ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന സി.ഇ.ഒ

113 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം രത്തന്‍ ടാറ്റയുടെ ഈ വിശ്വസ്തന്‍ നേടിയത്

Update:2023-08-13 08:00 IST

എന്‍.ചന്ദ്രശേഖരന്‍, ചെയര്‍മാന്‍, ടാറ്റ സണ്‍സ്

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ ഒരു വര്‍ഷത്തെ പ്രതിഫലം എത്ര രൂപയാണെന്ന് അറിയാമോ?  113 കോടി രൂപ! കമ്പനിയുടെ പ്രമോട്ടര്‍ അല്ലാതെ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി വാങ്ങുന്ന ഏക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് എന്‍.ചന്ദ്രശേഖരന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളമായി 11.52 കോടി രൂപയും കമ്മീഷനായി 100 കോടി രൂപയുമാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

കമ്പനിയുടെ വരുമാനം  47% വര്‍ധിച്ചു
2023 സാമ്പത്തിക വര്‍ഷത്തില്‍  ടാറ്റ സണ്‍സിന്റെ വരുമാനം 35,058 കോടി രൂപയാണ്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇത് 24,132.97 കോടി രൂപയായിരുന്നു. 47 ശതമാനമാണ് വര്‍ധന. കമ്പനിയുടെ പോയ വര്‍ഷത്തെ ലാഭം 28.89 ശതമാനം വര്‍ധിച്ച് 22,132.38 കോടി രൂപയായി.
ടാറ്റാസണ്‍സിന്റെ വരുമാനം പ്രധാനമായും വരുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടി.സി.എസ്) നിന്നാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടി.സി.എസിന്റെ ലാഭം 39,106 കോടി രൂപയാണ്. 2023 ല്‍ ടാറ്റ സണ്‍സ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ എയര്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്.
ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി രത്തന്‍ടാറ്റ നേതൃത്വം നല്‍കുന്ന ടാറ്റ ട്രസ്റ്റിനാണ്. പല്ലോന്‍ജി മിസ്ത്രിക്ക് 18.4 ശതമാനം ഓഹരികളുണ്ട്. 2022 ലാണ് ചന്ദ്രശേഖരന് ചെയര്‍മാന്‍ പദവി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടികിട്ടിയത്.
ഡയറക്ടര്‍മാര്‍ക്ക് രണ്ട് കോടി

ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍മാര്‍ക്ക് രണ്ട് കോടിയിലധികം രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിഫലമായി ലഭിച്ചത്. ഡയറക്ടറും  മുൻ  പ്രതിരോധ സെക്രട്ടറി കൂടിയായ വിജയ് സിംഗ്, യൂണിലിവറിന്റെ മുന്‍ ഗ്ലോബല്‍ സി.ഒ.ഒ ഹരീഷ് മന്‍വാനി, യു.ടി.ഐ മ്യൂചല്‍ഫണ്ട് മുന്‍ എം.ഡി ലിയോ പുരി, യു.കെയിലെ ജെ.എല്‍.ആറിന്റെ മുന്‍ സി.ഇ.ഒ റാല്‍ഫ് സ്‌പെത്ത്, വിസ്താരയുടെ ചെയര്‍മാന്‍ ഭാസ്‌കര്‍ ഭട്ട് എന്നിവര്‍ക്ക് ലഭിച്ച പ്രതിഫലം 2.80 കോടി രൂപയാണ്. എഥിന ക്യാപിറ്റല്‍ സഹസ്ഥാപകയും വേള്‍ഡ് ബാങ്കിന്റേയും ഐ.എഫ്.സിയുടെയും ഒഫിഷ്യലുമായ അനിത ജോര്‍ജിന് 2.10 കോടി രൂപ പ്രതിഫലം ലഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൗരഭ് അഗര്‍വാളിന് 22 കോടി രൂപ കമ്മീഷന്‍ ഉള്‍പ്പെടെ 27.82 കോടി രൂപയാണ് പ്രതിഫലമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്. അതേ സമയം ടി.വി.എസ് മോട്ടോര്‍ ചെയര്‍മാന്‍ എമിരറ്റസിന് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല.
പ്രതിഫലത്തില്‍ മുന്നിലുള്ള ഇന്ത്യന്‍ സി.ഇ.ഒമാര്‍
ഇന്‍ഫോസിസിന്റെ സി.ഇ.ഒ സലില്‍ പരേഖിന്റെ  പ്രതിഫലത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം കുറവുണ്ടായതായാണ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തിലെ 71.02 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 56.44 കോടി രൂപയായി കുറഞ്ഞു.
ടി.സി.എസിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥന്‍ ഇക്കാലയളവില്‍ നേടിയത് 29.16 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13.17% ഉയര്‍ച്ച.
രാജ്യത്തെ മുന്‍നിര എഫ്.എം.സി.ജി സ്ഥാപനമായ ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ എം.ഡി സഞ്ജീവ്‌ മെഹ്തയ്ക്ക് ലഭിച്ചത് 22.36 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷത്തെ 22.07 കോടിയുമായി നോക്കുമ്പോള്‍ നേരിയ വര്‍ധന മാത്രം.

Tags:    

Similar News