കൊച്ചിയില്‍ നിന്ന് നേരിട്ട് വിയറ്റ്‌നാമിലേക്ക് പറക്കാം, 5,555 രൂപയ്ക്ക്
വിയറ്റ്‌ജെറ്റ് എയറിന്റെ കൊച്ചി-ഹോ ചി മിന്‍ സിറ്റി നേരിട്ടുള്ള സര്‍വീസ് ഓഗസ്റ്റ് 12 മുതല്‍; തിരുവനന്തപുരത്തേക്കും വൈകാതെ
വിയറ്റ്‌നാമില്‍ വിനോദ സഞ്ചാരത്തിനും ജോലിക്കും മറ്റുമായി പോകുന്ന മലയാളികള്‍ക്ക് ഇനി കൊച്ചിയില്‍ നിന്ന് നേരിട്ട് പറക്കാം. പ്രമുഖ വിയറ്റ്‌നാമീസ് പുതുതലമുറ വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ് എയറിന്റെ (VietJet Air) കൊച്ചിയില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിയിലേക്ക് (Ho Chi Minh City) നേരിട്ടുള്ള വിമാന സര്‍വീസിന് ആഗസ്റ്റ് 12ന് തുടക്കമാകുമെന്ന് വിയറ്റ്‌നാമിന്റെ ഇന്ത്യയിലെ അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ് (Nguyen Thanh Hai) പറഞ്ഞു.
തിരുവനന്തപുരത്തേക്കും നേരിട്ട്
കൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് നടത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് വിയറ്റ്‌ജെറ്റ് വൈസ് പ്രസിഡന്റ് ഓഫ് കൊമേഴ്‌സ് ജെയ് എല്‍. ലിംഗേശ്വര 'ധനം ഓണ്‍ലൈന്‍.കോമിനോട്' പറഞ്ഞു.
ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിലെ അധികമറിയപ്പെടാത്ത 'രത്‌നമാണ്' കൊച്ചി. വാണിജ്യപരമായും വിയറ്റ്‌നാമിന് കൊച്ചിയില്‍ വലിയ സാദ്ധ്യതകളുണ്ട്. അതാണ് കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ കാരണമായത്.
കൊച്ചിയില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിയിലേക്കും തിരിച്ചും ഓരോ സര്‍വീസിലും ശരാശരി 80 ശതമാനം യാത്രക്കാരെ (ലോഡ് ഫാക്ടര്‍) പ്രതീക്ഷിക്കുന്നു. വൈകാതെ കൊച്ചിയില്‍ നിന്ന് ഹനോയ് (Hanoi) നഗരത്തിലേക്കും സര്‍വീസ് തുടങ്ങും. ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷാദ്യമോ തിരുവനന്തപുരത്തേക്കും നേരിട്ട് സര്‍വീസ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ടുള്ള സര്‍വീസ് കേരള ടൂറിസത്തിനും നേട്ടമാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി പറഞ്ഞു. ലണ്ടനിലേക്ക് നേരിട്ടുള്ളതാണ് നിലവില്‍ കൊച്ചിയില്‍ നിന്നുള്ള ഏറ്റവും ദീര്‍ഘമായ സര്‍വീസ്. ഹോ ചി മിന്‍ സിറ്റി കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കപ്പെടുകയാണെന്ന് കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. മനു പറഞ്ഞു.