സീ-സോണി ലയനത്തിന് പൂര്‍ണ അനുമതി, ഒന്നാകല്‍ ഉടന്‍ കാണുമോ?

ചാനല്‍ രംഗത്ത് പുതിയ കാഴ്ചകളും

Update:2022-07-30 19:00 IST

കഴിഞ്ഞ കുറേമാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സീ- സോണി ലയനത്തിന് അനുമതി. Zee എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസും (ZEEL),സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയും(SPNI) തമ്മിലുള്ള നിര്‍ദ്ദിഷ്ട ലയനത്തിന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE), നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) എന്നിവയില്‍ നിന്നാണ് അംഗീകാരം ലഭിച്ചത്. മുഴുവനായും ലയിക്കാനുള്ള അംഗീകാരമാണ് നേടിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇരുവരും തമ്മിലുള്ള ലയന വാര്‍ത്ത പുറത്തുവന്നത്. 1.57 ബില്യണ്‍ ഡോളറിന്റേതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ട്.
ഉടന്‍ തന്നെ ലയിക്കുമെന്നും ലയനത്തിന് ശേഷം, സോണി 52.93% നിയന്ത്രണ ഓഹരികളുള്ള ഭൂരിഭാഗം ഓഹരിയുടമയാകുകയും ചെയ്യും. അതേസമയം, നിലവിലെ സീലിന്റെ ഓഹരിയുടമകള്‍ക്ക് ശേഷിക്കുന്ന 47.07 ശതമാനം ഓഹരികള്‍ സ്വന്തമായിരിക്കും. എന്നാല്‍ സോണി ഇന്ത്യയായിരിക്കും ചാനല്‍ കമ്പനിയുടെ നിയന്ത്രണാധികാരികള്‍.
ലയനത്തിന് ZEEL ബോര്‍ഡ് അംഗീകാരം നല്‍കി. ലയനത്തിന് ശേഷവും പുനീത് ഗോയങ്ക വരുന്ന അഞ്ച് വര്‍ഷത്തേക്ക് കൂടി ലയിച്ച കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി തുടരുമെന്നും കമ്പനി പറഞ്ഞു. അതേസമയം ഡയറക്റ്റര്‍മാരില്‍ പരമാവധിയും തീരുമാനിക്കപ്പെടുക സോണിയുടെ നേതൃത്വത്തിലായിരിക്കും.
ലയിപ്പിച്ച സ്ഥാപനം ഇപ്പോഴും ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനിയായി തുടരുമെന്നും സീല്‍ ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. രണ്ട് കമ്പനികളും നോണ്‍-ബൈന്‍ഡിംഗ് കരാറില്‍ ഏര്‍പ്പെടുകയും അവരുടെ ലീനിയര്‍ നെറ്റ്വര്‍ക്കുകള്‍, ഡിജിറ്റല്‍ അസറ്റുകള്‍, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാം ലൈബ്രറികള്‍ എന്നിവ സംയോജിപ്പിക്കുകയും ചെയ്യും


Tags:    

Similar News