നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരേ നോക്കുകൂലി സമരം; ഇത്തവണ ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ച്

മൂന്ന് ദിവസമായി തുടരുന്ന സമരത്തെ തുടര്‍ന്ന് പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് നെസ്റ്റോ നേരിടുന്നത്

Update:2022-06-25 14:24 IST

കയറ്റിറക്കുമായി ബന്ധപ്പെട്ട കേരളത്തിലെ നോക്കുകൂലി സമരം വീണ്ടും തുടര്‍ക്കഥയാകുന്നു. ഇത്തവണ വയനാട് കല്‍പ്പറ്റയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നിലാണ് ഭരണ-പ്രതിപക്ഷ തൊഴിലാളികള്‍ ഒരുമിച്ച് സമരം നടത്തുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്‌മെന്റ് നിയമിച്ചതാണ് നോക്കുകൂലി സമരത്തിന് കാരണം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് നെസ്റ്റോ നേരിടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖല ഒരു മാസങ്ങള്‍ക്ക് മുമ്പാണ് കല്‍പ്പറ്റയില്‍ തങ്ങളുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.

''ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി ഐഡി കാര്‍ഡുള്ള നാല് തൊഴിലാളികളെ നെസ്റ്റോ നിയമിച്ചിട്ടുണ്ട്. ഇവരെ ജോലിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കയറ്റിറക്ക് ജോലി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നുമാണ് സമരക്കാന്‍ ആവശ്യപ്പെടുന്നത്. തുടക്കത്തില്‍ എഎല്‍ഒയില്‍നിന്നും ഡിഎല്‍ഒയില്‍നിന്നും തൊഴിലാളികള്‍ക്ക് ഐഡി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് സ്വന്തം തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവ് നേടിയത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇത് അംഗീകരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ തയ്യാറാകുന്നില്ല'' നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പിആര്‍ഒ സുഖിലേഷ് ധനത്തോട് പറഞ്ഞു.



 ഹൈപ്പര്‍മാര്‍ക്കറ്റിന് നേരെ മുന്നിലാണ് ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്. ഇത് നെസ്റ്റോയിലെ വില്‍പ്പനയെയും സാരമായി ബാധിച്ചു. ''ഇപ്പോള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ വില്‍പ്പന 50 ശതമാനത്തോളം കുറഞ്ഞു. 5-10 ലക്ഷം രൂപയുടെ വില്‍പ്പന നഷ്ടമാണ് പ്രതിദിനവും നേരിടുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും പിന്തിരിപ്പിക്കുകയാണ്. വാഹനങ്ങളും തടയുന്നുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ പോലീസ് പ്രൊട്ടക്ഷനിലാണ് ഇറക്കുമതി ചെയ്യുന്നത്. ചരക്കുകള്‍ എത്തുമ്പോള്‍ പോലീസിനെ വിളിക്കും. എന്നാല്‍ ഇപ്പോള്‍ ജില്ലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം പോലിസിന്റെ സേവനവും കൃത്യമായി ലഭിക്കുന്നില്ല'' സമരത്തെ തുടര്‍ന്ന് നെസ്‌റ്റോ നേരിടുന്ന നഷ്ടങ്ങള്‍ സുഖിലേഷ് ചൂണ്ടിക്കാട്ടി.



അതേസമയം, നിയമപരമായി തന്നെ മുന്നോട്ടുപോകാനാണ് നെസ്‌റ്റോ മാനേജ്‌മെന്റിന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. ക്ലീനിംഗ് സ്റ്റാഫുകള്‍ അടക്കം 300 ഓളം പേരാണ് കല്‍പ്പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും വയനാടില്‍നിന്ന് തന്നെയുള്ളവരാണ്. എന്നാല്‍ ഇപ്പോള്‍ ടേഡ് യൂണിയനുകളിലെ ഏതാനും തൊഴിലാളികള്‍ക്ക് വേണ്ടി ഇത്രയും പേരുടെ തൊഴില്‍ പോലും ആശങ്കയിലാണെന്നും നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടുപോയില്ലെങ്കില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാനുമാണ് മാനേജ്‌മെന്റ് തീരുമാനമെന്നും സുഖിലേഷ് പറഞ്ഞു.

Tags:    

Similar News