യെസ് ബാങ്കില്‍ കൂട്ടപ്പിരിച്ചുവിടല്‍, 500ഓളം പേര്‍ക്ക് ജോലി നഷ്ടമായി

കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ ജോലി നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ട്

Update:2024-06-27 16:13 IST

പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്ക് 500 ഓളം ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകള്‍. ജോലി പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് അറിയുന്നത്. ഇനിയും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായാണ് പിരിച്ചു വിടല്‍. ബ്രാഞ്ച് ബാങ്കിംഗ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടല്‍ കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പിരിച്ചുവിട്ടതായി നോട്ടീസ് കിട്ടിയ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തിനു തുല്യമായ പാക്കേജ് നല്‍കിയിട്ടുണ്ട്.

2022-2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2023-2024 ല്‍ യെസ് ബാങ്കിന്റെ ജീവനക്കാരുടെ ചെലവുകളില്‍ 12 ശതമാനം വര്‍ധനയാണുണ്ടായിരുന്നു. 3,363 കോടി രൂപയില്‍ നിന്ന് 3,774 കോടി രൂപയായി ഉയര്‍ന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു കൊണ്ട് ചെലവ് കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

യെസ് ബാങ്കിന്റെ നടപടിയെ വളരെ ശ്രദ്ധയോടെയാണ് ബാങ്കിംഗ് ലോകം വീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് സ്വകാര്യ മേഖലയിൽ നിന്നൊരു ബാങ്ക് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. 2020ലാണ് ഇതിനു മുമ്പ് യെസ് ബാങ്ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്.
Tags:    

Similar News