'സെബി' പറഞ്ഞു, അനില്‍ അംബാനി സ്ഥാനമൊഴിഞ്ഞു

റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളിലെ ഡയറക്റ്റര്‍ സ്ഥാനമാണ് അനില്‍ അംബാനി രാജിവെച്ചത്

Update: 2022-03-26 10:53 GMT

റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളുടെ നേതൃസ്ഥാനത്തു നിന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി രാജിവെച്ചു. ലിസ്റ്റഡ് കമ്പനികളുമായി അനില്‍ അംബാനി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കരുതെന്ന സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI) നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

സ്ഥാനമൊഴിഞ്ഞെങ്കിലും കമ്പനിയ്ക്ക് വഴികാട്ടാനും ഓഹരി ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും അനില്‍ അംബാനി കമ്പനിയൊടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റിലയന്‍സ് പവര്‍ ഡയറക്റ്റര്‍ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കമ്പനി ഓഹരിയുടമകള്‍ക്ക് 375 ശതമാനം നേട്ടം നല്‍കിയിട്ടുണ്ടെന്നും ഓഹരി മൂല്യം നാലു രൂപയില്‍ നിന്ന് 19 രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും കമ്പനി പറയുന്നു.

റഇതേ കാലയളവില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഓഹരി നിക്ഷേപകര്‍ക്ക് 469 ശതമാനം നേട്ടം നല്‍കിയതായും ഓഹരി വില 32 രൂപയില്‍ നിന്ന് 150 രൂപയായി ഉയര്‍ന്നുവെന്നും സ്റ്റോക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തില്‍ കമ്പനി അവകാശപ്പെടുന്നു.

കമ്പനികളുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് കാട്ടി ഫെബ്രുവരിയിലാണ് സെബി അനില്‍ അംബാനി, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, മറ്റു മൂന്നു പേര്‍ എന്നിവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇനിയൊരു ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതു വരെ ഇവര്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ഡയറക്റ്റര്‍, പ്രമോട്ടര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പാടില്ലെന്നാണ് സെബിയുടെ നിര്‍ദ്ദേശം.

ഇതിനു പിന്നാലെ രാഹുല്‍ സരിനെ ഇരു കമ്പനികളുടെയും അഡീഷണല്‍ ഡയറക്റ്ററായി കമ്പനികള്‍ നിയമിച്ചിട്ടുണ്ട്.

Tags:    

Similar News