ബിര്‍ള ശക്തി സിമന്റിനെ ഏറ്റെടുക്കാന്‍ അള്‍ട്രടെക്; ചര്‍ച്ച സജീവം

ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയാണ് അള്‍ട്രടെക്

Update:2023-11-24 14:59 IST

ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രടെക് സിമന്റ്‌സ് മറ്റൊരു സിമന്റ് കമ്പനിയെ കൂടി ഏറ്റെടുക്കുന്നു. കേശോറാം ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബിര്‍ള ശക്തി സിമന്റിനെയാണ്  കുമാര്‍ മംഗളം ബിര്‍ള നയിക്കുന്ന കമ്പനി ഏറ്റെടുക്കുക എന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ബിനാനി സിമന്റ്, സ്റ്റാര്‍ സിമന്റ്, നാഷണല്‍ ലൈം സ്റ്റോണ്‍ കമ്പനി എന്നിവരെ കമ്പനി ഏറ്റെടുത്തിരുന്നു. 

നിലവില്‍ അള്‍ട്രടെക് സിമന്റ് കമ്പനിയുടെ ഉല്‍പ്പാദന ശേഷി 13.25 കോടി ടണ്‍ ആണ്, കേശോറാമിന്റെ സിമന്റ് ശേഷി വര്‍ഷം ഒരു കോടി ടണ്ണും. പുതിയ കമ്പനിയെ കൂടി ഏറ്റെടുക്കുന്നതോടെ സിമന്റ് വ്യവസായ മേഖലയില്‍ അള്‍ട്രടെക്കിന്റെ മേല്‍ക്കോയ്മ ശക്തമാകും. 

കുമാര്‍ മംഗളം ബിര്‍ളയുടെ പിതൃസഹോദരി മഞ്ജുശ്രീ ചെയര്‍ പേഴ്‌സണായ കമ്പനിയാണ് കേശോറാം. സിമന്റ് മുതല്‍ റയോണ്‍ വരെ നിര്‍മിക്കുന്ന കമ്പനിക്ക് കീഴില്‍ ടയര്‍-ട്യൂബ് ഡിവിഷനുകളും ഫയര്‍ ബ്രിക്‌സ്, സള്‍ഫ്യൂറിക് ആസിഡ്, സോഡിയം സള്‍ഫേറ്റ്, കാര്‍ബണ്‍-ഡൈ സള്‍ഫൈഡ് നിര്‍മാണ ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സിമന്റ് ഡിവിഷന്‍ മാത്രമാണ് അള്‍ട്രടെക് വാങ്ങാനൊരുങ്ങുന്നത്.

രണ്ട് രീതിയിലുള്ള ഏറ്റെടുക്കലാണ് അള്‍ട്രടെക് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു,കേശോറാമിന്റെ നിലവിലുള്ള പ്രൊമോട്ടര്‍മാരുടെ ഓഹരി വാങ്ങുകയോ കേശോറാമിന്റെ സിമന്റ് ബിസിനസ് വിഭാഗം ഏറ്റെടുക്കുകയോ ചെയ്യാനാണ് സാധ്യത. 

റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ തന്നെ അള്‍ട്രടെക് സിമന്റിന്റെ ഓഹരികള്‍ 1.8 ശതമാനം താഴ്ന്ന് 8,603 രൂപയിലും കേശോറാം ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 4.2 ശതമാനം ഉയര്‍ന്ന് 122.90 രൂപയിലുമെത്തി. നിലവില്‍ കേശോറാം ഓഹരികള്‍ 123.15 രൂപയിലാണ് വ്യാപാരം തുടരുന്നത്. അള്‍ട്രാ ടെക് 8,577 രൂപയിലും.

Tags:    

Similar News