ഓഹരി വിപണിയിലെ പുത്തന്‍ നിക്ഷേപകര്‍ക്ക് 5 പാഠങ്ങള്‍

യുവസമൂഹത്തിന് ഓഹരി നിക്ഷേപം ഹരമായി മാറുമ്പോള്‍ ശ്രദ്ധിക്കാന്‍ അഞ്ചു കാര്യങ്ങള്‍

Update: 2021-03-28 08:30 GMT

ലോകത്തിലെ വലിയ സമ്പദ് വ്യവസ്ഥകളെടുത്താല്‍ ഓഹരി നിക്ഷേപത്തിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ജനസംഖ്യയുടെ 2-3 ശതമാനം മാത്രമേ ഓഹരികളില്‍ നിക്ഷേപം നടത്തുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ആദ്യമായി നിക്ഷേപം നടത്തുന്നവരുടെ ഒഴുക്ക് തുടരുകയാണ്. പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങള്‍ അനാകര്‍ഷകമായത്, നിക്ഷേപത്തിന്റെ ആവശ്യകത കൂടുതല്‍ തിരിച്ചറിഞ്ഞത്, ചെലവുകള്‍ വന്‍തോതില്‍ കുറഞ്ഞതോടെ യുവസമൂഹത്തിന്റെ കൈയില്‍ നിക്ഷേപയോഗ്യമായ പണം വന്നുചേര്‍ന്നത്, ലോക്ക്ഡൗണില്‍ ഓഹരി വിപണി കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചത്, കൈയിലെ സ്മാര്‍ട്ട്‌ഫോണിലൂടെ ഓഹരി നിക്ഷേപം അനായാസം നടത്താന്‍ സഹായിക്കുന്ന ഡിസ്‌കൗണ്ട് ബ്രോക്കിംഗ് മൊബീല്‍ ആപ്പുകള്‍ കടന്നുവന്നത്, ലോക്ക്ഡൗണിന്റെ ആരംഭത്തില്‍ തകര്‍ന്നടിഞ്ഞ ഓഹരി വിപണിയുടെ അത്ഭുതകരമായ തിരിച്ചുവരവും നേട്ടകഥകളും തുടങ്ങി നിരവധി ഘടകങ്ങള്‍ ഓഹരി വിപണിയിലേക്ക് പുതു നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ കണക്കുകള്‍ പ്രകാരം 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെ രാജ്യത്ത് പുതുതായി ഓപ്പണ്‍ ചെയ്തിരിക്കുന്ന ഡിമാറ്റ് എക്കൗണ്ടുകളുടെ എണ്ണം 1.07 കോടിയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പുതുതായി ഓപ്പണ്‍ ചെയ്തത് 47 ലക്ഷം ഡിമാറ്റ്  എക്കൗണ്ടുകളായിരുന്നുവെന്നോര്‍ക്കണം! റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തത്തിലുണ്ടായ കുതിച്ചുചാട്ടം വിപണിയിലേക്കുള്ള പ്രതിദിന പണമൊഴുക്കിനെയും സ്വാധീനിച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ സെന്‍സെക്‌സ് 73 ശതമാനം കുതിച്ചുമുന്നേറിയതിന്റെ ഗുണം പുതുനിക്ഷേപകര്‍ക്കും ലഭിച്ചിട്ടുണ്ട്. പക്ഷേ, പുതുനിക്ഷേപകര്‍ മതിയായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഓഹരി വിപണി പൊള്ളുന്ന അനുഭവമാകും. ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍ ഇതാ.
1. ടിപ്‌സുകളെ കണ്ണടച്ച് വിശ്വസിക്കരുത്: ഓഹരി വിപണിയില്‍ ആവേശം അലയടിക്കുമ്പോള്‍ ഓഹരി നിക്ഷേപത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തവര്‍ പോലും വിദഗ്ധ നിര്‍ദേശങ്ങള്‍ പടച്ചുവിടും. ഇക്കാലത്ത് ഇത് കൂടുതലുമാണ്. ഇത്തരക്കാരുടെ മാര്‍ഗനിര്‍ദേശങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ പാടില്ല. അടുത്തിടെ ദേശീയതലത്തിലെ ഒരു പ്രമുഖ ചാനലിലെ ഓഹരി അധിഷ്ഠിത പരിപാടിയും അവതാരകന് എതിരെ പോലും സെബി നടപടി സ്വീകരിച്ചിരുന്നു. വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഓഹരി നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. ഓഹരി നിക്ഷേപത്തിന്റെ കാര്യത്തില്‍ ശരിയായ തീരുമാനം തനിച്ചെടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഈ രംഗത്തെ വിദഗ്ധരെ സമീപിച്ച് മാര്‍ഗനിര്‍ദേശം തേടുക. സെബി അംഗീകൃത നിക്ഷേപ വിദഗ്ധര്‍ സൗജന്യമായി തന്നെ ഇത്തരം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സൗജന്യമായി ക്ലാസ് എടുക്കുന്നുണ്ട്. അത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അറിവ് നേടി നിക്ഷേപം നടത്തുക.
