സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു പങ്കുവയ്ക്കുന്ന ബിസിനസ് കാഴ്ചപ്പാടുകൾ
250 കോടി ഡോളർ ആസ്തിയുള്ള വെമ്പുവിനെ 2021 ൽ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ബിസിനസ്സിന്റെ വളര്‍ച്ച വരെയുള്ള വിഷയങ്ങളില്‍ വളരെ ലളിതമായ ഭാഷയില്‍ സംസാരിക്കുന്ന വെമ്പുവിന്റെ ഉള്‍ക്കാഴ്ചകള്‍ ലോകമാകെ ശ്രദ്ധിക്കുന്നവയാണ്. വായിക്കാം ചിലത്;
സോഹോ കോര്‍പേറഷന്റെ സ്ഥാപകനായ ശ്രീധര്‍ വെമ്പു ഫോര്‍ബ്‌സിന്റെ പട്ടികയിലെ അതിസമ്പന്ന ഇന്ത്യാക്കാരില്‍ 59-ാം സ്ഥാനക്കാരനാണ്. 250 കോടി ഡോളറിന്റെ ആസ്തിയുള്ള വെമ്പുവിനെ 2021 പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ബിസിനസ്സിന്റെ വളര്‍ച്ച വരെയുള്ള വിഷയങ്ങളില്‍ വളരെ ലളിതമായ ഭാഷയില്‍ സംസാരിക്കുന്ന വെമ്പുവിന്റെ ഉള്‍ക്കാഴ്ചകള്‍ ലോകമാകെ ശ്രദ്ധിക്കുന്നവയാണ്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ വെമ്പു സോഹോ കോര്‍പറേഷന്റെ സിഇഒ-യുടെ ചുമതല വഹിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ അനാവശ്യമായി മഹത്വവല്‍ക്കരിക്കേണ്ടതില്ല:
സ്റ്റാര്‍ട്ടപ്പുകളുടെ മഹത്വം എല്ലാവരും ആഘോഷിക്കുന്ന കാലമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഏതോ അന്യഗ്രഹ ജീവികള്‍ ആണെന്ന തോന്നല്‍ ഈ ആഘോഷങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നു എന്നു കരുതന്നതില്‍ തെറ്റില്ല. സ്റ്റാര്‍ട്ടപ്പുകള്‍ എന്ന വാക്കിനെ മഹത്വവല്‍ക്കരിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. അതൊരു പാഴ്‌വേലയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ മഹത്തായ എന്തോ സംഗതിയാണെന്ന ധാരണ ആളുകളെ ഭയപ്പെടുത്തുന്നതിനാവും ഉപകരിക്കുക. അതേസമയം ആര്‍ക്കും തുടങ്ങാവുന്ന പരിപാടിയാണ് സ്റ്റാര്‍ട്ടപ്പുകളെന്നും, നമുക്ക് ചുറ്റിലും അവ ഇഷ്ടം പോലെയുണ്ടെന്നും ബോധ്യമായാല്‍ അങ്ങനെയുള്ള അനാവശ്യമായ ഭീതിയും ആകാംക്ഷകളും തനിയെ ഇല്ലാതാവും. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പുത്തരിയല്ല. എവിടെ തിരിഞ്ഞാലും സ്റ്റാര്‍ട്ടപ്പുകള്‍ കാണാന്‍ കഴിയുന്ന സ്ഥലം ഇന്ത്യയാവും. ആയിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ നമുക്കു ചുറ്റിലും കാണാനാവും. സ്വന്തം വരുമാനത്തിന്റെ അടിത്തറയിലെ നിലനില്‍പ്പാണ് ഒരു ബിസിനസ്സിന്റെ നിര്‍വചനമെങ്കില്‍ ഈ സ്ഥാപനങ്ങളെല്ലാം സ്വന്തമായി ഉല്‍പ്പന്നവും, കസ്റ്റമറും ഉള്ള സ്റ്റാര്‍ട്ടപ് ബിസിനസ്സുകളാണ്.
