അടിച്ചുപിരിഞ്ഞിട്ടില്ലെന്ന് സീയും സോണിയും; ലയനം നടക്കും
ലയനം നടക്കില്ലെന്ന വാര്‍ത്തക്ക് പിന്നാലെ സീ ഓഹരികള്‍ പത്ത് ശതമാനത്തേളം ഇടിഞ്ഞു
സോണി-സീ എന്റര്‍ടെയ്ന്‍മെന്റ് ലയന നടപടികളില്‍ നിന്ന് ആഗോള മാധ്യമഗ്രൂപ്പായ സോണി പിന്‍മാറുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ത്ത നിരസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സോണിയുമായുള്ള ലയനം നടക്കുമെന്നും ലയന പ്രക്രിയകള്‍ തുടരുകയാണെന്നും സീ അറിയിച്ചു.
തർക്കമെന്ന് വാർത്ത
2021ലാണ് ലയനം സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു മാധ്യമഗ്രൂപ്പുകളും ഒപ്പുവച്ചത്. എന്നാല്‍, പിന്നീട് സോണി ഗ്രൂപ്പും സീ എം.ഡിയും സി.ഇ.ഒയുമായ പുനിത് ഗോയങ്കെയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. പുനിത് ഗോയങ്കക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന സാമ്പത്തിക തിരിമറി ആരോപണമായിരുന്നു കാരണം.
അതിനിടെ ലയിനത്തിന് ശേഷം പുനിത് ഗോയങ്ക സ്ഥാപനത്തെ നയിക്കണമോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം സീ എന്റര്‍ടെയ്ന്‍മെന്റുമായുള്ള കരാര്‍ റദ്ദാക്കാന്‍ സോണി ഗ്രൂപ്പ് പദ്ധതിയിടുന്നതായി വര്‍ത്തയെത്തുകയായിരുന്നു. പിന്നാലെ ഇന്ന് സീ ഓഹരികള്‍ പത്ത് ശതമാനത്തേളം ഇടിഞ്ഞ് 249 രൂപയിലെത്തിയിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സീ എന്റര്‍ടെയ്ന്‍മെന്റ് എത്തിയത്.
ധാരണ പ്രകാരം ഇരു സ്ഥാപനങ്ങളും തമ്മില്‍ ലയിച്ചുണ്ടാകുന്ന പുതിയ മാധ്യമ ഗ്രൂപ്പില്‍ സോണി ഗ്രൂപ്പിന് 50.88 ശതമാനം ഓഹരിയും ഗോയങ്കെ കുടുംബത്തിന് 3.99 ശതമാനം ഓഹരിയുമാണ് ഉണ്ടാകുക. നിര്‍ദിഷ്ട 83,000 കോടി രൂപയുടെ സീ-സോണി ലയനത്തോടെ സ്ഥാപനത്തിന് 70ല്‍ അധികം ടിവി ചാനലുകളും രണ്ട് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളും (ZEE5, Sony LIV) രണ്ട് ഫിലിം സ്റ്റുഡിയോകളും (Zee Studios, Sony Pictures Films India) ഉണ്ടാകും.
ഈ മാസം 20ന് മുന്‍പ് ലയന നടപടികള്‍ പൂര്‍ത്തിയാക്കണം എന്നാണ് നിബന്ധന. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ ശൃംഖലയായി പുതിയ കമ്പനി മാറും. ഇന്ന് എന്‍.എസ്.ഇയില്‍ 7.98 ശതമാനം ഇടിഞ്ഞ് 255.95 രൂപയില്‍ സീ ഓഹരികളുടെ വ്യാപാരം അവസാനിച്ചു.