‘ബോയ്‌കോട്ട് ലേയ്‌സ്, പെപ്‌സികോ’ ഹാഷ്ടാഗുകൾ ട്രെൻഡിങ് ആണ്, കാരണം?

Update:2019-04-25 12:37 IST

ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയ്ക്കെതിരെ ഇരുനൂറോളം സാമൂഹ്യ പ്രവർത്തകർ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. അഹമ്മദാബാദ് കോടതിയിൽ ഗുജറാത്തിലെ ഒൻപത് കർഷകർക്കെതിരെ പെപ്‌സികോ ഫയൽ ചെയ്തിരിക്കുന്ന ഹർജിയാണ് ഇതിന് കാരണം.

പെപ്‌സികോയുടെ പ്രമുഖ ചിപ്‌സ് ബ്രാൻഡായ ‘ലേയ്‌സ്’ നിർമ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് സബർകാന്ത, ആരവല്ലി എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് കർഷകരെ കമ്പനി കോടതി കയറ്റിയിരിക്കുന്നത്.

ഓരോ കർഷകനും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പെപ്‌സികോ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കൂടാതെ മൊദാസ ജില്ലാ കോടതിയിൽ ഫയൽ ചെയ്ത ഹർജി അനുസരിച്ച് 20 ലക്ഷം രൂപയും കർഷകർ കമ്പനിക്ക് നൽകണം.

പെപ്‌സികോയുടെ വാദം ഇങ്ങനെ: കർഷകർ കൃഷി ചെയ്ത ഉരുളക്കിഴങ്ങ് ഇനം (FC-5) കമ്പനിയുടെ പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷൻ (PVP) റൈറ്റിൽ ഉൾപ്പെടുന്നതാണ്. 2016-ൽ ഇവ ഇന്ത്യയിൽ കൃഷി ചെയ്യാനുള്ള അവകാശം മുഴുവനായും പെപ്‌സികോ നേടിയിരുന്നു.

കർഷകരും ആക്ടിവിസ്റ്റുകളും പറയുന്നത്: 2011-ലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്സ് അതോറിറ്റി ആക്ട് പ്രകാരം PVP റൈറ്റ്സിൽ നിന്നും കർഷകരെ ഒഴിവാക്കിയിരുന്നു. രജിസ്റ്റർ ചെയ്ത വിത്തുകൾ ബ്രാൻഡ് ചെയ്ത് വിൽക്കാത്തിടത്തോളം കാലം ഏതിനം വിളകളും കൃഷി ചെയ്യാനും വിൽക്കാനും ഉള്ള അവകാശം കർഷകർക്കുണ്ട്.

ഏപ്രിൽ 26 (വെള്ളിയാഴ്ച) അഹമ്മദാബാദ് കോടതി ഹർജിയിൽ വാദം കേൾക്കും. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടണമെന്നും ഹർജി ഉടൻ പിൻവലിക്കണമെന്നുമാണ് കർഷക കൂട്ടായ്മകളും ആക്ടിവിസ്റ്റുകളും സർക്കാരിനോടും പെപ്‌സികോയോടും ആവശ്യപ്പെട്ടിരിക്കുന്നത്.

എന്തായാലും #boycottLAYS #boycottPepsiCo എന്നീ ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡ് ആയിക്കഴിഞ്ഞു.

Similar News