2. രേഖകള്‍ സൂക്ഷിക്കുക: നിങ്ങള്‍ വാങ്ങുന്ന/ വില്‍ക്കുന്ന ഓഹരികളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഒരു എക്‌സല്‍ ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ഓഹരി വാങ്ങിയ തീയതി, വില, വില്‍ക്കുകയാണെങ്കില്‍ എന്ന്, എത്ര രൂപയ്ക്ക്, ലാഭമോ നഷ്ടമോ അങ്ങനെ എല്ലാം രേഖപ്പെടുത്തി വെയ്ക്കണം. നിങ്ങളുടെ നിക്ഷേപം കൃത്യമായി വിശകലനം ചെയ്യാനും നികുതി സംബന്ധമായ കാര്യങ്ങള്‍ക്കും സാമ്പത്തിക അച്ചടക്കം വരുന്നതിനും ഇത് അനിവാര്യമാണ്.
3. തുടക്കം ചെറിയ തുകയില്‍ മതി: ഓഹരിയില്‍ നിക്ഷേപിക്കാന്‍ പറ്റുന്ന വിധം വലിയൊരു തുക കൈയിലുണ്ടെങ്കില്‍ പോലും നവ നിക്ഷേപകര്‍ ആദ്യം ചെറിയ തുകകളായി നിക്ഷേപം നടത്തുന്നതാണ് ഉചിതം. നിക്ഷേപം നടത്തി തുടങ്ങുന്നതോടെ ഗൗരവത്തോടെ വിപണിയെ നോക്കാന്‍ തുടങ്ങും. കാര്യങ്ങള്‍ അറിയാന്‍ തുടങ്ങും. പിന്നീട് പതുക്കെ നിക്ഷേപ തുക ഉയര്‍ത്താം. അതുപോലെ തന്നെ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്ന കടങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ തീര്‍ക്കുന്നതിന്, ഓഹരി നിക്ഷേപം നടത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കണം. ചില ഓഹരികള്‍ 76 ശതമാനം നേട്ടമുണ്ടാക്കി, 100 ശതമാനം നേട്ടമുണ്ടാക്കി എന്നൊക്കെയുള്ള വാര്‍ത്തകേട്ട് കടം വീട്ടാനുള്ള പണമെടുത്ത് ഓഹരി നിക്ഷേപിച്ചാല്‍ അത് ബുദ്ധിമോശമാകും.
4. നിങ്ങളില്‍ തന്നെ നിക്ഷേപിക്കുക: അറിവിനായി നടത്തുന്ന നിക്ഷേപമാണ് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നതെന്ന് പറഞ്ഞിട്ടുണ്ട് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍. ബിസിനസ്, നിക്ഷേപ വാര്‍ത്തകള്‍ വരുന്ന പത്രങ്ങളും മാധ്യമങ്ങളും വായിക്കുക. കമ്പനികാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ കാണുക. നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിശ്വാസ്യതയുള്ള യൂട്യൂബ് ചാനലുകള്‍ കാണുക എന്നിവയിലൂടെയെല്ലാം അറിവ് വര്‍ധിപ്പിക്കാന്‍ പറ്റും. അതുപോലെ നിക്ഷേപഗുരുക്കളുടെ വിദഗ്ധ ഉപദേശങ്ങള്‍ പിന്തുടരുക. അവരുടെ ബുക്കുകള്‍ വായിക്കുക.
5. ക്ഷമ വേണം: സമ്പത്ത് ആര്‍ജ്ജിക്കുന്നതിന് അതിന്റേതായ സമയം വേണം. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആരും ധനികരായിട്ടില്ല. ഓഹരി വാങ്ങുകയെന്നാല്‍ ഒരു ബിസിനസിന്റെ പങ്കാളിയാകുക എന്നതാണ്. അതൊരു ചൂതാട്ടമോ ഭാഗ്യാന്വേഷണമോ അല്ല. എപ്പോള്‍ നിക്ഷേപിച്ചുവെന്നതല്ല എത്രകാലം നിക്ഷേപം തുടര്‍ന്നു എന്നതാണ് നേട്ടം സമ്മാനിക്കുന്ന ഒരു ഘടകം.


Tags:    

Similar News