ഒടുവില്‍ 5ജിയുമായി വൊഡാഫോണ്‍-ഐഡിയയും; തുടക്കം ഈ സ്ഥലങ്ങളില്‍
12.5 കോടി 4ജി ഉപയോക്താക്കളാണ് നിലവില്‍ വൊഡാഫോണ്‍-ഐഡിയയ്ക്കുള്ളത്
ഒടുവില്‍, വൊഡാഫോണ്‍-ഐഡിയയും (Vi) 5ജിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ബദ്ധഎതിരാളിയായ ഭാരതി എയര്‍ടെല്ലും 5ജി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി കഴിഞ്ഞു.
എന്നാല്‍, വൊഡാഫോണ്‍-ഐഡിയ 5ജി സേവനം നല്‍കാനുള്ള ഔദ്യോഗിക പദ്ധതി പോലും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിലും പൂനെയും ഡല്‍ഹിയിലും തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ 5ജി സേവനം ലഭ്യമാക്കുന്നുണ്ടെന്ന് വൊഡാഫോണ്‍-ഐഡിയയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
പൂനെയും ഡല്‍ഹിയും
പൂനെയിലും ഡല്‍ഹിയിലും 5ജി സേവനം ആസ്വദിക്കാന്‍ തയ്യാറെടുക്കൂ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. 'വീ 5ജി റെഡി' സിം വഴി തടസ്സങ്ങളില്ലാത്ത സേവനം ആസ്വദിക്കാമെന്നും വെബ്‌സൈറ്റിലുണ്ട്.
കഴിഞ്ഞ ജൂലൈയിലെ കണക്കുകള്‍ പ്രകാരം ആകെ 22.8 കോടി ഉപയോക്താക്കളാണ് വൊഡാഫോണ്‍-ഐഡിയയ്ക്കുള്ളത്. ഇതില്‍ 12.47 കോടി പേരാണ് 4ജി ഉപയോക്താക്കള്‍. 5ജി സേവനം ലഭ്യമാക്കാന്‍ നടപടികളെടുക്കുന്നുണ്ടെന്ന് നടപ്പുവര്‍ഷം സെപ്റ്റംബര്‍പാദത്തിലെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിലും കമ്പനി വ്യക്തമാക്കിയിരുന്നു.