യു.പി.ഐയിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ?

ജനുവരി ഒന്നു മുതല്‍ പുതിയ ചില മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആര്‍.ബി.ഐയും എന്‍.പി.സി.ഐയും

Update:2024-01-04 19:23 IST

Image : Canva,RBI,NPCI

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യു.പി.ഐ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള പേയ്‌മെന്റ് മാര്‍ഗമാണ്. ഒറ്റ മൊബൈല്‍ ആപ്ലിക്കഷനില്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താമെന്നതാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച യു.പി.ഐയുടെ സവിശേഷത. 2016ല്‍ അവതരിപ്പിച്ച യു.പി.ഐയിൽ പിന്നീട് നിരവധി മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജനുവരി ഒന്നു മുതല്‍ പുതിയ ചില മാറ്റങ്ങള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആര്‍.ബി.ഐയും എന്‍.സി.പി.ഐയും. എന്തൊക്കെയെന്ന് നോക്കാം.

1. നിഷ്‌ക്രിയമായ ഐഡികള്‍: നിലവില്‍ ഉപയോഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികള്‍ കണ്ടെത്താന്‍ ബാങ്കുകള്‍ക്കും ഫോണ്‍ ഫേ, ഗൂഗ്ള്‍ പേ, പേയ്ടിഎം തുടങ്ങിയ ആപ്പുകള്‍ക്കും എന്‍.പി.സി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാതെ കിടക്കുന്ന ഐ.ഡികള്‍ നിര്‍ജീവമാക്കപ്പെടും. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നിങ്ങളുടെ അക്കൗണ്ട് അത്തരത്തില്‍ ഉപയോഗിക്കാതെയുണ്ടെങ്കില്‍ വേഗം ഒരു ഇടപാടെങ്കിലും നടത്തി അക്കൗണ്ട് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
2. നാല് മണിക്കൂര്‍ വിന്‍ഡോ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കാനായി ആര്‍.ബി.ഐ നാല് മണിക്കൂർ വിൻഡോ (4 അവര്‍ വിന്‍ഡോ) അവതരിപ്പിച്ചിട്ടുണ്ട്. 2000 രൂപയോ അതില്‍ കൂടുതലോ ആദ്യമായി ഏതെങ്കിലും അക്കൗണ്ടിലേക്ക് അയക്കേണ്ടി വന്നാല്‍ ഈ സൗകര്യം ലഭ്യമാകും. അതായത് ഈ വ്യക്തിയുമായി നിങ്ങള്‍ ഇതിന് മുമ്പ് ഇടപാടൊന്നും നടത്തിയിട്ടില്ലെങ്കില്‍ നാല് മണിക്കൂറിനുള്ളില്‍ പണം തിരിച്ചെടുക്കാനും ഇടപാടുകൾ തിരുത്താനും സാധിക്കുന്ന സംവിധാനമാണിത്.
3. അഞ്ച് ലക്ഷം വരെ: ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള പണമിടപാടുകള്‍ക്ക് സഹായകമാകുന്നതിനായി ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഇടപാട് പരിധി നിലവിലെ ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പലപ്പോഴും ആശുപത്രി പോലുള്ളിടങ്ങളില്‍ വലിയ തുക ആവശ്യമായി വരുമ്പോള്‍ എ.ടി.എമ്മുകളിലേക്കും മറ്റും ഓടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതു വഴി സാധിക്കും.
4. യു.പി.ഐ എ.ടി.എമ്മുകളും: പണം കൈമാറ്റം കൂടാതെ പണം പിന്‍വലിക്കല്‍ കൂടി എളുപ്പമാക്കാന്‍ ലക്ഷ്യമിട്ട് എന്‍.പി.സി.ഐ ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസുമായി സഹകരിച്ച് യു.പി.ഐ എ.ടി.എമ്മുകള്‍ സ്ഥാപിച്ചു വരികയാണ്. ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. ഇത്തരത്തിലുള്ള ആദ്യ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തിന്റെ എല്ലായിടത്തും അധികം വൈകാതെ യു.പി.ഐ എ.ടി.എമ്മുകള്‍ ഉടന്‍ അവതരിപ്പിക്കും.
5. ഓഹരി വിപണിയിലും: ഓഹരി വിപണിയിലെ വ്യാപാരത്തിനും യു.പി.ഐ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതാണ് മറ്റൊരു മാറ്റം. നിലവില്‍ ബീറ്റ ഘട്ടത്തിലുള്ള ഈ സൗകര്യം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നിശ്ചിത തുക ബ്ലോക്ക് ചെയ്ത് ഇടപാട് നടത്താനാകും. ക്ലിയറിംഗ് കോര്‍പറേഷന്‍ വഴി ടി+1 അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുക.
Tags:    

Similar News