ബൂട്‌സ്ട്രാപിംഗ്: ബിസിനസ്സിന്റെ ലോകത്ത് സാധാരണയായി ഏറെ ഉപയോഗിക്കുന്ന ആശയമാണ് ബൂട്ട്‌സ്ട്രാപ്പിംഗ്. എന്താണ് ബൂട്ട്‌സ്ട്രാപ്പിംഗ്. കഷ്ടപ്പാടിന്റെയും, ബുദ്ധിമുട്ടിന്റെയും സാഹചര്യത്തിലും അവരവരുടെ കൈയിലുള്ള സമ്പത്തിന്റെ ബലത്തില്‍ മാത്രം അതിജീവിക്കാനുള്ള ശേഷിയാണ് ബൂട്‌സ്ട്രാപ്പിംഗ്. ഞാന്‍ അതിന്റെ ആരാധകനാണ്. എന്റെ അഭിപ്രായത്തില്‍ 5-കൊല്ലം ഒന്നുമില്ലായ്മയില്‍ കഴിഞ്ഞതിനുശേഷം അഥവാ മൈനസില്‍ നിന്നു തുടങ്ങുന്ന സ്ഥിതിവിശേഷമാണ് ബൂട്‌സ്ട്രാപ്പിംഗ്. ബിസിനസ്സ് എന്താണെന്നു അഞ്ചുകൊല്ലം പഠിക്കുക. ഉല്‍പ്പന്നത്തെയും, അതു വില്‍ക്കുന്നതിനെയും പറിയുള്ള പഠനം. കസ്റ്റമേഴ്‌സിനെ എങ്ങനെ സര്‍വീസ് ചെയ്യുക, കിട്ടാനുള്ള പണം എങ്ങനെ പിരിച്ചെടുക്കും തുടങ്ങിയവയാണ് പഠിക്കേണ്ട വിഷയങ്ങള്‍. ഇവയൊന്നും കോളേജില്‍ പോയി പഠിക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ അല്ല. പ്രത്യേകിച്ചും ബിസിനസ്സ് സ്‌കൂളുകളില്‍ നിന്നും. ബിസിനസ്സ് ചെയ്യുകയെന്നു പറഞ്ഞാല്‍ തെറ്റുകള്‍ വരുത്തുക എന്നു കൂടിയാണ്. എന്റെ ആദ്യത്തെ അഞ്ചുകൊല്ലത്തെ ബിസിനസ്സില്‍ ഞാന്‍ ഒരു പാട് തെറ്റുകള്‍ ചെയ്തു. ഏകദേശം 10-15 ലക്ഷം രൂപ ചെലവഴിച്ചു. സ്വന്തം പണം ചെലവഴിച്ചായിരുന്നു തെറ്റുകള്‍ വരുത്തിയത്. സ്വന്തമായ ഉല്‍പ്പന്നം കൈവരുന്നതിനു മുമ്പു തന്നെ എന്റെ കൈയിലെ പണം തീര്‍ന്നിരുന്നു. ഒരു ഉല്‍പ്പന്നം പോലുമില്ലാതെ കൈയിലെ പണം തീര്‍ത്തതായിരുന്നു എന്റെ ആദ്യ തെറ്റ്. അതില്‍ നിന്നും ഞാന്‍ അനവധി പാഠങ്ങള്‍ പഠിച്ചു. സ്വന്തം പണം ചെലവഴിച്ച് തെറ്റുകള്‍ വരുത്തുമ്പോള്‍ പെട്ടെന്നു പഠിക്കും. മറ്റുള്ളവരുടെ കൈയില്‍ നിന്നുള്ള പണമാവുമ്പോള്‍ അത്ര പെട്ടെന്നു പഠിക്കണമെന്നില്ല.
ബിസിനസ്സിലെ വളര്‍ച്ച: എങ്ങനെയാണ് ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാവുക. ബിസിനസ്സിലെ വളര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒന്നാണ്. അതില്‍ കുറുക്കു വഴികളില്ല. വളരെ പെട്ടെന്നുള്ള വളര്‍ച്ച ചില ഒറ്റപ്പെട്ട അവസരങ്ങളില്‍ കാണാനാവും. വളരെ സവിശേഷമായ സാഹചര്യങ്ങളും ഭാഗ്യവും ഒത്തു ചേരുന്ന അത്തരം സന്ദര്‍ഭങ്ങളെ പൊതു തത്വമായി കരുതാനാവില്ല. ബിസ്സിനസ്സിലെ വളര്‍ച്ചയും വിജയവും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കമ്പനിയുടെ നൈപുണ്യ ശേഷി, മാനേജ്‌മെന്റിന്റെ ഭാവന ഇവയെല്ലാം ഒത്തു ചേരുമ്പോഴാണ് വളര്‍ച്ചയും വികസനവും സംഭവിക്കുക. അല്ലാതെ മാജിക് പോലെ സംഭവിക്കുന്നതല്ല. പൂജ്യത്തില്‍ നിന്നും 100 കോടി വരുമാനത്തിലെത്തിയതിനെക്കുറിച്ചുള്ള ചില വിവരണങ്ങള്‍ വായിക്കുമ്പോള്‍ മാജിക് പോലെ തോന്നും. പക്ഷെ അതിന്റെ പിന്നില്‍ വളരെയധികം അനുഭവങ്ങള്‍ ഉണ്ടാവും. അവയെല്ലാം നല്‍കുന്ന പാഠം ബിസിനസ്സില്‍ വിജയവും വളര്‍ച്ചയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം നടക്കുന്നവയാണ് എന്നാണ്. സിലിക്കണ്‍ താഴ്‌വരയിലെ അതിവേഗത്തിലുള്ള വളര്‍ച്ചയുടെ സാഹചര്യം വ്യത്യസ്തമാണ്. വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തികള്‍ കൂടിച്ചേര്‍ന്ന് ആരംഭിക്കുന്ന സംരഭങ്ങള്‍ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതിനുള്ള സാഹചര്യം അവിടെ നിലനില്‍ക്കുന്നു. ഇന്ത്യയിലെ സ്ഥിതി അതല്ല. അവ രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. ഇവിടെ ഇനിയും ഒരു പിടി ബിസിനസ്സുകള്‍ പിറക്കാനിരിക്കുന്നതേയുള്ള. ആയിരക്കണക്കിനുള്ള ബില്യണ്‍ ഡോളര്‍ ബിസിനസ്സുകള്‍ പിറക്കാനിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അവയുടെ വളര്‍ച്ച പഴയ മട്ടിലാവും. സ്വന്തം നിലയില്‍ ആന്തരികമായ ഭാവനാശാലികളുടെ ടീമുകളെ വളര്‍ത്തിയെടുത്താവും ഒരോ കമ്പനികളും ഇവിടെ വളര്‍ച്ചയുടെ പടവുകള്‍ കീഴടക്കുക.