സീ-സോണി ലയനം: വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍, സീ ഓഹരിയില്‍ മുന്നേറ്റം

48 മണിക്കൂറിനുള്ളില്‍ സീ പച്ചക്കൊടി വീശിയില്ലെങ്കില്‍ വീണ്ടും കുഴയും കാര്യങ്ങള്‍

Update:2024-02-20 14:41 IST

Image courtrtesy: canva/zee/sony

സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുമായുള്ള സീ എന്റര്‍ടെയ്ന്‍മെന്റിന്റെ ലയനത്തിന് വീണ്ടും ജീവന്‍വയ്ക്കുന്നു. ജനുവരി 22ന് റദ്ദാക്കിയ 1,000 കോടി ഡോളറിന്റെ (ഏകദേശം83,000 കോടി രൂപ) ലയനം പുനരുജ്ജീവിപ്പിക്കാന്‍ സീ തിരക്കിട്ട ചര്‍ച്ചകളിലാണെന്നാണ് വാര്‍ത്തകള്‍. ഇതോടെ ഇന്ന് സീ ഓഹരി വില കുതിച്ചു കയറി. രാവിലത്തെ സെഷനില്‍ ആറ് ശതമാനത്തോളം കുതിച്ച ഓഹരി നിലവില്‍ 3.73 ശതമാനം ഉയര്‍ന്ന് 185.10 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ലയനത്തില്‍ നിന്ന് സോണി പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് ശേഷം സീ ഓഹരി വില തുടര്‍ച്ചയായ ഇടിവ് നേരിട്ടിരുന്നു. ഫെബ്രുവരിയില്‍ 
15 ശതമാനത്തോളം തിരിച്ചുകയറിയെങ്കിലും
 ഈ വര്‍ഷം ഇതുവരെ 37.32 ശതമാനത്തോളമാണ് ഓഹരി വില ഇടിഞ്ഞത്.
സ്ഥാനത്തില്‍ ചൊല്ലി
സോണി-സീ ലയനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്റര്‍ടെയിന്‍മെന്റ് ലോകത്തിന് അപ്രതീക്ഷിത തിരിച്ചടിയുമായാണ് ജനുവരി 22ന് ലയന പദ്ധതി ഉപേക്ഷിച്ചതായി സോണി ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയത്. ലയനത്തെ തുടര്‍ന്ന്‌ രൂപംകൊള്ളുന്ന സ്ഥാപനത്തെ ആര് നയിക്കുമെന്നതില്‍ സമവായത്തിലെത്താനാകാതെ വന്നതാണ് ലയനം ഉപേക്ഷിക്കാന്‍ കാരണമായത്.
2021 ഡിസംബര്‍ 21നാണ് സോണിയും സീയും തമ്മില്‍ ലയന നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കരാര്‍ ഒപ്പിട്ടത്. പിന്നീട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചില്‍ നിന്ന് അനുമതിയും ലഭിച്ചു. സീയുടെ എം.ഡിയും സി.ഇ.ഒയുമായ പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ മേധാവിയാകാന്‍ താല്‍പ്പര്യമറിയച്ചതോടെയാണ് ലയനത്തിന് വിള്ളല്‍ വീണത്. സോണിയുടെ എം.ഡിയും സി.ഇ.ഒയുമായ എന്‍.പി. സിംഗിനെ ലയിച്ചുണ്ടാകുന്ന കമ്പനിയുടെ മേധാവിയാക്കണമെന്നായിരുന്നു സോണിയുടെ നിലപാട്. ഇതേചൊല്ലി തര്‍ക്കമായതോടെ ലയന നടപടികള്‍ നീണ്ടു പോയി. ഇതേ തുടർന്ന്  ലയന നടപടികളും സമയക്രമവും പാലിക്കാന്‍ സീ എന്റര്‍
ടെയ്ന്‍മെന്റിന്‌ 
കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സോണി പിന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു. 
നിർണായകമായ 48 മണിക്കൂർ 
ഓഹരിയുടമകളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് സോണിയുടെ പിന്മാറ്റത്തിന് ശേഷം സീ വ്യക്തമാക്കിയിരുന്നു. ലയനം പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞ രണ്ടാഴ്ചയായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. ഇനിയും അഭിപ്രായ ഭിന്നത പരിഹരിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടോ എന്നതിൽ സംശയം ഉയരുന്നുണ്ട്. അടുത്ത 24-48 മണിക്കൂറിനുള്ളില്‍ സീ ലയനത്തിന് സമ്മതം അറിയിക്കുമെന്നാണ് സൂചനകള്‍. സമയപരിധിക്കുള്ളില്‍ സീയ്ക്ക് പച്ചക്കൊടിവീശാനായില്ലെങ്കില്‍ ഈ ആഴ്ച തന്നെ സോണി എന്‍.സി.എല്‍.ടിയില്‍ നല്‍കിയിട്ടുള്ള ലയന അപേക്ഷ പിന്‍വലിക്കാനാണ് സാധ്യത.


Tags:    

Similar News