Top stories of 2023: ഏറ്റവും മികച്ച വിസ്‌കികളില്‍ അഞ്ചെണ്ണവും ഇന്ത്യയില്‍ നിര്‍മിക്കുന്നത്

ഏറ്റവും മികച്ച വിസ്‌കികളില്‍ അഞ്ചെണ്ണവും ഇന്ത്യയില്‍ നിര്‍മിക്കുന്നത്

Update:2023-12-31 17:15 IST
Image Courtesy: indri.in, Canva (background image)

(This article was originally published on Oct 5, 2023)

ലോകത്തെ ഏറ്റവും മികച്ച വിസ്‌കി ഏതാണെന്നറിയാമോ? മദ്യപിക്കുന്നവരല്ലെങ്കില്‍ പോലും അതൊന്നറിയുന്നത് നല്ലതായിരിക്കും. കാരണം, ലോകത്തെ എല്ലാ വിസ്‌കികളെയും പിന്നിലാക്കി ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ആണ്, 'ഇന്ദ്രി'.

'വിസ്‌കീസ് ഓഫ് ദി വേള്‍ഡ്' അവാര്‍ഡ്സ് വിവിധ കാറ്റഗറിയില്‍ നടക്കുന്ന പേരുകേട്ട വിസ്‌കി ടേസ്റ്റിംഗ് മത്സരമാണ്. 'ടേസ്റ്റിംഗ് എക്സ്പേര്‍ട്ടുകള്‍' ലോകമെമ്പാടുമുള്ള വിസ്‌കികള്‍ രുചിച്ചു നോക്കി ഏറ്റവും മികച്ചത് കണ്ടെത്തുന്ന ഈ മത്സരത്തിലാണ് 'ഇന്ദ്രി ദിവാലി കളക്റ്റേഴ്സ് എഡിഷന്‍ 2023' വിസ്‌കി 'ബെസ്റ്റ് ഇന്‍ ഷോ' അവാര്‍ഡ് നേടിയത്.

ആഗോള തലത്തിലെ 100 മികച്ച വിസ്‌കികളില്‍ നിന്നാണ് ഇന്ദ്രി ദിവാലി കളക്റ്റേഴ്സ് എഡിഷന്‍ ഒന്നാമതെത്തിയത്. ഈ മത്സരത്തില്‍ അവസാന ഘട്ടമെത്തിയ അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്‌കോച്ച് വിസ്‌കി, ബര്‍ബണ്‍, കനേഡിയന്‍ വിസ്‌കി, ഓസ്‌ട്രേലിയന്‍ സിംഗിള്‍ മാള്‍ട്ട്, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന നൂറുകണക്കിന് അന്താരാഷ്ട്ര ബ്രാന്‍ഡുകളെ പിന്തള്ളിയായിരുന്നു വിജയം.

വിശിഷ്ട രുചിക്ക് പിന്നില്‍

'ഇന്ദ്രി ദിവാലി കളക്റ്റേഴ്സ് എഡിഷന്‍ 2023, പ്രത്യേകം തിരഞ്ഞെടുത്ത ബാര്‍ലി കൊണ്ട് നിര്‍മ്മിച്ച ഒരു പീറ്റഡ് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടാണ്. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത ചെമ്പ് പാത്രങ്ങളിലാണ് വാറ്റിയെടുക്കുന്നത്. ഇന്ത്യയില്‍ വിളയിച്ചെടുക്കുന്ന പഴങ്ങള്‍ ഉണക്കിയത്, വറുത്തെടുത്ത അണ്ടിപ്പരിപ്പ്, പ്രത്യേകം നല്‍കുന്ന പുക എന്നിവയെല്ലാം അതിന്റെ വിശിഷ്ടമായ രുചിക്ക് പിന്നിലെ രഹസ്യമാണെന്ന് ഇന്ദ്രി ദിവാലി കളക്റ്റേഴ്സ് എഡിഷന്‍ 2023 നിര്‍മാണത്തെക്കുറിച്ച് ഇന്ദ്രി വിസ്‌കി നിര്‍മാതാക്കള്‍ ബ്ലോഗ് പോസ്റ്റില്‍ എഴുതി.

മനം മയക്കുന്ന പാക്കിംഗിലാണ് 'ഇന്ദ്രി' എത്തുന്നത്. മയിലും താമരപ്പൂക്കളും നിറഞ്ഞ ലേബലും ഇന്ദ്രി എന്ന ഇന്ത്യന്‍ നാമവും മനോഹരമായ കുപ്പിയും ഇന്ദ്രിയെ ആകര്‍ഷകമാക്കിയിരിക്കുന്നു.

5 ബെസ്റ്റ് വിസ്‌കികള്‍

'വിസ്‌കീസ് ഓഫ് ദി വേള്‍ഡ്' അവാര്‍ഡ്സില്‍ അഞ്ച് വിസ്‌കികള്‍ ഇന്ത്യന്‍ നിര്‍മിതമാണെന്നത് ശ്രദ്ധേയമാണ്. നമ്പര്‍ വണ്‍ കാറ്റഗറിയില്‍ ബെസ്റ്റ് ഇന്‍ ഷോ വിഭാഗം നേടിയത് ഇന്ദ്രിയാണെങ്കില്‍ ഡബിള്‍ ഗോള്‍ഡ് വിസ്‌കിയായി അമൃത് ഫ്യൂഷന്‍ വിസ്‌കിയും സില്‍വര്‍ കാറ്റഗറിയില്‍ അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയും 'ഇന്ദ്രി ദ്രു സിംഗിള്‍ മാള്‍ട്ട് ഇന്ത്യന്‍ വിസ്‌കി' യും തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ കാറ്റഗറിയില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള 'കുറിഞ്ഞി സിംഗിള്‍ മാള്‍ട്ട് വിസ്‌കി'യും തെരഞ്ഞെടുക്കപ്പെട്ടു.

(Alcohol consumption is injurious to health. Be safe)

Tags:    

Similar News