5ജി വേഗതയില്‍ കേരളം, ആര്‍ക്കൊക്കെ ലഭിക്കും; അറിയേണ്ടതെല്ലാം

കൊച്ചിയിലും ഗുരുവായൂരും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് ജിയോ 5ജി സേവനം ആരംഭിച്ചത്. ഡിസംബര്‍ 22ന് തിരുവനന്തപുരത്തും ജനുവരിയില്‍ തൃശൂര്‍, മലപ്പുറം, ആലപ്പുഴ ജില്ലകളിലും 5ജി എത്തും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജിയോ 5ജി സൗജന്യമായിരിക്കും

Update:2022-12-21 10:21 IST

കേരളത്തില്‍ 5ജി സേവനത്തിന് തുടക്കമിട്ട് റിലയന്‍സ് ജിയോ (Jio True 5G). കൊച്ചിയിലും ഗുരുവായൂരും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സേവനം ആരംഭിച്ചത്. കൊച്ചിയിലെ 130ഓളം ടവറുകളിലാണ് 5ജി ലഭിക്കുന്നത്.

ഡിസംബര്‍ 22 മുതല്‍ തിരുവനന്തപുരത്തും സേവനം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 14 നഗരങ്ങളില്‍ 5ജി നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ മേഖലകളും ജിയോ 5ജി നെറ്റ്‌വര്‍ക്കിന് കീഴില്‍ വരും. 

രോഗികള്‍ക്ക് ഓണ്‍ലൈനായി ഡോക്ടറുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജിയോ ട്രൂ 5ജി പവേര്‍ഡ് ടെലി ക്ലീനിക്കുകള്‍, ഓണ്‍ലൈനായി പഠനത്തിന് സഹായിക്കുന്ന ജിയോ ഗ്ലാസ് എന്നിവയുടം സംസ്ഥാനത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കമ്പനി അവതരിപ്പിച്ചു.

ആര്‍ക്കൊക്കെ ജിയോ 5ജി സേവനങ്ങള്‍ ലഭിക്കും

നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ടവര്‍ ലൊക്കേഷനുകളില്‍ മാത്രമാണ് 5ജി സേവനം ലഭിക്കുന്നത്. അതായത് കൊച്ചിയിലും ഗുരുവായൂരും 5ജി അവതരിപ്പിച്ചെങ്കിലും മേഖലയില്‍ എല്ലായിടത്തും 5ജി ലഭിക്കില്ല എന്നര്‍ത്ഥം. നിങ്ങള്‍ 5ജി ഫോണ്‍ ഉപയോഗിക്കുന്ന ജിയോ ഉപഭോക്താവാണെങ്കില്‍, 5ജി പരിധിയിലെത്തുമ്പോള്‍ ഇതു സംബന്ധിച്ച ഒരു മെസേജ് നിങ്ങള്‍ക്ക് ലഭിക്കും. ആ മെസേജില്‍ ക്ലിക്ക് ചെയ്തുകൊണ്ട് 5ജി സേവനം ഉപയോഗിച്ച് തുടങ്ങാം.

സേവനം ലഭ്യമാകുമ്പോള്‍ 4ജിക്ക് പകരം 5ജി സിഗ്നല്‍ കാണിച്ച് തുടങ്ങും. ഇപ്പോള്‍ ഉപയോഗിക്കുന്ന സിം മാറാതെ തന്നെ 5ജി ലഭിക്കും. 239 രൂപയോ അതിന് മുകളിലോ മൂല്യമുള്ള ജിയോയുടെ പ്ലാന്‍ ആക്ടിവേട് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ 5ജി ലഭിക്കുന്നത്. 5ജി സിഗ്നല്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഡാറ്റ ഉപയോഗം അണ്‍ലിമിറ്റഡ് ആയിരിക്കും. അതേ സമയം 5ജി സിഗ്നലില്‍ നിന്ന് മാറിയാല്‍ നിങ്ങളുടെ റീചാര്‍ജ് പ്ലാനിലേക്ക് മടങ്ങിയെത്തും. നിലവില്‍ 5ജിക്കായി പ്രത്യേക പ്ലാനുകള്‍ ഒന്നും ജിയോ അവതരിപ്പിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജിയോ 5ജി സൗജന്യമായിരിക്കും എന്നാണ് വിവരം.

Tags:    

Similar News