ഇന്ത്യയില്‍ വന്‍ ഡിസൈന്‍ സെന്ററുമായി എ.എം.ഡി; നിക്ഷേപം ₹3,300 കോടി
5 വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി
പ്രമുഖ യു.എസ് ചിപ്പ് നിര്‍മാണ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് (AMD) ഇന്ത്യയില്‍ 3,300 കോടി രൂപ നിക്ഷേപത്തോടെ ഡിസൈന്‍ സെന്റര്‍ ആരംഭിക്കുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ എന്ന പെരുമയോടെ ബംഗളൂരുവിലാണ് പദ്ധതിയൊരുക്കുക.
3,000 പുതിയ തൊഴിലവസരങ്ങള്‍
ഗുജറാത്തില്‍ നടക്കുന്ന വാര്‍ഷിക സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സില്‍ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ മാര്‍ക്ക് പേപ്പര്‍മാസ്റ്ററാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബെംഗളൂരുവില്‍ കമ്പനി ഡിസൈന്‍ സെന്റര്‍ സെന്റര്‍ തുറക്കുന്നതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട 3,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാര്‍ക്ക് പേപ്പര്‍മാസ്റ്റര്‍ പറഞ്ഞു. കമ്പനിക്ക് നിലവില്‍ രാജ്യത്ത് ഇതിനകം 6,500 ല്‍ അധികം ജീവനക്കാരുണ്ട്.
വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നു
എ.എം.ഡി ചിപ്പുകള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ മുതല്‍ ഡാറ്റാ സെന്ററുകളില്‍ വരെയുള്ള വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. എ.എം.ഡി രൂപകല്‍പ്പന ചെയ്യുന്ന ചിപ്പുകളുടെ ഉല്‍പാദനം തായ്‌വാനിലെ ടി.എസ്.എം.സി പോലുള്ള മൂന്നാം കക്ഷി നിര്‍മ്മാതാക്കള്‍ക്ക് പുറംകരാര്‍ നല്‍കി വരുന്നു.