വാണിജ്യ ഉത്സവത്തിന് കൊച്ചിയില്‍ തുടക്കം; സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍

വ്യവസായവും വാണിജ്യവും പ്രോത്സാഹിപ്പിക്കാന്‍ ഒരാഴ്ച നീളുന്ന പരിപാടികള്‍. വിശദാംശങ്ങള്‍ വായിക്കാം.

Update:2021-09-20 12:35 IST

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ വാണിജ്യ വ്യവസായ മേഖല ശക്തിപ്രാപിക്കുകയാണ്. ഈ അവസരത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയവും വിവിധ പരിപാടികളുമായി സജീവമായി മുന്നോട്ട് വന്നിരിക്കുകയാണ്. വാണിജ്യ ഉത്സവമാണ് ഇതില്‍ പ്രധാനം. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വാണിജ്യ സപ്താഹ്' വാരാഘോഷത്തിന് ഇന്ന് തുടക്കമാകും.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, സ്‌പൈസസ് ബോര്‍ഡ്, കേരള സര്‍ക്കാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ജില്ലാ എക്സ്പോര്‍ട്ട് ഹബ്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ സംയുക്ത നേതൃത്വത്തില്‍ സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയാണ് വാണിജ്യ ഉത്സവ് എന്ന പേരില്‍ സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സെപ്തംബര്‍ 20, 21 തിയതികളില്‍ എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന ദ്വിദിന പരിപാടികള്‍ക്ക് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പര്‍കാശ് ആണ് തിരിതെളിച്ചത്. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായി.
ഇന്ത്യയുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ കേരളത്തിന്റെ പ്രാധാന്യം എന്നതാണ് പരിപാടിയുടെ മുഖ്യഇതിവൃത്തം.
രണ്ടു ദിവസത്തെ പരിപാടികളില്‍ വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരും കേന്ദ്ര സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പുകളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ മേധാവികളും സ്വകാര്യ, പൊതുമേഖലാരംഗത്തെ പ്രമുഖ സഥാപന മേധാവികളും ഉദ്യോഗസ്ഥരും പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും.
തിരുവനന്തപുരത്ത് കോണ്‍ക്ലേവ്
തിരുവനന്തപുരം, മാസ്‌കറ്റ് ഹോട്ടലില്‍ സെപ്റ്റംബര്‍ 24 ന് സംഘടിപ്പിക്കുന്ന കയറ്റുമതിക്കാരുടെയും വ്യവസായികളുടെയും കോണ്‍ക്ലേവ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സ്പീക്കര്‍ എം ബി രാജേഷ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. വാണിജ്യ വ്യവസായ കയറ്റുമതി മേഖലകളില്‍ പുത്തന്‍ ഉണര്‍വും ഊര്‍ജവും പകരുന്ന പല നൂതന പദ്ധതികളും, ആശയങ്ങളും വാണിജ്യ ഉത്സവില്‍ ചര്‍ച്ചയാകുമെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ അറിയിച്ചു.

Tags:    

Similar News