ഓണ്‍ലൈനിലൂടെ ഇന്‍ഷുറന്‍സ് വാങ്ങാം, പക്ഷെ ഈ 4 സേവനങ്ങള്‍ ചിലപ്പോള്‍ കിട്ടിയേക്കില്ല

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വാങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ ക്ലെയിം വരുന്ന സമയത്ത് നിങ്ങളെ കമ്പനിക്കാര്‍ കയ്യൊഴിയുന്ന വഴികള്‍ നേരത്തെ തിരിച്ചറിയാം, ഒഴിവാക്കാം.

Update: 2022-06-29 12:48 GMT

ജീവിതത്തില്‍ ഇന്‍ഷുറന്‍സ് (Insurance) എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മനസ്സിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് ജനങ്ങളെല്ലാം കടന്നു പോകുന്നത്. കോവിഡ് (Covid) വന്നപ്പോഴാണ് സ്വാഭാവിക മരണം കവര്‍ ചെയ്യുന്ന ടേം ഇന്‍ഷുറന്‍സിന്റെയും ആശുപത്രിവാസത്തിന് ലഭിക്കുന്നക്യാഷ്‌ലെസ് സൗകര്യങ്ങളുടെയുമൊക്കെ വില പലരും തിരിച്ചറിഞ്ഞത്. കോവിഡിന് ശേഷം മാത്രമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ 23 ശതമാനത്തിലധികം വര്‍ധനവുമുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് വാങ്ങുന്ന പ്രവണതയും കൂടിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനിലൂടെ പരസ്യം കണ്ട് ചാടിക്കയറി പോളിസി വാങ്ങും ചിലകാര്യങ്ങള്‍ അറിയണം. അതായത് പോളിസി വാങ്ങും മുമ്പ് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ (Insurance Companies) നിങ്ങളെ ചേര്‍ക്കുമ്പോള്‍ വ്യക്തമാക്കാത്ത ചില കാര്യങ്ങള്‍ തിരിച്ചറിയാം.

പ്രാദേശിക ഓഫീസ്
ഇത്തരം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രാദേശികമായി ഓഫീസുകളും ഏറ്റവുമടുത്തുള്ള നഗരത്തിലോ ടൗണ്‍ഷിപ്പിലോ കമ്പനി പ്രതിനിധികളും ചിലപ്പോള്‍ ഉണ്ടാകണമെന്നില്ല. ഇനി ഓണ്‍ലൈനിലൂടെയാണ് ഇന്‍ഷുറന്‍സ് വാങ്ങുന്നതെങ്കിലും നിങ്ങളുടെ പ്രദേശത്ത് ഓഫീസുള്ള കമ്പനികള്‍ തെരഞ്ഞെടുക്കുക. വിദേശത്തിരുന്നു മാതാപിതാക്കള്‍ക്കായും മറ്റും ഓണ്‍ലൈന്‍ പോളിസി വാങ്ങും മുമ്പ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലേക്ക് ആരെയെങ്കിലും പറഞ്ഞയച്ച് അവിടുത്തെ പ്രശ്‌നപരിഹാരം എങ്ങനെയെന്നറിയുന്നതും നല്ലതാണ്.
ക്ലെയിം സെറ്റില്‍മെന്റ്
ഇന്‍ഷുറന്‍സ് എപ്പോഴും പ്രശ്‌നമാകുന്നത് ഒരു ക്ലെയിം ഉണ്ടാകുമ്പോഴാണ്. അതുവരെ എസ്എംഎസും വാട്‌സാപ്പും ഇ-മെയിലും വഴി മാത്രം സന്ദേശങ്ങള്‍ അയച്ചിരുന്ന ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ നിങ്ങളുടെ ഫോണ്‍കോളിന് പ്രതികരിക്കുമോ എന്നത് ഭാഗ്യം പോലെ ഇരിക്കും പലപ്പോഴും. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാമെന്ന് കരുതിയാല്‍ അതില്‍ പ്രാദേശിക ഭാഷയുടെ ഓപ്ഷന്‍ പോലും പലപ്പോഴും കാണണമെന്നില്ല. പല കമ്പനിക്കാരെയും വിളിച്ചാല്‍ കിട്ടാത്ത സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ക്ലെയിം ഉണ്ടാകുന്ന സമയത്ത് അത് തീര്‍പ്പാക്കാന്‍ ആരുടെ സഹായം ലഭ്യമാകുമെന്നത് ഉറപ്പാക്കണം.
നിങ്ങളുടെ പ്രീമിയം പുതുക്കല്‍ പോലും സമയാസമയം അവര്‍ വിളിച്ച് ഓര്‍മിപ്പിക്കണമെന്നില്ല. ഐആര്‍ഡിഎഐ(Insurance Regulatory and Development Authority of India - IRDAI) ക്ക് പരാതി നല്‍കണമെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഒരു സംവിധാനത്തിന് കീഴില്‍ ശരിയായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം.
പ്രൊഫഷണല്‍ സര്‍വീസ്
ഒരു ഇന്‍ഷുറന്‍സ് കമ്പനിയും വ്യക്തിയും തമ്മിലുള്ള ഉടമ്പടിയാണ് ഇന്‍ഷുറന്‍സ് പോളിസി എഗ്രിമെന്റ്. എന്നാല്‍ ഓരോ ഉപഭോക്താവും അവരുടെ കസ്റ്റമര്‍ക്ക് ആവശ്യമുള്ള പോളിസി, പാക്കേജ് എന്നിവ തെരഞ്ഞെടുത്തു നല്‍കാന്‍ കഴിയുന്ന പ്രൊഫഷണല്‍ സേവനത്തിന്റെ അഭാവം ഓണ്‍ലൈന്‍ പോളിസികളില്‍ സംഭവിക്കാവുന്ന കാര്യമാണ്. പോളിസികള്‍ ക്രോസ് ചെക്ക് ചെയ്ത്, ഉപഭോക്താവിന്റെ ആവശ്യകത, സാമ്പത്തികനില എന്നിവയെല്ലാം പരിശോധിച്ച് ഉപഭോക്താവുമായി യഥാര്‍ത്ഥ ആശയവിനിമയം നടത്തുന്ന ഇന്‍ഷുറന്‍സ് എക്‌സ്‌പേര്‍ട്ടുകളാണ് നിങ്ങളെ സഹായിക്കാന്‍ വേണ്ടത്.
പോളിസി പോര്‍ട്ട് ചെയ്യലും മറ്റ് സേവനങ്ങളും
ഒരു പോളിസിയില്‍ നിന്നും അധിക ആനുകൂല്യങ്ങളോടെ മറ്റൊന്നിലേക്ക് പോര്‍ട്ട് ചെയ്യാനും പോളിസി സംബന്ധിച്ച സംശയങ്ങള്‍ എളുപ്പം മാറ്റാനും നിങ്ങള്‍ക്കൊരു ആള്‍ വേണം. പരാതികള്‍ക്ക് എളുപ്പത്തില്‍ കാണാനും നിങ്ങള്‍ക്ക് മികച്ച ഓഫറുകളും മറ്റും ലഭ്യമാക്കാനും ഒരു ഇന്‍ഷുറന്‍സ് പ്രൊഫഷണലിന്റെ സഹായം നിങ്ങള്‍ക്ക് ആവശ്യമായി വരും.

വിവരങ്ങള്‍ നല്‍കിയത്: വിശ്വനാഥന്‍ ഒടാട്ട്, തൃശൂര്‍ എയിംസ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്റ്ററും ഇന്‍ഷുറന്‍സ് എക്‌സ്‌പേര്‍ട്ടുമാണ്.

Tags:    

Similar News