്റിനുള്ളത്. മറു രാജ്യത്ത് ഇറക്കുമതി ചെയ്യുമ്പോള്‍ നിയമാനുസൃതമായ, അര്‍ഹമായ ഇളവുകള്‍ ലഭ്യമാകാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപകരിക്കുന്നു.
തിരിച്ചും ഇത് പോലെ, ഇന്ത്യയിലേക്ക് വരുന്ന ചരക്കുകളുടെ പ്രമാണപത്രങ്ങള്‍ കിട്ടുമ്പോള്‍ ഇതേ പോലെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെയും ഉപകരിക്കുന്നു. അത് കൊണ്ട് ഇതിന് വളരെ പ്രാമുഖ്യമുണ്ട്.
ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ ഡിജിഎഫ്റ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് സന്ദര്‍ശിച്ചാല്‍ എല്ലാ വിവരവും ലഭ്യമാണ്. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏത് സര്‍ട്ടിഫിക്കറ്റാണ് വേണ്ടതെന്ന് കാലേകൂട്ടി അറിഞ്ഞിരിക്കണം. അതനുസരിച്ച് വേണം അതോറിറ്റിയെ സെലക്ട് ചെയ്യാന്‍. അപൂര്‍ണ്ണ പ്രമാണങ്ങള്‍ സമര്‍പ്പിച്ചാല്‍ ഇളവുകള്‍ നിഷേധിക്കുകയും ചെയ്യും. പിന്നെ കോടതി കയറി ഇറങ്ങി സമയം പോകും. ചിലര്‍ രക്ഷപെട്ടിട്ടുമുണ്ട്. അതെല്ലാം വാദവും തെളിവുകളും പോലെയിരിക്കും.
ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുപോലെ വരും നഷ്ടം!
മൂന്നോ നാലോ വര്‍ഷം മുന്‍പ് ഒരു സെമിനാറില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഒരാള്‍ അടുത്ത് വന്നു പറഞ്ഞു ''സാര്‍ ഞങ്ങളുടെ കയ്യില്‍ ഇപ്പറഞ്ഞ കുറെ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. അതിന്റ ഉപയോഗം ഇപ്പോഴാണ് മനസ്സിലായത്. ഇനിയെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, ഒരു റീഫണ്ട് അപേക്ഷക്കുള്ള ചാന്‍സുണ്ടാവുമോ?''
അദ്ദേഹം പിറ്റേദിവസം ഓഫീസില്‍ വന്നു. കയ്യിലുണ്ടായിരുന്ന ഫയല്‍ നീട്ടി. അതില്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു പ്രമാണങ്ങളും ഉണ്ടായിരുന്നു. ഓരോ കയറ്റുമതിയുടെയും തുകകള്‍ വളരെ വലുതായിരുന്നു. 5% ഇളവ് എന്ന ്പറഞ്ഞാല്‍ തന്നെ ഒന്നു രണ്ട് ലക്ഷം വരുമായിരുന്നു. കാലം കഴിഞ്ഞിരുന്നു.
''സാര്‍ ഈ ഒരു ഡോക്യുമെന്റ് ആരും ചോദിച്ചില്ല, എന്നു മാത്രമല്ല ഇതാരും ശ്രദ്ധിച്ചതുമില്ല. ആരെയും കുറ്റവും പറയാനില്ല. ഇതിന്റെ പ്രാധാന്യം മനസ്സിലായതുമില്ല. ഏതോ ഒരു ഇളവിന്റെ പേരില്‍ ആ കമ്പനിക്കാര്‍ ഞങ്ങളോട് ഡിസ്‌കൗണ്ട് ചോദിച്ചിരുന്നു. ചെറിയ ഒരു ശതമാനം നല്‍കി. അത് ഞങ്ങളുടെ ലാഭത്തില്‍ നിന്നായിരുന്നു.'' അയാള്‍ വിശദീകരിച്ചു.
ഒരിക്കല്‍ ഒരു കസ്റ്റംസ് ഓഫീസര്‍ എന്നോട് ഒരു റീഫണ്ട് അപേക്ഷയുമായി സമീപിച്ചപ്പോള്‍ പറഞ്ഞതോര്‍മ്മ വരുന്നു. ബില്‍ ഓഫ് എന്‍ട്രി ഉഭയകക്ഷി സമ്മതപ്രകാരം തീര്‍പ്പാക്കുന്ന പ്രമാണമാണ്. എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ആ പ്രതിഷേധം ആ സമയത്ത് രേഖാമൂലം അറിയിക്കേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ ബുദ്ധിമുട്ടാണ്, കാരണം എല്ലാം ഒരിക്കല്‍ തീര്‍പ്പായിക്കഴിഞ്ഞതല്ലേ.
പ്രിയ കയറ്റുമതി - ഇറക്കുമതി വ്യാപാരികളെ, ആനുകൂല്യങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ടതായ സന്ദര്‍ഭങ്ങളെക്കുറിച്ചും ബോധവാന്മായിരിക്കുക എന്നതാവട്ടെ നമ്മുടെ മറ്റൊരു ചിട്ട. 'once done cannot be undone'.