'നോട്ടി ഹോട്ടി'യും 'മാങ്ങാമേരി'യും; ബെംഗളുരുവിലെ വാട്‌സണ്‍സ് പബ് കൊച്ചിയില്‍

മെനുവാണ് ഇവരുടെ മെയ്ന്‍. 400 രൂപയ്ക്കും 'ചിൽ' ചെയ്യാം

Update:2023-06-16 12:08 IST

'സ്ഫടികം' സിനിമയിലെ 'ആട്ടിന്‍ പാലും കാന്താരി പിഴിഞ്ഞതും' പോലെ 'ആടുതോമയുടെ അഡാര്‍ കോംബിനേഷന്‍' കേട്ട് കോരിത്തരിച്ചിട്ടുള്ള മലയാളികള്‍ക്ക് പച്ചമുളകിട്ട കുലുക്കി സര്‍ബ്ബത്തും പഴം പൊരി- പോത്തിറച്ചി കോമ്പിനേഷനും ഒന്നും  പുത്തരിയല്ല. എന്നാല്‍ വോഡ്ക (vodka)യ്‌ക്കൊപ്പം കഞ്ഞിയും പച്ചമുളകും അത്ര കേട്ടു പരിചയിച്ച കോംബിനേഷന്‍ ആകണമെന്നില്ല. അതാണ് 'നോട്ടി ഹോട്ടി'(Naughty Hotty). മറ്റൊരു ഐറ്റം പറയാം, അത് പച്ചമാങ്ങയും വോഡ്കയും തമ്മിലുള്ള മിശ്രിതം - മാങ്ങാമേരി. ഇതൊക്കെ അവതരിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ഏറ്റവും പുതിയ പബ്ബിലാണ്, വാട്‌സണ്‍സ്.

ബെംഗളൂരു ആസ്ഥാനമായ പബ് ചെയ്ന്‍ ആയ വാട്‌സണ്‍സ് ആണ് അവരുടെ ഏറ്റവും പുതിയ ബ്രാഞ്ച് എറണാകുളം എം.ജി റോഡിലുള്ള ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ആരംഭിച്ചിട്ടുള്ളത്. 

ബജറ്റ് ബാര്‍

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരാള്‍ക്ക് ബിയറും സ്റ്റര്‍ട്ടറും കഴിക്കാന്‍ 400 രൂപ മാത്രമാണ് ചെലവു വരുന്നത്. അതായത് മദ്യം കഴിക്കുന്നവര്‍ക്കും ചില്‍ ചെയ്യേണ്ടവര്‍ക്കും കഫെകളില്‍ അടയ്‌ക്കേണ്ടി വരുന്ന ബില്ലിന് സമാനമായ തുക നല്‍കി ഇവിടെ സമയം ചെലവിടാം. 160 പേര്‍ക്ക് ഒരേ സമയം ഇരിക്കാന്‍ സൗകര്യമുള്ള ബാറില്‍ ഡി.ജെ (disc jockey) കണ്‍സോളുമുണ്ട്.

കോക്ടെയ്ല്‍, സ്റ്റാര്‍ട്ടര്‍ വിഭവങ്ങളിലെ വ്യത്യസ്തമായ മെനു മാത്രമല്ല, മെക്‌സിക്കന്‍ ഡിസൈനും മികച്ച ബാര്‍ അന്തരീക്ഷവും പുകവലിക്കാര്‍ക്ക് 'പുകവലി സ്ഥല'വും (smoking zone) വാട്‌സണ്‍സിലുണ്ട്. പ്രത്യേകം ക്യാബിന്‍ സീറ്റിംഗും മള്‍ട്ടി ക്യുസിന്‍ ഡൈനിംഗും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഈ അടുത്തകാലത്തായി കൊച്ചിയിലെ മിക്ക ബാറുകളും യുവാക്കളെ ആകര്‍ഷിക്കാന്‍ മികച്ച അകത്തളങ്ങളും മെനു കാര്‍ഡുകളുമായി വേഷപ്പകര്‍ച്ച നടത്തിയിട്ടുണ്ട്. ഏതാനും പബ്ബുകളും നിശാപാര്‍ട്ടികളും ഇവിടെ സജീവമാണ്. ഇതിലേക്കാണ് ബെംഗളുരു ആസ്ഥാനമായുള്ള വാട്‌സണ്‍സും എത്തുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സമയം. 

Tags:    

Similar News