ഈ ചെറു സാമ്പാദ്യ പദ്ധതികള്‍ക്ക് ഇനി ഉയര്‍ന്ന പലിശ, വിശദാംശങ്ങള്‍ അറിയാം

ജനുവരി-മാര്‍ച്ച് കാലയളവിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പ്രഖ്യാപിച്ചു

Update: 2023-12-30 07:29 GMT

ജനുവരി-മാര്‍ച്ച് മാസങ്ങളിലേക്കുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്നു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും സുകന്യ സമൃദ്ധി യോജനയുടേയും പലിശ നിരക്കുകള്‍ 0.20 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ പോസ്റ്റ് ഓഫീസ്-മൂന്ന് വര്‍ഷ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനവും സുകന്യ സമൃദ്ധി യോജനയ്ക്ക് 8.2 ശതമാനവും പലിശ ലഭിക്കും.

മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിരക്കില്‍ മാറ്റമില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ -ഡിസംബര്‍ കാലയളവിലും അഞ്ച് വര്‍ഷ റെക്കറിംഗ് നിക്ഷേപങ്ങളൊഴികെയുള്ളവയുടെ പലിശ നിരക്ക് മാറ്റം വരുത്താതെ നിലനിര്‍ത്തിയിരുന്നു.
മറ്റ് നിരക്കുകള്‍
സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായി തുടരും.പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 7.1 ശതമാനം പലിശയാണ് ലഭിക്കുന്നത്. 2020 ഏപ്രില്‍-ജൂണ്‍ കാലയളവിനു ശേഷം ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് 8.2 ശതമാനവും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 7.7 ശതമാനവുമാണ് പലിശ നിരക്ക്. കിസാന്‍ വികാസ് പത്രയിലെ നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് ഒരു വര്‍ഷ ടേം ഡിപ്പോസിറ്റിന് 6.9 ശതമാനം, പോസ്റ്റ് ഓഫീസ് 2 വര്‍ഷ ടേം ഡിപ്പോസിറ്റിന് 7 ശതമാനം, പോസ്റ്റ് ഓഫീസ് 5 വര്‍ഷ ടേം ഡിപ്പോസിറ്റിന് 7.5 ശതമാനം, അഞ്ച് വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപത്തിന് 6.7 ശതമാനം എന്നിങ്ങനെയാണ് പലിശ.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ തീരുമാനിക്കുന്നത് വിപണിയിലുള്ള സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ നിരക്കുകള്‍ക്ക് അനുസൃതമായാണ്. അതിനാല്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം ഉയരുന്നതിനനുസരിച്ച് പലിശ നിരക്കും ഉയരും.
Tags:    

Similar News